റാന്നി: 'ദേശീയ ഹോക്കി മത്സരങ്ങളില്‍ കേരളത്തിനുവേണ്ടി പഞ്ചാബിനെയോ കര്‍ണാടകത്തെയോ നേരിടുമ്പോള്‍പോലും ഇത്ര ടെന്‍ഷനില്ലായിരുന്നു. അതിനേക്കാള്‍ വീറും വാശിയുമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അനുഭവപ്പെടുന്നത്.'- വെച്ചൂച്ചിറ മണ്ണടിശ്ശാല വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും ദേശീയ വനിതാ ഹോക്കി മുന്‍ ടീമംഗവുമായ സുഷി ബിജു പറയുന്നു.

ഹോക്കി സ്റ്റിക്കിനുപകരം ധാന്യക്കതിരും അരിവാളുമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുകയാണീ കൂത്തുപറമ്പുകാരി.

കണ്ണൂര്‍, കൂത്തുപറമ്പ്, നെടുമ്പള്ളില്‍ ആയിക്കരമമ്പറം കുടുംബാംഗമാണ്. സ്‌കൂള്‍, കോളേജ് തലത്തില്‍ പലതവണ കേരള വനിതാ ഹോക്കി ടീമിനുവേണ്ടി കളിച്ചു. സായി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അത്ലറ്റിക് ഇനങ്ങളില്‍ മത്സരിച്ചിരുന്ന സുഷി ഹൈസ്‌കൂളിലെത്തിയപ്പോഴാണ് ഹോക്കിയിലേക്ക് തിരിയുന്നത്. ഹൈസ്‌കൂള്‍ തലത്തില്‍വെച്ചുതന്നെ കേരള ടീമില്‍ അംഗമായി. ചാറ്റാരിപറമ്പില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠിക്കുമ്പോഴും പിന്നീട് തൃശ്ശൂര്‍ വിമല കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴും കേരള വനിതാ ടീമില്‍ തുടര്‍ന്നു. വെച്ചൂച്ചിറ തുണ്ടിയില്‍ ബിജുവിന്റെ ഭാര്യയാണ് സുഷി. രണ്ട് മക്കളുണ്ട്. മിന്‍സും ജൂന്‍സും.

ഹോക്കിയില്‍ ടീമിനൊപ്പമായിരുന്നു എതിരാളികളെ നേരിടേണ്ടതെങ്കില്‍ ഇവിടെ ഒറ്റയ്ക്ക് മൂന്നുപേരെയാണ് സുഷിക്ക് നേരിടേണ്ടത്. എസ്.രമാദേവി(കോണ്‍.),s ജമിനി(എന്‍.ഡി.എ.സ്വത.), കുഞ്ഞുമോള്‍ ഏബ്രഹാം എന്നിവരാണ് വാര്‍ഡില്‍ മത്സരിക്കുന്ന മറ്റ് സ്ഥാനാര്‍ഥികള്‍.