പത്തനംതിട്ട: സമരചരിത്രങ്ങളുണരുന്ന മണ്ണായ ഇലന്തൂരില്‍ ഇക്കുറി പോരാട്ടം പൊടിപാറും. ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല മുന്നണികള്‍. നാടിന് ചിരപരിചിതരായ വ്യക്തിത്വങ്ങളാണ് ജനവിധി തേടുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് ഇതേ ഡിവിഷനില്‍നിന്ന് മുന്പ് രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ട ഓമല്ലൂര്‍ ശങ്കരനെയാണ് എല്‍.ഡി.എഫ്. രംഗത്തിറക്കിയിട്ടുളളത്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗമായ ഇദ്ദേഹം ഓമല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. എം.ബി. സത്യനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റായ സത്യന്‍ ഇലന്തൂര്‍ ഗ്രാമപ്പഞ്ചായത്തിലും നേരത്തെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റായ എം.എസ്.അനില്‍ കുമാറാണ് എന്‍.ഡി.എ.യ്ക്കായി കളത്തിലിറങ്ങുന്നത്. നാരങ്ങാനം ക്ഷേത്ര പ്രവേശന സ്മാരക ഹൈന്ദവസംഘടനാ പ്രസിഡന്റുമാണ് ഇദ്ദേഹം.

ആകെ 56 വാര്‍ഡുകള്‍. 57,000 വോട്ടര്‍മാര്‍. ചെന്നീര്‍ക്കര, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണമായും ഈ ഡിവിഷനിലാണ്. ഓമല്ലൂര്‍ പഞ്ചായത്തിലെ ഏഴ്, നാരങ്ങാനം പഞ്ചായത്തിലെ ആറ്, ചെറുകോല്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് എന്നിവ ഉള്‍പ്പെടുന്നു. കഴിഞ്ഞതവണ വനിതാ സംവരണമായിരുന്ന ഇലന്തൂരില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ യു.ഡി.എഫിനാണ് വിജയം നേടാനായത്. ഇലന്തൂര്‍ തിരിച്ച് പിടിക്കാനാണ് ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ എല്‍.ഡി.എഫ്. ഇക്കുറി അങ്കത്തട്ടിലിറിക്കിയതിന് പിന്നില്‍. 2000-ത്തിലും 2005-ലുമാണ് ഓമല്ലൂര്‍ ശങ്കരന്‍ ഇലന്തൂരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായി പന്ത്രണ്ടുവര്‍ഷം ഓമല്ലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹം അഖിലേന്ത്യാ കിസാന്‍സഭ ദേശീയസമിതിയംഗവും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമാണ്.

elanthurപൊതുപ്രവര്‍ത്തന രംഗത്തെ നിറഞ്ഞ സാന്നിധ്യമായ എം.ബി.സത്യനില്‍ തികഞ്ഞ വിജയപ്രതീക്ഷയാണ് ഐക്യമുന്നണിക്കുള്ളത്. പഞ്ചായത്ത്തലത്തിലെ പ്രവര്‍ത്തന പരിചയവും മുതല്‍ക്കൂട്ടാകുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു. മില്‍മ ഡയറക്ടര്‍, ഇലന്തൂര്‍ സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍, വാര്യാപുരം ക്ഷീരസഹകരണസംഘം പ്രസിഡന്റ് എന്നീ പദവികളും എം.ബി.സത്യന്‍ വഹിച്ചിരുന്നു. റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റാണ്.

എട്ടു വര്‍ഷം എസ്.എന്‍.ഡി.പി. യോഗം കോഴഞ്ചേരി യൂണിയന്‍ കൗണ്‍സിലറായിരുന്നു എന്‍.ഡി.എ. സ്ഥാനാര്‍ഥി എം.എസ്.അനില്‍ കുമാര്‍. സൗഹൃദങ്ങളും പൊതുപ്രവര്‍ത്തനരംഗത്തെ പരിചയസന്പത്തും വോട്ടായി മാറുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു. മുന്പ് ഗ്രാമപ്പഞ്ചായത്തിലും ബ്ലോക്കിലും മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വോട്ടുവര്‍ധനയും ബി.ഡി.ജെ.എസിന്റെ സാന്നിധ്യവും ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് എന്‍.ഡി.എ.