സീതത്തോട് (പത്തനംതിട്ട): രക്തസാക്ഷി കുടുംബങ്ങളില്‍നിന്നുള്ള രണ്ട് യുവനേതാക്കള്‍ ഏറ്റുമുട്ടുന്ന ചിറ്റാര്‍ പഞ്ചായത്തിലെ പന്നിയാര്‍ രണ്ടാം വാര്‍ഡില്‍ തീപാറുന്ന പോരാട്ടം.

ജില്ലയിലെ പഞ്ചായത്ത് വാര്‍ഡുകളില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന വാര്‍ഡുകളിലൊന്നായി പന്നിയാര്‍ മാറിക്കഴിഞ്ഞു. ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സി.പി.എമ്മിലെ എം.എസ്.രാജേന്ദ്രനും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ സജി കുളത്തിങ്കലുമാണ് ജനവിധി തേടുന്നത്.

എസ്.എഫ്.ഐ. നേതാവായിരിക്കെ രാഷ്ട്രീയ എതിരാളികളാല്‍ ചിറ്റാറില്‍ വച്ച് കൊല്ലപ്പെട്ട എം.എസ്.പ്രസാദിന്റെ സഹോദരനാണ് എം.എസ്.രാജേന്ദ്രന്‍.

മുമ്പ് ജില്ലാ പഞ്ചായത്ത് അംഗം, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം, വയ്യാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച രാജേന്ദ്രന്‍ മലയോരമേഖലയിലെ സി.പി.എമ്മിന്റെ ജനകീയ മുഖമാണ്. രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും സ്വീകാര്യനാണ് എം.എസ്. എന്ന പേരില്‍ അറിയപ്പെടുന്ന രാജേന്ദ്രന്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.

ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറിയായിരിക്കെ ചിറ്റാറില്‍തന്നെ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ട കെ.ഇ.വര്‍ഗീസിന്റെ മകനാണ് സജി കുളത്തിങ്കല്‍. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബാംഗമായ സജി കുളത്തിങ്കല്‍ ചിറ്റാറിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. ഡി.സി.സി. അംഗമാണ്. ഇതാദ്യമായാണ് കോണ്‍ഗ്രസ് പ്രതിനിധിയായി മത്സരരംഗത്ത് എത്തുന്നത്. നിലവില്‍ എല്‍.ഡി.എഫ്. പക്ഷത്തുള്ള വാര്‍ഡ് തിരിച്ചുപിടിക്കാനാണ് സജി കുളത്തിങ്കലിനെതന്നെ കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയിട്ടുള്ളത്. ഇത്തവണ ചരിത്രം മാറ്റിയെഴുതുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു.

അതേസമയം വാര്‍ഡ് നിലനിര്‍ത്തുന്നതിനൊപ്പം ചിറ്റാര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായാണ് എം.എസ്.രാജേന്ദ്രനെ സി.പി.എം. അവതരിപ്പിക്കുന്നത്.

നാട്ടിലെ രക്തസാക്ഷി കുടുംബങ്ങളില്‍നിന്നുള്ള രണ്ട് യുവനേതാക്കള്‍ നേര്‍ക്കുനേര്‍ അങ്കം കുറിച്ചിരിക്കുന്നത് ഇരുപക്ഷത്തെയും പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. എന്‍.ഡി.എ. മുന്നണിയില്‍നിന്ന് ബി.ജെ.പി. പ്രതിനിധിയായി യുവനേതാവായ സിജു ശിവരാമനും ശക്തമായി മത്സരരംഗത്തുണ്ട്.