പന്തളം: പേരുകേള്‍ക്കുമ്പോള്‍ ജപ്പാനില്‍നിന്നു വന്ന ആളെന്നോ, ജപ്പാനില്‍ പോയ ആളെന്നോ ഒക്കെ ധരിക്കാം. എന്നാല്‍ പന്തളം പഞ്ചായത്തിന്റെ പ്രഥമ പൗരനായി ജനങ്ങള്‍ തിരഞ്ഞെടുത്ത ജപ്പാന്‍ തിരുമേനിയെന്ന ആര്‍.രാമവര്‍മ്മരാജ ജപ്പാനില്‍ പോയിട്ടില്ല. ഒളിവിലെ ജീവിതത്തിനിടയില്‍ പോലീസിന്റെ കൈയില്‍ പെടാതിരിക്കാനുള്ള പാര്‍ട്ടിക്കാരുടെ കോഡ് ഭാഷയായിരുന്നു ജപ്പാനെന്ന വിളിപ്പേര്. പിന്നീടത് നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിലെ വിളിപ്പേരായി മാറി. ബന്ധുക്കള്‍ക്കിടയില്‍ ഇപ്പോഴും ജപ്പാന്‍ ചേട്ടനെന്നും ജപ്പാന്‍ അമ്മാവനെന്നുമുള്ള പേര് പ്രസിദ്ധം. മുന്‍പിന്‍ നോക്കാതെയുള്ള എടുത്തുചാട്ടം സ്വഭാവമായതിനാലാണ് ഇങ്ങനെയൊരു പേര് ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധുവായ പി.ആര്‍.രാജരാജ വര്‍മ്മ എഴുതിയ പുസ്തകത്തില്‍ പറയുന്നു.

പന്തളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി 1953-ല്‍ സ്ഥാനമേറ്റ് വളരെക്കാലം തുടര്‍ന്നശേഷം സ്വയം പിന്മാറിയ രാമവര്‍മ്മ പൊതു പ്രവര്‍ത്തനത്തിലേക്കെത്തിയത് കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിട്ടാണ്. പന്തളം കൊട്ടാരത്തില്‍ പിറന്ന് പഠനശേഷം ബ്രിട്ടീഷ് ഭരണകാലത്ത് വ്യോമസേനയില്‍ സൈനികനായി. ബര്‍മ്മയിലും അഫ്ഗാനിസ്ഥാനിലും നടന്ന യുദ്ധങ്ങളില്‍ പോരാടി 1944-ല്‍ ഇന്ത്യാക്കാരെ പിരിച്ചുവിടുന്നതുവരെ ജോലിനോക്കി. നാട്ടിലെത്തിയപ്പോള്‍ കൃഷിയിലേക്കും പൊതു പ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞയാളാണ് പൂഴിക്കാട് ഹരിഹരജവിലാസത്തില്‍ ആര്‍.രാമവര്‍മ്മരാജയെന്ന ജപ്പാന്‍ തിരുമേനി.

കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്ന കാലത്താണ് പന്തളം കൊട്ടാരം പാര്‍ട്ടിക്കാരുടെ ഒളിത്താവളവും പാര്‍ട്ടി ഓഫീസുമായി പ്രവര്‍ത്തിച്ചത്. അന്നത്തെ തലമുറയില്‍ ഇവിടെയുള്ള പല യുവാക്കളും പാര്‍ട്ടിയിലേക്ക് ആകൃഷ്ടരായി കടന്നുവന്നു. ഇ.എം.എസ്, പി.ടി.പുന്നൂസ്, സി.എസ്.ഗോപാലപിള്ള, സി.അച്യുതമേനോന്‍, എം.എന്‍.ഗോവിന്ദന്‍ നായര്‍ തുടങ്ങിയ നേതാക്കളെല്ലാം ജപ്പാന്‍ തിരുമേനിയുടെ വീട്ടിലെ നിലവറയില്‍ ഒളിവില്‍ കഴിഞ്ഞവരാണ്. തോപ്പില്‍ ഭാസിയും ഭാര്യ അമ്മിണിയും വിവാഹശേഷം ദീര്‍ഘകാലം ഒളിവില്‍ താമസിച്ചിരുന്നതും ഇതേ വീടിന്റെ അകത്തളങ്ങളിലായിരുന്നു. കൊട്ടാരത്തിലെ ബന്ധുവെന്ന് അമ്മിണിയെ പോലീസിന് പരിചയപ്പെടുത്തിയാണ് രക്ഷിച്ചത്. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മയിലും കൊട്ടാരത്തിലെ ഒളിത്താവളങ്ങളുടെ സൂചനയുണ്ട്. വീട് പോലീസ് വളഞ്ഞപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രാമവര്‍മ്മയെ പോലീസ് പാടശേഖരത്തില്‍ വെച്ച് അറസ്റ്റുചെയ്യുകയായിരുന്നു.

പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ത്തന്നെ അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായി.

പിന്നീട് രാഷ്ടീയ പ്രവര്‍ത്തനത്തില്‍നിന്ന് പിന്‍വാങ്ങി സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ രാമവര്‍മ്മരാജ 72-ാം വയസ്സില്‍ അന്തരിച്ചു. രാമവര്‍മ്മരാജയുടെ അനന്തരവള്‍ ചന്ദ്രിക തമ്പുരാട്ടിയും ഭര്‍ത്താവ് ചന്ദ്രന്‍ ഉണ്ണിത്താനുമാണ് ഇപ്പോള്‍ ഈ വീട്ടില്‍ താമസം.