പത്തനംതിട്ട: ജില്ലാ പഞ്ചായത്തില്‍ പതിനാറ് ഡിവിഷനുകളിലെയും സ്ഥാനാര്‍ഥികളെ ഇടതുമുന്നണി പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥികള്‍ ചൊവ്വാഴ്ചമുതല്‍ നാമനിര്‍ദേശ പത്രിക നല്‍കും. സി.പി.എമ്മിന്റെ രണ്ട് ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍ ഉള്‍പ്പെടെ എല്‍.ഡി.എഫിനായി ജില്ലാ പഞ്ചായത്തില്‍ ജനവിധി തേടും. കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച കോന്നി മുന്‍ ബ്ളോക്ക് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ.യെ ഇടതുസ്വതന്ത്രനായി സി.പി.ഐ. രംഗത്തിറക്കിയിട്ടുണ്ട്. കോന്നി ഡിവിഷനിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. മുന്നണിയുടെ പ്രകടനപത്രിക ഉടന്‍ പുറത്തിറക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

സി.പി.എം. സ്ഥാനാര്‍ഥികള്‍

ഇലന്തൂര്‍ ഓമല്ലൂര്‍ ശങ്കരന്‍, ഏനാത്ത് പി.ബി.ഹര്‍ഷകുമാര്‍, കുളനട ആര്‍.അജയകുമാര്‍, പ്രമാടം രാജേഷ് ആക്ലേത്ത്, കൊടുമണ്‍ ബീനാപ്രഭ, കോയിപ്രം ജിജി മാത്യു, മലയാലപ്പുഴ ജിജോ മോഡി, അങ്ങാടി പൊന്നി തോമസ്, ചിറ്റാര്‍ ലേഖാ സുരേഷ്, മല്ലപ്പളളി ലതാകുമാരി.

സി.പി.ഐ.

പള്ളിക്കല്‍ ശ്രീനാദേവി കുഞ്ഞമ്മ, ആനിക്കാട് രാജി പി.രാജപ്പന്‍, കോന്നി കോന്നിയൂര്‍ പി.കെ.(സ്വത.).കേരള കോണ്‍ഗ്രസ് എം. ജോസ്: പുളിക്കീഴ് ഡാലിയാ സുരേഷ്, റാന്നി ജോര്‍ജ് എബ്രഹാംജനതാദള്‍ എസ്: കോഴഞ്ചേരി സാറാ തോമസ്.

ഏനാത്ത് ഡിവിഷനില്‍ മത്സരിക്കുന്ന ഹര്‍ഷകുമാര്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനാണ്. ഇലന്തൂരില്‍ മത്സരിക്കുന്ന ഓമല്ലൂര്‍ ശങ്കരനും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. മുന്‍ ജില്ലാ പഞ്ചായത്തംഗം, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടുണ്ട്. കൊടുമണ്ണില്‍ മത്സരിക്കുന്ന ബീനാ പ്രഭ പറക്കോട് ബ്ളോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. കുളനടയിലെ സ്ഥാനാര്‍ഥി ആര്‍.അജയകുമാര്‍ സി.പി.എമ്മിന്റെ കോഴഞ്ചേരിയിലെ നേതാവും മുന്‍ ജില്ലാ പഞ്ചായത്തംഗവുമാണ്. പ്രമാടം നേതാജി സ്‌കൂള്‍ മാനേജരാണ് പ്രമാടത്തെ സ്ഥാനാര്‍ഥി രാജേഷ്. പളളിക്കലിലെ സി.പി.ഐ. സ്ഥാനാര്‍ഥി ശ്രീനാദേവി ഐപ്സോ ദേശിയ കൗണ്‍സിലംഗവും ബി.ടെക്. ബിരുദധാരിയുമാണ്.

