പത്തനംതിട്ട: കോവിഡ് സാഹചര്യത്തിലും പത്തനംതിട്ട ജില്ലയിൽ കനത്ത പോളിങ് നടക്കുന്നതായി ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. വിവിധയിടങ്ങളിലെ പോളിങ് ബൂത്തുകൾ സന്ദർശിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു അദ്ദേഹം.

ഉച്ചകഴിഞ്ഞ് 2.45 വരെയുള്ള സമയം 55.58 ശതമാനം വോട്ടാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. പുലർച്ചെ ആറ് മുതൽ ഏഴ് വരെയുള്ള സമയപരിധിയിൽ എല്ലാ പോളിങ് ബൂത്തുകളിലും മോക്ക് പോൾ നടത്തി. പോളിങ് ബൂത്തുകളിൽ കൈകൾ കഴുകുന്നതിനായി വെള്ളവും സോപ്പും ക്രമീകരിച്ചിട്ടുണ്ട്. പോളിങ് ബൂത്തിലേക്ക് കടക്കുന്ന വാതിലിലും പുറത്തേക്ക് ഇറങ്ങുന്ന വാതിലിലും സാനിറ്റൈസർ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ വോട്ടർമാരും മാസ്ക് ധരിച്ചാണ് വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നത്. വോട്ടർമാർക്ക് അകലം പാലിച്ച് നിൽക്കുന്നതിനായി പ്രത്യേകം മാർക്ക് ചെയ്തിട്ടുണ്ട്. വൃദ്ധരെയും അംഗപരിമിതരേയും ബൂത്തിലേക്ക് പ്രത്യേകം കടത്തിവിടുന്നുണ്ട്. പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥർ മാസ്കും, കൈയുറയും, ഫെയ്സ് ഷീൽഡും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ട്. ആളുകൾ കൂടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പോലീസിന് നിർദേശം നൽകി.

ശാരീരിക ബുദ്ധിമുട്ടുള്ളവരെ പോളിങ് ബൂത്തിൽ എത്തിക്കുന്നതിനായി ഡോളികളും ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഉദ്യോഗസ്ഥർക്കും സമ്മതിദായകർക്കും പ്രത്യേകം നിർദേശം നൽകുകയും ചെയ്തു. ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായ പോളിങ് ബൂത്തുകളിലെ പ്രശ്നങ്ങൾ പോൾ മാനേജർ ആപ്പിന്റെ സഹായത്തോടെ പരിഹരിച്ചു.

മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ സ്കൂളിലെ പോളിങ് ബൂത്തിലെത്തുന്നതിന് പത്തനംതിട്ട നഗരസഭ വോട്ടർമാർക്കായി രണ്ട് ഡോളി ഏർപ്പെടുത്തിയിരുന്നു. പോളിങ്ങിനിടെ പ്രവർത്തന തകരാർ സംഭവിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉടൻതന്നെ മാറ്റി നൽകി.

ആനപ്പാറ, കുമ്പഴ, കാക്കാംതുണ്ട്, മുണ്ടുകോട്ടക്കൽ, വെട്ടിപ്പുറം, പത്തനംതിട്ട, മേക്കൊഴൂർ, വടശേരിക്കര, പേഴുംപാറ, ബൗണ്ടറി, ചെറുകുളഞ്ഞി, പഴവങ്ങാടി, റാന്നി, കാട്ടൂർ, വാഴക്കുന്നം, കോഴഞ്ചേരി, കാരംവേലി എന്നിവിടങ്ങളിലെ പോളിങ് ബൂത്തുകളിലാണ് ജില്ലാ കളക്ടർ സന്ദർശനം നടത്തിയത്.

Content Highlights:district collector pb nooh visited polling booths in pathanamthitta