പത്തനംതിട്ട: കോവിഡ്കാലത്തെ തിരഞ്ഞെടുപ്പ്, ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടംപോലെയെന്നാണ് പലകോണിൽനിന്നുമുയർന്ന വിമർശനം. എന്നാൽ, വൈറസ് തെരുവോരങ്ങൾ കീഴടക്കിയ ഈ കാലഘട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമാകുമെന്നാണ്, പത്തനംതിട്ട ജില്ലയുടെ മുഖ്യവരണാധികാരി കളക്ടർ പി.ബി.നൂഹിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിലെ പതിവ് കലാപരിപാടികളായ സംഘർഷവും തർക്കവും അടിപിടിയുമൊന്നുമില്ലാതെ, അക്ഷരാർഥത്തിൽ എല്ലാ ജനാധിപത്യമര്യാദകളും പാലിച്ചുള്ള തിരഞ്ഞെടുപ്പ് -കോവിഡുകാലത്തെ തിരഞ്ഞെടുപ്പിനെ ഇങ്ങനെ വിലയിരുത്താമെന്ന് നൂഹ് അഭിപ്രായപ്പെടുന്നു.

ശാന്തിയും സമാധാനവും

ചൂടുപിടിച്ച രാഷ്ട്രീയകാലാവസ്ഥയായിരുന്നു 2018-ലെ ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ പത്തനംതിട്ടയിൽ. വാക്പോരിനും സംഘർഷങ്ങൾക്കും പഞ്ഞമില്ലാത്ത കാലം. എന്നാൽ തീർത്തും വിഭിന്നമായിരുന്നു ഇത്തവണത്തെ തദ്ദേശതിരഞ്ഞെടുപ്പുകാലം. സ്ഥാനാർഥികളെ നിരീക്ഷിക്കാൻ സ്ക്വാഡുകൾ ഇത്തവണയും ഉണ്ടായിരുന്നെങ്കിലും അവർക്ക് കാര്യമായ തലവേദനയുണ്ടായിരുന്നില്ല. എല്ലാവരും കോവിഡ് പ്രോട്ടോക്കോളിന് കീഴിൽത്തന്നെയായിരുന്നു, നാമനിർദേശപത്രിക സമർപ്പണംമുതൽ പ്രചാരണവും സംവാദവുമെല്ലാം. കൊട്ടിക്കൊട്ടിക്കയറാതെ പ്രചാരണം അവസാനിപ്പിക്കണമെന്ന നിർദേശത്തോടെ ഒരേസ്വരത്തിലാണ് എല്ലാ രാഷ്ട്രീയപാർട്ടികളും സമ്മതം മൂളിയത്. തിരഞ്ഞെടുപ്പുദിവസമാകട്ടെ, പോളിങ് ബൂത്തിനുള്ളിലോ പുറത്തോ സംഘർഷങ്ങളും കുറവ്. വിരലിലെണ്ണാവുന്ന കേസുകൾമാത്രമാണ് പോളിങ് ദിവസമായ ചൊവ്വാഴ്ച പത്തനംതിട്ടയിൽ രജിസ്റ്റർചെയ്തത്. ആരോഗ്യപരമായ കാഴ്ചപ്പാടിലൂടെ എല്ലാ രാഷ്ട്രീയപാർട്ടികളും തദ്ദേശതിരഞ്ഞെടുപ്പിനെ നേരിട്ടുവെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും നൂഹ് പറയുന്നു.

പൊന്നുസാറേ... ഡ്യൂട്ടി മാറ്റണേ

മൊത്തത്തിൽ തിരഞ്ഞെടുപ്പുകാലം ഒരനുഭവമാണ്; എന്നാൽ, ചില സംഭവങ്ങൾ വളരെ രസകരവും. അതിലൊന്നാണ്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പോളിങ് സ്റ്റേഷനിലെ ഡ്യൂട്ടി ഒഴിവാക്കിക്കിട്ടാനുള്ള ചില അപേക്ഷകൾ. ന്യായമായ കാരണങ്ങൾമൂലം ഡ്യൂട്ടി ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ധാരാളംപേരുണ്ട്. എന്നാൽ ചിലരുടെ ആവശ്യം കേട്ടാൽ നമ്മൾ ചിരിച്ചുപോകും. 16 വയസ്സുള്ള കുട്ടിയെ നോക്കാൻ വീട്ടിൽ ആരുമില്ലാത്തതിനാൽ തിരഞ്ഞെടുപ്പുഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണമെന്നുകാട്ടി അപേക്ഷ നൽകിയവരുണ്ട്. ഒരിക്കൽ ഡ്യൂട്ടി ഒഴിവാക്കാനായി തന്റെ അരികിൽവന്ന ഒരപേക്ഷ ഇന്നും ഓർക്കുന്നു. പ്രായമായ അച്ഛന് മരുന്ന് നൽകാൻ ആരുമില്ലാത്തതിനാൽ ഇളവുനൽകണമെന്നായിരുന്നു അഭ്യർഥന. കൗതുകം തോന്നി അയാളോട് തിരക്കി, വീട്ടിൽ വേറെ ആരുമില്ലേയെന്ന്. ഭാര്യയും പ്ലസ്ടുവിന് പഠിക്കുന്ന മകളുമുണ്ട്. പക്ഷേ, തന്നെ ഡ്യൂട്ടിയിൽനിന്നൊഴിവാക്കണം. ഇത്തരത്തിൽ തൊടുന്യായങ്ങളുമായി തിരഞ്ഞെടുപ്പുകാലത്ത് വരുന്ന ഡ്യൂട്ടി ഒഴിവാക്കൽ അപേക്ഷകൾ രസകരമായ അനുഭവമാണ്.

കോവിഡ് തോറ്റു

കോവിഡിനെ നമ്മൾ അതിജീവിക്കും. അതിലും വലുതാണ് തിരഞ്ഞെടുപ്പ്. ഇത്തരമൊരു ജനാധിപത്യബോധം ജനങ്ങളുടെ ഉള്ളിൽ ആഴ്ന്നിറങ്ങിയതാണ് പോളിങ് വർധനയുടെ കാരണം. ജനങ്ങൾ കൃത്യമായി തങ്ങളുടെ മൗലികാവകാശം വിനിയോഗിച്ചു.

എന്നാൽ, ഒരിടത്തും ആരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്നില്ല. മുഖാവരണം ധരിച്ചും സാനിറ്റൈസറും പേനയും കൈയിൽ കരുതിയുമാണ് പലരും പോളിങ് ബൂത്തിലേക്കെത്തിയത്; പ്രത്യേകിച്ചും യുവതീയുവാക്കൾ.

നാടിന്റെയും വ്യക്തിയുടെയും ആരോഗ്യത്തിന് പ്രാധാന്യം നൽകിയാണ് ഈ തിരഞ്ഞെടുപ്പുകാലത്തെ എല്ലാവരും വരവേറ്റത്. വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ തന്റെ മൗലികാവകാശം വിനിയോഗിക്കുന്നതിനായി സ്വന്തം നാടായ മൂവാറ്റുപുഴ പായിപ്രയിലേക്ക് പുറപ്പെടുംമുമ്പേ പി.ബി.നൂഹ് പറഞ്ഞുനിർത്തി.