പത്തനംതിട്ട: പാര്‍ട്ടികള്‍ പ്രചാരണായുധങ്ങളോരോന്നായി രാകിമിനുക്കുകയാണ്. തിരഞ്ഞെടുപ്പ് തദ്ദേശത്തേതായതുകൊണ്ട് വിഷയങ്ങളും പ്രാദേശികമാണ്.

ട്രംപ് വീണതും കാര്‍ഷികബില്ലും ബിഹാര്‍ തിരഞ്ഞെടുപ്പുമൊന്നും അയല്‍പക്കപോരില്‍ വലിയ പ്രശ്‌നങ്ങളല്ല. പ്രതീക്ഷിച്ചതുപോലെ മഹാപ്രളയത്തിനും മാഹാമാരിക്കുംതന്നെ ആദ്യ പരിഗണന. രക്ഷാപ്രവര്‍ത്തനം നടത്തിയതും കൈത്താങ്ങായതും വീടുകഴുകാനും സാധനങ്ങളെത്തിക്കാന്‍ കൂടിയതുമൊക്കെ ചൂണ്ടിക്കാട്ടിത്തന്നെയാണ് മുന്നണികള്‍ മൂന്നും പ്രളയബാധിത പ്രദേശങ്ങളില്‍ വോട്ടുതേടുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുതല്‍ ഇത് ലക്ഷ്യംവെച്ചുള്ള നീക്കങ്ങളായിരുന്നു നേതാക്കള്‍ നടത്തിയത്. മത്സരക്കാരില്‍ ചെറുപ്പക്കാരുടെ എണ്ണം കൂടിയതിന്റെ പ്രധാന കാരണവും ഇതുതന്നെ. വള്ളത്തില്‍ വന്നതും കരയ്‌ക്കെത്തിച്ചതുമൊക്കെയാണ് വീടുകയറുന്നിടത്ത് അണികള്‍ പറയുന്നത്.

''എല്ലാം ഞങ്ങള്‍ക്ക് ഓര്‍മയുണ്ട്... നിങ്ങളെ മറക്കാനാകുമോ'' എന്ന വീട്ടുകാരുടെ ചോദ്യം കേള്‍ക്കുന്നിടത്ത് മനസ്സ് നിറഞ്ഞാണ് പാര്‍ട്ടിക്കാരുടെ മടക്കം. പണ്ടൊക്കെയാണെങ്കില്‍ വലിയ പൊതുപ്രവര്‍ത്തകനല്ലെങ്കില്‍ വീട്ടുപേര്, കുടുംബനില, ബന്ധുബലം എല്ലാം പറഞ്ഞ്് വേണമായിരുന്നു സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തേണ്ടത്.അതില്‍ നിന്നെല്ലാം അടിമുടി മാറിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

കൊറോണയെന്ന മാഹാമാരിയും തിരഞ്ഞെടുപ്പ് രംഗത്തെ പ്രധാനതാരമായി. ലോക്ഡൗണെന്ന പരിചയമില്ലാത്ത കാലത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ നാട്ടിന്‍പുറങ്ങളിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വലിയ പങ്കാണ് വഹിച്ചത്. ജീവനില്‍ പേടിച്ച് പലരും മാളത്തിലൊളിച്ചപ്പോള്‍ മുന്നിട്ടിറങ്ങിയതിലേറെയും ചെറുപ്പക്കാരായിരുന്നു. കിറ്റുകളെത്തിക്കാനും നിരീക്ഷണത്തിലിരിക്കുന്നവരെ സഹായിക്കാനും എല്ലാം മറന്നായിരുന്നു മുന്നണി മൂന്നും സജീവമായത്.

പൊതുപ്രവര്‍ത്തനത്തില്‍ നിന്നെല്ലാം അകലംപാലിച്ച് നിന്നിരുന്നവരില്‍ പലരും നാട്ടില്‍ നിറഞ്ഞുനിന്നു. ഇവരില്‍ പലരും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായെന്നതില്‍ അതിശയവുമില്ല.

കൊറോണക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കിടയില്‍നിന്ന് കൈയ്യടിയുണ്ടാകുന്നുണ്ട്. പലയിടത്തും സ്വതന്ത്രസ്ഥാനാര്‍ഥികളുടെ ബലവും ഇത്തരം പ്രശ്‌നങ്ങളിലെ ഇടപെടലുകളാണ്.

സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനവും

ക്ഷാമകാലത്തെല്ലാം വീട്ടിലൊളിക്കുകയും ചെയ്യാത്തതിന്റെ പേരില്‍ വോട്ട് തേടുകയും ചെയ്തവരെയൊക്കെ സാമൂഹികമാധ്യമങ്ങളില്‍ 'വധിക്കുന്നുണ്ട്.

' പ്രളയകാലത്ത് ചങ്ങാടം കയറി ആസ്വദിച്ച്‌നടന്നവര്‍ ഇപ്പോള്‍ രക്ഷകര്‍ ചമയുന്നതും കോവിഡ്കാലത്ത് വീട്ടില്‍ നിന്നിറങ്ങാതിരുന്നവര്‍ അവകാശവാദങ്ങളുന്നയിക്കുന്നതുമൊക്കെ ചിത്രങ്ങള്‍ സഹിതം ട്രോള്‍ മഴയായി പെയ്തിറങ്ങുന്നു.