കലഞ്ഞൂര്‍: എരിപൊരിവെയില്‍ കൊള്ളുന്നതിനോ ആളെ കൂട്ടിയും ആരവം കാട്ടിയും പ്രചാരണം നടത്തുന്നതിനോ ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കഴിയില്ല.

കോവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങള്‍തന്നെയാണ് താരവും. സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നതിന് പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഓരോ രാഷ്ട്രീയപാര്‍ട്ടികളും നടത്തുന്നത്. ബൂത്ത് തലം മുതല്‍തന്നെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം ടീമിനെ തന്നെ നിയോഗിച്ചിട്ടുമുണ്ട്.

ടീമിന്റെ പ്രവര്‍ത്തനം ഇങ്ങനെ...

സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തുക എന്നതാണ് ആദ്യ കടമ്പ. അതിനായി രസകരമായ വാചകങ്ങളുടെ അകമ്പടിയോടെ സ്ഥാനാര്‍ത്ഥി തിളങ്ങിനില്‍ക്കുന്ന ചിത്രങ്ങളാണ് ടീം ആദ്യം പുറത്തുവിടുന്നത്. അതില്‍തന്നെ എതിര്‍സ്ഥാനാര്‍ത്ഥി ഉപയോഗിച്ചിട്ടുള്ള വാചകങ്ങളെ പ്രതിരോധിച്ചിട്ടാകണം എന്നത് നിര്‍ബന്ധവുമാണ്. മുന്‍കാലങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ ചെറിയ ചിത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. പോസ്റ്ററുകള്‍ ആളുകളെ ആകര്‍ഷിക്കുന്നതരത്തിലാക്കുന്നതിനായി പ്രത്യേക സെറ്റിട്ട് തന്നെ ചിത്രങ്ങള്‍ എടുക്കുകയാണ് ഇപ്പോള്‍.

വാക്കുകളുടെ തിളക്കം കാലം മാറിയെങ്കിലും തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. വികസന തുടര്‍ച്ചയ്ക്ക്... നാടിന്റെ വികസനത്തിന് യുവത്വത്തിന്റെ കൈയൊപ്പ്... അഴിമതിരഹിത ഭരണത്തിനായി ഒരു വോട്ട്... അര്‍ഹതയ്ക്കുള്ള അംഗീകാരമാകട്ടെ നിങ്ങളുടെ വിലയേറിയ വോട്ട്... നാടിന്റെ നന്മയ്ക്കും തുല്യനീതിക്കും ഒരു വോട്ട്... വിവേചനമില്ലാത്ത വികസനത്തിന്, അനിവാര്യമായ മാറ്റത്തിന് ആത്മാര്‍ത്ഥമായ ഒരു വോട്ട്... തുടങ്ങിയ സ്ഥിരം വാചകങ്ങളാണ് പോസ്റ്ററുകളില്‍ ഇപ്പോഴും നിറയുന്നത്.

വാര്‍റൂം വാര്‍റൂമാണ് ഓരോ പാര്‍ട്ടിയുടെയും സാമൂഹികമാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. പാര്‍ട്ടിയുടെതന്നെ ശക്തരായ ആളുകളെതന്നെ ഉപയോഗിച്ചാണ് വാര്‍റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ നവമാധ്യമകൂട്ടായ്മകളിലേക്കും പാര്‍ട്ടിയുടെ പേജുകളിലേക്കുമാണ് കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ ഇടവിട്ട് പേജിലും ഗ്രൂപ്പുകളിലും അപ്ഡേഷനുകള്‍ നടത്തുന്നതിനായിട്ടാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്.

സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന യുവാക്കളെതന്നെ ഇതിന്റെ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുകയുമാണ്. പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയുള്ള പ്രചാരണത്തിനും വലിയ പ്രാധാന്യം നല്‍കിയിട്ടുമുണ്ട്. ഒപ്പം രസകരമായ ട്രോളുകള്‍ നവമാധ്യമങ്ങളില്‍ നിറയ്ക്കുന്നതും വാര്‍റൂമിന്റെ നിയന്ത്രണത്തിലാണ്.

വീഡിയോ പ്രചാരണം പ്രചാരണത്തിനായി മൊബൈല്‍ ഫോണുകളിലേക്ക് ചെറു വീഡിയോകള്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ എല്ലാവരും.

പ്രാദേശിക ആവശ്യങ്ങള്‍, നടപ്പാക്കിയ വികസനം, അവഗണിക്കപ്പെട്ടുകിടക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് രണ്ടോ മൂന്നോ മിനുറ്റുകള്‍ നീളുന്ന വീഡിയോയില്‍ ചിത്രീകരിക്കുക. ഒപ്പം സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തുന്നതിനും ഇത് ഉപയോഗിക്കപ്പെടുന്നു.