പത്തനംതിട്ട: നടി അനുശ്രീ പ്രചാരണത്തിനിറങ്ങിയ വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് തോല്‍വി. ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസ് ദയനീയമായി പരാജയപ്പെട്ടത്. റിനോയ് വര്‍ഗീസിന്റെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെയും പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് അനുശ്രീ പങ്കെടുത്തിരുന്നത്. 

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.പി.എമ്മിന്റെ എം.ആര്‍. മധുവാണ് ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വിജയിച്ചത്. 411 വോട്ടുകള്‍ നേടിയ മധു 11 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്. സ്വതന്ത്രനായി മത്സരിച്ച രഞ്ജന്‍ പുത്തന്‍പുരയ്ക്കല്‍ 400 വോട്ടുകള്‍ നേടി രണ്ടാമതായി. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ റിനോയ് വര്‍ഗീസിന് വെറും 132 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ബി.ജെ.പി.യുടെ ആര്‍. പ്രമോദ് 13 വോട്ടുകളും നേടി. 

Read Also:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനിറങ്ങി നടി അനുശ്രീ; സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടി ആരാധകര്‍...

നടി അനുശ്രീ പരസ്യപ്രചാരണത്തിനെത്തിയതോടെ കൂടുതല്‍ വോട്ടുകള്‍ നേടി വിജയം കൈവരിക്കാമെന്നായിരുന്നു വാര്‍ഡില്‍ യു.ഡി.എഫിന്റെ പ്രതീക്ഷ. വാര്‍ഡിലെ കോണ്‍ഗ്രസ് കുടുംബസംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ച നടി ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് അന്ന് മടങ്ങിയത്.

റിനോയ് വര്‍ഗീസുമായി അനുശ്രീക്ക് ദീര്‍ഘകാല സൗഹൃദമാണുള്ളത്. ഇതാണ് പ്രചാരണത്തിനിറങ്ങാന്‍ കാരണമായത്. റിനോയ് വിജയിച്ചുകഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് ചെയ്തുകൊടുക്കേണ്ടതെല്ലാം ചെയ്യുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ പിന്തുണച്ച് പ്രചാരണത്തിനിറങ്ങിയതെന്നും അനുശ്രീ പറഞ്ഞിരുന്നു. 

Content Highlights: chenneerkara panchayath ward 12 result actress anusree attended udf campaign in there