തിരുവല്ല: പൊടിയാടി മംഗളോദയം സ്കൂളിൽ വോട്ടുചെയ്യാനെത്തിയവർ കണ്ടത് തീപിടിച്ച മുണ്ടുമായി ഓടുന്ന ഓട്ടോ ഡ്രൈവറെ. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

പോളിങ് ഉദ്യോഗസ്ഥർക്ക് ഭക്ഷണവുമായി വന്ന ഓട്ടോയിലെ ഡ്രൈവർ ബൂത്തുവളപ്പിൽ കാത്തിരിപ്പിനിടെ ഒരു സിഗററ്റിന് തിരികൊളുത്തി. ഇതിനിടെ പോലീസ് പട്രോളിങ് വാഹനം കണ്ട് കത്തിച്ച സിഗററ്റ് മുണ്ടിനിടയിലേക്ക് ഒളിപ്പിച്ചു. അല്പസമയത്തിനകം മുണ്ടിലാകെ തീ പടർന്നു. മുണ്ടുരിഞ്ഞ് അടിവസ്ത്രംമാത്രം ധരിച്ച് യുവാവ് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിലെ നർമ്മം ആസ്വദിച്ച് വോട്ടർമാരും.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പുകവലി ആരോഗ്യത്തിന് ഹാനികരം)