'അധികാരം കൊയ്യണമാദ്യം നാം'

പത്തനംതിട്ട: 'അധികാരം കൊയ്യണമാദ്യം നാം, അതിന് മേലാകട്ടെ പൊന്നാര്യന്‍' എന്ന കവിവാക്യത്തെ അനുസ്മരിപ്പിക്കുംവിധമായിരുന്നു ജില്ലാ പഞ്ചായത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി നിര്‍ണയം. ഇത്തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പൊതുവിഭാഗത്തില്‍നിന്നാണ്. കരുത്തരായ നേതാക്കളെത്തന്നെ സി.പി.എം. രംഗത്തിറക്കിയിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ ഇവരില്‍ ആര്‍ക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമെന്ന ചോദ്യത്തെ തന്ത്രപൂര്‍വം സി.പി.എം. അവഗണിക്കുകയാണ്. ഏറെനാളായി ഇടതുമുന്നണിയുടെ കൈപ്പിടിയില്‍നിന്ന് ജില്ലാ പഞ്ചായത്തിന്റെ അധികാരം വഴുതുകയാണ്. ഇത്തവണ മാറ്റംകുറിക്കാനുളള തീവ്രശ്രമത്തിലാണ് എല്‍.ഡി.എഫ്. ഇതിനിടെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സ്ഥാനാര്‍ഥി ആരെന്നതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക് തത്കാലം കാതുകൊടുക്കേണ്ടെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ തീരുമാനം.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.ബി.ഹര്‍ഷ കുമാര്‍, ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ഥികളാണ്. ഭൂരിപക്ഷം സീറ്റുകളില്‍ ഇടതിന് വിജയം കൈവരിക്കാനായാല്‍ ഇവരില്‍ ഒരാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും. ജില്ലാ പഞ്ചായത്തില്‍ മാറ്റുരയ്ക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം തിങ്കളാഴ്ച ഉച്ചയോടെയാണ് എല്‍.ഡി.എഫ്. നടത്തിയത്. ജില്ലയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായ ആര്‍.ഉണ്ണികൃഷ്ണപിള്ളയും എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമലയുമുള്‍പ്പെടെ സന്നിഹിതരായി. സി.പി.എമ്മിന്റെ സ്ഥാനാര്‍ഥികളുടെ പേര് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം കെ.അനന്തഗോപനാണ് പ്രഖ്യാപിച്ചത്. സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയന്‍, പാര്‍ട്ടിയുടെ മത്സരാര്‍ഥികളെ പരിചയപ്പെടുത്തി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ലഭിച്ച രണ്ട് ഡിവിഷനുകളില്‍ മത്സരിക്കുന്നവരുടെ പേര് ജില്ലാ പ്രസിഡന്റ് എന്‍.എം.രാജു അവതരിപ്പിച്ചു.

ജനതാദള്‍ സ്ഥാനാര്‍ഥിയെ അലക്സ് കണ്ണമല പ്രഖ്യാപിച്ചു. 16 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളും വേദിയിലെത്തിയിരുന്നു. ഫോട്ടോഷൂട്ടിനിടെ ക്യാമറാമാന്‍മാരുടെ അഭ്യര്‍ഥനപ്രകാരം അല്പനേരത്തേക്ക് മാത്രമായി എല്ലാവരും മാസ്‌ക് നീക്കി. 'നിറഞ്ഞ് ചിരിച്ചോളൂ' ഗൗരവം പൂണ്ടിരുന്ന സ്ഥാനാര്‍ഥികളോട് കെ.അനന്തഗോപന്റെ ഉപദേശമതായിരുന്നു. എം.എല്‍.എ.മാരായ രാജു എബ്രഹാമും കെ.യു.ജനീഷ് കുമാറും ചിറ്റയം ഗോപകുമാറും സ്ഥാനാര്‍ഥി പ്രഖ്യാപന ചടങ്ങിന്റെ ആദ്യാവസാനം പങ്കെടുത്തു. ഫലപ്രഖ്യാപനത്തിനുശേഷം വീണ്ടും ഒത്തുചേരാമെന്ന രാജു എബ്രഹാമിന്റെ വാക്കുകളെ സ്ഥാനാര്‍ഥികളും മുന്നണി നേതാക്കളും സന്തോഷത്തോടെ സ്വീകരിച്ചു.