കോന്നി: ഈ അച്ചടിശാലയില്‍ മുന്നണി വ്യത്യാസമോ പാര്‍ട്ടി ഭേദമോ ഇല്ല. കോണ്‍ഗ്രസും ബി.ജെ.പി.യും സി.പി.എമ്മുംതുടങ്ങി ഏതുപാര്‍ട്ടിക്കുവേണ്ടി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയാലും സഞ്ജീവിന്റെ സഹായം വേണം. വര്‍ണ ചിത്രങ്ങളും അഭ്യര്‍ഥനകളും പിറക്കുന്നത് ഗാര്‍ലാന്റ് സഞ്ജീവിന്റെ മൂശയിലാണ്.

കോവിഡ് കാലത്തെ മാന്ദ്യം ഒന്നുമാറ്റിയത് തിരഞ്ഞെടുപ്പാണ്. ത്രിതല പഞ്ചായത്ത് ആയതിനാല്‍ സ്ഥാനാര്‍ഥികളുടെ എണ്ണവും കൂടുതലാണ്. എല്ലാവര്‍ക്കും ബഹുവര്‍ണ പോസ്റ്ററുകളും കളര്‍ നോട്ടീസുകളുമാണ് ആവശ്യം. സമയബന്ധിതമായിത്തന്നെ ഇവ അച്ചടിച്ച് കിട്ടണമെന്ന് നിര്‍ബന്ധമാണ്. സ്ഥാനാര്‍ഥികളും വാര്‍ഡും വ്യത്യസ്തമായതിനാല്‍ അച്ചടിയില്‍ അതീവ സൂക്ഷ്മത വേണമെന്നാണ് സഞ്ജീവ് പറയുന്നത്.

വലിയ സദ്യ ഒരുക്കുന്ന പാചകക്കാരന്റെ മാനസികാവസ്ഥയാണ് പ്രസുകാര്‍ക്കും. പോസ്റ്ററും നോട്ടീസും പറയുന്ന സമയത്ത് കൊടുത്തില്ലെങ്കില്‍ അവരുടെ മുഖംകറുക്കും. തിരഞ്ഞെടുപ്പ് കാലത്തെ അച്ചടികള്‍ക്ക് രൊക്കം പണം കിട്ടണമെന്നതാണ് പ്രസ്സുകാരുടെയും നിലപാട്. കടം ഏര്‍പ്പാട് തിരഞ്ഞെടുപ്പുകാലത്തില്ല.

20 വര്‍ഷമായി കോന്നിയില്‍ അച്ചടിശാല നടത്തുകയാണ് ഇദ്ദേഹം. മുമ്പ് പോസ്റ്ററുകള്‍ ഓര്‍ഡറെടുത്ത് പുറംനാട്ടില്‍ കൊടുത്ത് വേണമായിരുന്നു അച്ചടിക്കാന്‍. ഇപ്പോള്‍ നാട്ടില്‍തന്നെ പറ്റും.