സീതത്തോട്: ജില്ലാ പഞ്ചായത്ത് ചിറ്റാര്‍ ഡിവിഷനില്‍ ഇത്തവണ മൂന്ന് മുന്നണിയും അഭിമാനപ്പോരാട്ടത്തിലാണ്. നിലവില്‍ യു.ഡി.എഫിന്റേതാണ് ഡിവിഷന്‍. എല്‍.ഡി.എഫ്. ആഭിമുഖ്യമുള്ള ഡിവിഷന്‍ കഴിഞ്ഞതവണ യു.ഡി.എഫ്. പിടിച്ചെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഡിവിഷന്‍ നിലനിര്‍ത്താന്‍ ഉശിരന്‍ പോരാട്ടത്തിനാണ് യു.ഡി.എഫ്. കളമൊരുക്കുന്നത്.

അതേസമയം, ഡിവിഷന്‍ തിരിച്ചുപിടിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് എല്‍.ഡി.എഫ്. രണ്ടുമുന്നണിയെയും അട്ടിമറിച്ച് വിജയം തങ്ങളുടേതാക്കിമാറ്റുമെന്ന് എന്‍.ഡി.എ.യും അവകാശപ്പെടുന്നു. മൂന്നുമുന്നണിയും ശക്തമായി രംഗത്തിറങ്ങിയതോടെ മത്സരം ഇഞ്ചോടിഞ്ച് കനക്കുകയാണ്.

ചിറ്റാര്‍ ഡിവിഷനില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സീതത്തോട് ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റുകൂടിയായ സീതത്തോട് സ്വദേശി സി.പി.എമ്മിലെ ലേഖാ സുരേഷാണ്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന ലേഖാ സുരേഷ് സി.പി.എമ്മിന്റെ മേഖലയിലെ പ്രമുഖനേതാക്കളിലൊരാളാണ്. പത്തുവര്‍ഷം കുടുംബശ്രീ ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചു. സി.പി.എം. പെരുനാട് ഏരിയാ കമ്മിറ്റി അംഗം, മഹിളാ സംഘം ഏരിയാ പ്രസിഡന്റ്, ബാലസംഘം ഏരിയാ കണ്‍വീനര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നു. സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി അവര്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള വ്യക്തികൂടിയാണ്.

chittar electionയു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷന്‍ മുന്‍ അംഗമായ കോണ്‍ഗ്രസിലെ ബിനിലാലാണ് രംഗത്തുള്ളത്. 2000-ല്‍ സമുദായപ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. 2010 കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്ത് മെമ്പറായും 2015-ല്‍ ജില്ലാ പഞ്ചായത്ത് മെമ്പറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് കലഞ്ഞൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹി എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ചിറ്റാര്‍ ഡിവിഷനില്‍ ഇത്തവണ അദ്ഭുതം സൃഷ്ടിക്കുമെന്ന് പറയുന്ന എന്‍.ഡി.എ., ബി.ജെ.പി. മഹിളാമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് മഞ്ജുളാ ഹരിയെയാണ് മത്സരരംഗത്ത് എത്തിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ എന്‍.ഡി.എ.യുടെ സ്വീകാര്യത ഏറെ വര്‍ധിച്ചെന്നും ഇത് വോട്ടായിമാറുമെന്നുമാണ് വിലയിരുത്തല്‍. എ.ബി.വി.പി.യിലൂടെ പൊതുപ്രവര്‍ത്തനരംഗത്തേക്കുവന്ന മഞ്ജുളാ ഹരി പിന്നീട് മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പെരുനാട് സ്വദേശിയാണ്. ഇതാദ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഹയര്‍ സെക്കന്‍ഡറി ഗസ്റ്റ് അധ്യാപികയായി ജോലിചെയ്തിരുന്ന മഞ്ജുളയ്ക്ക് വലിയൊരു ശിഷ്യസഞ്ചയവുമുണ്ട്. സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകള്‍ പൂര്‍ണമായും പെരുനാട്, വടശേരിക്കര, വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ചിറ്റാര്‍ ഡിവിഷന്‍. സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകള്‍ എല്‍.ഡി.എഫ്. ഭരണത്തിലും പെരുനാട് യു.ഡി.എഫ്. ഭരണത്തിലുമാണ്.