പത്തനംതിട്ട: പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ പത്തനംതിട്ടയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് മിന്നുംജയം. ജില്ലാ പഞ്ചായത്തില്‍ മലയാലപ്പുഴ ഡിവിഷനില്‍നിന്ന് മത്സരിച്ച ജിജോ മോഡിയാണ് യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ചെങ്കൊടി നാട്ടിയത്. 15199 വോട്ടുകള്‍ നേടിയ ജിജോ മോഡി 2073 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കന്നിമത്സരത്തില്‍ തന്നെ ജയിച്ചുകയറിയത്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ സാമുവല്‍ കിഴക്കുപുറം 13126 വോട്ടുകള്‍ നേടി.
ജിജോ മോഡി എന്നതാണ് മുഴുവന്‍ പേരെങ്കിലും അടുപ്പമുള്ളവരും കൂട്ടുകാരും മോഡി എന്നാണ് ഈ യുവനേതാവിനെ വിളിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പാര്‍ട്ടി യോഗങ്ങളില്‍ നേതാക്കള്‍ ആഞ്ഞടിക്കുമ്പോള്‍ ആ മോദിയല്ല, നമ്മുടെ മോഡി എന്ന് പറയേണ്ടിവരുന്നതും സാധാരണം.
മോഡിയില്‍ എന്ന കുടുംബപേരാണ് പിതാവ് ജോര്‍ജ് മോഡിയില്‍ പരിഷ്‌കരിച്ച് മോഡി എന്നാക്കിയത്. നരേന്ദ്രമോദിയുടെ പേര് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയപ്പോള്‍ പത്തനംതിട്ടയിലെ മോഡിയും നാട്ടുകാര്‍ക്ക് കൗതുകമായിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ പോയപ്പോള്‍ പ്രധാനമന്ത്രിയുടെ ആളാണല്ലേ എന്ന ചോദ്യത്തിന് അല്ല മുഖ്യമന്ത്രിയുടെ ആളാണെന്നായിരുന്നു ജിജോയുടെ ഉത്തരം. പാര്‍ട്ടി യോഗങ്ങളില്‍ മോദിക്കെതിരേ വിമര്‍ശനമുന്നയിക്കുന്ന നേതാക്കള്‍ എല്ലാം പറഞ്ഞ് അവസാനം പറയുന്ന മറ്റൊരു വാക്കുണ്ട്. ഈ പറഞ്ഞതൊന്നും നമ്മുടെ മോഡിയെക്കുറിച്ചല്ലട്ടോ എന്നാണ് ആ ഓര്‍മ്മപ്പെടുത്തല്‍. എന്തായാലും പേരിലെ വ്യത്യസ്ത കൊണ്ട് ഒരിക്കല്‍ പരിചയപ്പെട്ടവരാരും ജിജോയെ മറന്നില്ല.
കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബത്തില്‍നിന്നാണ് ജിജോ മോഡി ചെങ്കൊടിയുടെ രാഷ്ട്രീയത്തിലെത്തിയത്. 15-ാം വയസ്സില്‍ എസ്.എഫ്.ഐ.യിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. ബി.കോം വിദ്യാര്‍ഥിയായിരിക്കെ കോന്നി വി.എന്‍.എസ്. കോളേജില്‍ യൂണിയന്‍ ചെയര്‍മാനായി. എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റായും ഡി.വൈ.എഫ്.ഐ. മേഖല പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനായി അഞ്ച് വര്‍ഷത്തോളം ജോലിചെയ്തു. ഒടുവില്‍ മാധ്യമപ്രവര്‍ത്തനത്തോട് വിട പറഞ്ഞ് മുഴുവന്‍ സമയ സംഘടന പ്രവര്‍ത്തനത്തിലേക്കിറങ്ങി. നിലവില്‍ സി.പി.എം. കോന്നി താഴം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കോന്നി മാര്‍ക്കറ്റിങ് ഫിനാന്‍ഷ്യല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
പ്രധാനമന്ത്രി മോദിയോട് ആശയപരമായി വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേരിനോട് ബഹുമാനം മാത്രമേയുള്ളൂ എന്നായിരുന്നു ജിജോ മോഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ആ പേര് കൊണ്ടാണ് താനും ശ്രദ്ധിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും പിതാവ് ചാര്‍ത്തി നല്‍കിയ മോഡി എന്ന പേര് തന്റെ മക്കള്‍ക്കും നല്‍കിയിട്ടുണ്ട് ജിജോ. സൈനിക മോഡി, നൈനിക മോഡി എന്നിങ്ങനെയാണ് ജിജോയുടെ മക്കളുടെ പേരുകള്‍. ഭാര്യ മോനിഷ.
Content Highlights: jijo modi wins in malayalapuzha division