കോന്നി: കോന്നി പഞ്ചായത്തിലെ ചെങ്ങറ വാർഡിലെ നാല് വോട്ടുകൾ കാണാനില്ലെന്ന് പരാതി. മൂന്നാംവാർഡായ ഇവിടുത്തെ രണ്ടാമത്തെ ബൂത്തിലെ നാല് വോട്ടുകളെക്കുറിച്ചാണ് രാഷ്ട്രീയ പാർട്ടികൾ തർക്കവും പരാതിയും ഉന്നയിച്ചിരിക്കുന്നത്.

451 പേരാണ് വോട്ടുചെയ്തത്. മൂന്നാമത്തെ യൂണിറ്റിൽ 451 പേരുടേയും വോട്ടുകൾ ഒത്തുനോക്കിയപ്പോൾ കണ്ടില്ല. പോളിങ് അവസാനിച്ച സമയത്ത് ഇതേചൊല്ലി ഉദ്യോഗസ്ഥരുമായി വാക്ക് തർക്കം ഉണ്ടായി. നോട്ട ഇല്ലാത്തതിനാൽ എൻഡ് എന്ന ബട്ടണിൽ നാല് പേരും അമർത്തിയിരിക്കാമെന്നാണ് റിട്ടേണിങ് ഓഫീസർ പറയുന്നത്. ഈ നാല് വോട്ടുകളും അണ്ടർ വോട്ടായി കണക്കാക്കും. ഒരുസ്ഥാനാർഥിക്കും ഈ വോട്ട് കിട്ടിയതായി കണക്കാക്കില്ല. വോട്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കാരണമായി പറയുന്നത്.