മല്ലപ്പള്ളി: മുണ്ടിയപ്പള്ളി സജിവിലാസത്തില്‍ സി.കെ.ലതാകുമാരിയും കുന്നന്താനം ചെങ്ങരൂര്‍ച്ചിറ മുല്ലക്കല്‍ അഡ്വ. വിബിത ബാബുവും ആഞ്ഞിലിത്താനം പണ്ടാത്തില്‍ അഡ്വ. എലിസബത്ത് കോശിയും ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുമ്പോള്‍ മല്ലപ്പള്ളിക്കാര്‍ ഇതുവരെയില്ലാത്ത ആശയക്കുഴപ്പത്തിലാണ്.

അയല്‍വാസികളായ ഇവരില്‍ ആരെ തിരഞ്ഞെടുക്കുമെന്ന പ്രതിസന്ധിയാണ് ഈ ഡിവിഷനിലെ ഓരോ വോട്ടര്‍മാരെയും അലട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നു മല്ലപ്പള്ളിയുടെ മനസ്സ്. 2005-ല്‍ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം ഫിലിപ്പ് കോശി ജയിച്ചു.

2010-ല്‍ സി.പി.എം. പ്രതിനിധിയായി ശാന്തി പി.നായര്‍ ജയിച്ചുകയറുമ്പോള്‍ 481 വോട്ടായിരുന്നു ഭൂരിപക്ഷം. അന്ന് അസാധുവായത് 916 വോട്ടായിരുന്നു. 2015-ല്‍ സി.പി.എം. സ്ഥാനാര്‍ഥി എസ്.വി.സുബിന്‍ വിജയിച്ചപ്പോള്‍ ഭൂരിപക്ഷം 291 ആയി കുറഞ്ഞു. അതായത് ഡിവിഷന്‍ എങ്ങോട്ടും ചായാമെന്ന അവസ്ഥ.

2005 മുതല്‍ അഞ്ച് വര്‍ഷം കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ സി.കെ.ലതാകുമാരിയെയാണ് മല്ലപ്പള്ളി മണ്ഡലം കാക്കാന്‍ എല്‍.ഡി.എഫ്. കളത്തിലിറക്കിയിരിക്കുന്നത്. 2015-ല്‍ കോട്ടൂര്‍ ഡിവിഷനെ പ്രതിനിധീകരിച്ച് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയില്‍ അംഗവുമായിരുന്നു ഇവര്‍. അങ്കണവാടി അധ്യാപികയെങ്കിലും കര്‍ഷകയെന്ന് സ്വയം പരിചയപ്പെടുത്താന്‍ മടിയില്ല ലതാകുമാരിക്ക്. അങ്കണവാടി ഹെല്‍പ്പേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സി. ഐ.റ്റി.യു. മുന്‍ സംസ്ഥാന കമ്മിറ്റിയംഗം, സി.പി.എം. കവിയൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.

തലനാരിഴയ്ക്ക് എന്നും വിജയം നഷ്ടമാകുന്ന മല്ലപ്പള്ളി നേടിയെടുക്കാന്‍ അഭിഭാഷകയായ വിബിത ബാബുവിനെയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ യു.ഡി.എഫ്. ചുമതലപ്പെടുത്തിയിരിക്കുന്നത്.

mallappaly electionസ്ഥാനാര്‍ഥിയായതുമുതല്‍ സമൂഹമാധ്യമങ്ങളിലൂടെ മലയാളികളുള്ളയിടത്തെല്ലാം എത്തി വൈറലായ ചരിത്രമാണ് ഇവര്‍ക്കുള്ളത്. പതിനഞ്ച് വര്‍ഷം മുന്‍പ് ഇതേ സീറ്റില്‍ വിജയിച്ച സി.പി.എം.അംഗം അഡ്വ. ഫിലിപ്പ് കോശിയുടെ ഓഫീസില്‍ ജൂനിയറായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഇപ്പോള്‍ തിരുവല്ല ബാര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറികൂടിയാണ്. വിബിതയുടെ വല്യപ്പച്ചന്‍ തെക്കേപ്പറമ്പില്‍ ടി.വി.ചാക്കോ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കുന്നന്താനം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുമുണ്ട്.

2010-ലെ തിരഞ്ഞെടുപ്പില്‍ ഇതേ ഡിവിഷനില്‍ മത്സരിച്ച പരിചയവുമായാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി അഡ്വ. എലിസബത്ത് കോശിയുടെ വരവ്. രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം, എം.എസ്.ഡബ്ല്യു., പാരാ സൈക്കോളജിയില്‍ ഡോക്ടറേറ്റ്, എല്‍.എല്‍.എം. തുടങ്ങി വിദ്യാഭ്യാസ മികവുകളുടെ നീണ്ട പട്ടികയാണ് ഹൈക്കോടതിയിലെ ഈ അഭിഭാഷകയ്ക്കുള്ളത്. കവിയൂര്‍, കുന്നന്താനം ഗ്രാമപ്പഞ്ചായത്തുകള്‍ പൂര്‍ണമായും മല്ലപ്പള്ളി ജില്ലാപഞ്ചായത്ത് ഡിവിഷനിലാണ് . മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ മൂന്നുമുതല്‍ അഞ്ചുവരെയും 10 മുതല്‍ 14 വരെയും ഉള്ള വാര്‍ഡുകളും കല്ലൂപ്പാറ പഞ്ചായത്തിലെ 14-ന് പുറമെ ഒന്നുമുതല്‍ ആറുവരെ വാര്‍ഡുകളും കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മൂന്നുമുതല്‍ 12 വരെ വാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു.