ജനവിധിക്ക് ഇനി ആറുദിനത്തിന്റെ ചെറുദൂരം മാത്രം. അങ്കത്തട്ടില്‍ പോരാട്ടം ഇരമ്പുകയാണ്. തന്ത്രങ്ങളും കണക്കുകൂട്ടലുകളുമായി കരുനീക്കങ്ങളിലാണ് പാര്‍ട്ടി നേതൃത്വങ്ങള്‍. പ്രതീക്ഷകളും സാധ്യതകളും അവര്‍ പങ്കുവെയ്ക്കുകയാണ്. ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജാണ് ആദ്യം.

യു.ഡി.എഫിന്റെ വിജയപ്രതീക്ഷ?

ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ നേടിയ ആധിപത്യം യു.ഡി.എഫിന്റെ കരുത്തിനെയാണ് പ്രകടിപ്പിക്കുന്നത്. 16 ഡിവിഷനില്‍ ഭൂരിപക്ഷവും നേടി. ഇക്കുറി കൂടുതല്‍ സീറ്റുകളില്‍ വിജയം നേടും. 2015-ല്‍ നഷ്ടമായ അടൂര്‍, പന്തളം നഗരസഭകളും തിരിച്ചുപിടിക്കും. എട്ട് ബ്‌ളോക്ക് പഞ്ചായത്തുകളിലും മികവ് കാട്ടും. ഗ്രാമപ്പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും യു.ഡി.എഫിനെ പിന്തുണയ്ക്കും.

ഈ ആത്മവിശ്വാസത്തിന് കാരണം?

രണ്ടു കാരണങ്ങളുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനേദ്രാഹനയങ്ങളും അഴിമതിയും ഏകാധിപത്യവും ജനത്തിന് ദുരിതമാണ് സമ്മാനിക്കുന്നത്. ഇതിനെതിരേയുള്ള വിധിയെഴുത്തിനുള്ള അവസരമായാണ് തിരഞ്ഞെടുപ്പിനെ വോട്ടര്‍മാര്‍ കാണുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാണിത്.

ഈ തിരഞ്ഞെടുപ്പിലും വിമതശല്യം ഏറെയാണ്. തിരിച്ചടിയാകുമോ?

വിമതന്‍മാര്‍ എല്ലാ തിരഞ്ഞെടുപ്പിലും അരങ്ങിലെത്താറുണ്ട്. യു.ഡി.എഫില്‍ മാത്രമല്ല എതിര്‍മുന്നണികളിലും ഇവരുടെ സാന്നിധ്യമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമുള്ളവര്‍ വിമതവേഷം കെട്ടുന്നത് അംഗീകരിക്കില്ല.

ഇത്തരക്കാരെ ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചുവെന്ന് അറിയിച്ച് ഉടന്‍ നോട്ടീസ് വിതരണം ചെയ്യുകയും യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങുകയും ചെയ്താല്‍ മാത്രമേ വിമതരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുകയുള്ളൂ. തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലെത്താന്‍ പോലും ഇവരുടെ പിന്തുണ സ്വീകരിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് വിജയം വെല്ലുവിളിയാകുമോ?

ഒരിക്കലും വെല്ലുവിളിയല്ല. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിനെതിരേ കുപ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് എല്‍.ഡി.എഫ്. ജില്ലയില്‍ വിജയിച്ചത്. കോന്നി ഉപതിരഞ്ഞെടുപ്പിലെ വിജയം താത്കാലികമാണ്.

ഇടത് വിജയം ഇനി ആവര്‍ത്തിക്കില്ല. ജില്ല യു.ഡി.എഫിനൊപ്പമുണ്ട് എന്നതിന്റെ തെളിവ് കൂടിയാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. ലോക്‌സഭാ സീറ്റിലെ മികച്ച വിജയവും ഈ പ്രതീക്ഷയ്ക്ക് കരുത്തേകുന്നു.

പ്രചാരണവിഷയങ്ങള്‍?

സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും വികസനത്തിന്റെ പേരിലുളള അഴിമതിയുമാണ് പ്രധാനമായും ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളാണ് സംസ്ഥാനത്ത് ഇപ്പോഴും രോഗഭീതി വര്‍ധിപ്പിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ജനത്തിന് മുന്നിലുണ്ട്. അധികാര ദുര്‍വിനിയോഗത്തിനെതിരേയുള്ള ജനതയുടെ മറുപടിയാണ് ഈ തിരഞ്ഞെടുപ്പില്‍ തെളിയുക.

ജില്ലാപഞ്ചായത്ത് പിടിക്കുമെന്ന എല്‍.ഡി.എഫ്. അവകാശവാദം?

ഈ പ്രചാരണം സി.പി.എമ്മിന്റെ തന്ത്രമാണ്. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണത്. ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ യു.ഡി.എഫിന്റെ മേധാവിത്വം ഇത്തവണയും ആവര്‍ത്തിക്കും. യാദൃശ്ചികമായാണ് കഴിഞ്ഞ തവണ അഞ്ച് ഡിവിഷനുകളിലെങ്കിലും അവര്‍ക്ക് ജയിക്കാനായത്. നിലവിലെ സാഹചര്യത്തില്‍ എല്‍.ഡി.എഫിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമാകും.