പത്തനംതിട്ട: അഭിഭാഷകരെക്കാളും അധ്യാപകരെക്കാളും െപ്രാഫഷണലുകള്‍ മത്സരരംഗത്ത് കൂടുതലാണ് പത്തനംതിട്ടയില്‍. അക്കാര്യത്തില്‍ മുന്നണി വ്യത്യാസമില്ല. യു.ഡി.എഫും എല്‍.ഡി.എഫും 50ഉം നാല്‍പത്തഞ്ചും പേരെവീതം മത്സരിപ്പിച്ചപ്പോള്‍ 47 പേരാണ് എന്‍.ഡി.എ.യില്‍. ആകെ സ്ഥാനാര്‍ഥികളുടെ 8.9 ശതമാനംവരുമിത്. 67 അഭിഭാഷകരും 108 അധ്യാപകരും മത്സരരംഗത്തുണ്ട്.

അറുപതുകവിഞ്ഞവരുടെ ഇരട്ടിയോളംപേര്‍ 21-30 വയസ്സിനിടയിലുണ്ടെന്നതില്‍ യുവത്വത്തിന് ആശ്വസിക്കാം. എന്നാല്‍, 40-നും 60-നും ഇടയ്ക്കുള്ളവര്‍ 21-30. 30-40, 61+ ഗ്രൂപ്പുകളിലാകെയുള്ള സ്ഥാനാര്‍ഥികളെക്കാള്‍ എണ്ണത്തില്‍ മുന്നിലാണ്.

പ്‌ളസ്ടുക്കാരും ഡിഗ്രിക്കാരും ഏകദേശം തുല്യരാണ് പട്ടികയില്‍. പ്ലസ്ടു-583. ഡിഗ്രിക്കാര്‍-598. ബിരുദാനന്തര ബിരുദപഠത്തിനുശേഷം മറ്റു കോഴ്‌സുകള്‍ ചെയ്തവര്‍ 20 പേരുണ്ടെങ്കില്‍ ഡോക്ടറേറ്റ് നേടിയ 13 പേര്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. അഞ്ചിലൊന്നുപേര്‍ മാത്രമാണ് പത്തെത്തും മുന്‍പ് പഠിത്തം നിര്‍ത്തിയത്.

പഠിക്കാന്‍ മടിയില്ല

ജില്ലാപഞ്ചായത്തിലാകെ 37 പേരാണ് ഡിഗ്രിയുള്ള സ്ഥാനാര്‍ഥികളെങ്കില്‍ പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍മാത്രം 53 പേര്‍ ഡിഗ്രിക്കാരാണ്. നാലുമുനിസിപ്പാലിറ്റികളിലുംകൂടി മൂന്ന് പി.എച്ച്ഡി.ക്കാരാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തുവരെ പഠിച്ചവരുടെ ഇരട്ടിയാണ് ഡിഗ്രിക്കാര്‍. പല ഗ്രാമപ്പഞ്ചായത്തിലും സ്ഥാനാര്‍ഥികളുടെ ഉയര്‍ന്ന യോഗ്യത ഡിഗ്രിയാണ്. എന്നാല്‍, എല്ലാ പഞ്ചായത്തിലുംകൂടി ഡോക്ടറേറ്റ് നേടിയ ആറുപേരുണ്ട്.

തൊഴിലല്ല രാഷ്ട്രീയം

ജില്ലാ പഞ്ചായത്തില്‍ അധ്യാപകരും അഭിഭാഷകരും നാലുവീതമാണ്. എന്നാല്‍, മുനിസിപ്പാലിറ്റിയില്‍ 18 അഭിഭാഷകരും 26 അധ്യാപകരും രംഗത്തുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ തൊഴിലില്ലാത്തവര്‍ തീരെ കുറവ്. ഉദാഹരണത്തിന് കോന്നി ബ്ലോക്കില്‍ ജോലിയില്ലാത്തവര്‍ ഒന്പതുപേരേയുള്ളൂ. 15 സ്ഥാനാര്‍ഥികള്‍ ഇവിടെ െപ്രാഫഷണലുകളാണ്.

ഗ്രാമപ്പഞ്ചായത്തുകളില്‍ നെടുന്പുറവും നിരണവും എടുത്തുപറയേണ്ടതുണ്ട്. നെടുന്പുറത്ത് 45 ശതമാനമാനമാണ് അധ്യാപകസ്ഥാനാര്‍ഥികള്‍. നിരണത്ത് അഭിഭാഷക, അധ്യാപക, െപ്രാഫഷണല്‍ സ്ഥാനാര്‍ഥികള്‍ ചേര്‍ന്നാല്‍ ആകെയുള്ളവരുടെ 65 ശതമാനമായി. 

മനസ്സിലാണ് യൗവനം

ജില്ലാ പഞ്ചായത്തില്‍ രണ്ടുപേര്‍മാത്രമാണ് പുതുതലമുറക്കാര്‍ (21-30). 60 വയസ്സിനുമുകളിലുള്ള അഞ്ചുപേര്‍ക്ക് അവസരം കിട്ടിയപ്പോഴാണ് ഇത്. അടൂര്‍, പത്തനംതിട്ട മുനിസിപ്പാലിറ്റികള്‍ 32 ചെറുപ്പക്കാരെ (21-30) മത്സരിപ്പിക്കാന്‍ താത്പര്യം കാണിച്ചപ്പോള്‍ തിരുവല്ല, പന്തളം മുനിസിപ്പാലിറ്റികള്‍ ആറുപേരിലൊതുക്കി. നാലിടത്തുകൂടി 60 പിന്നിട്ട 25 സ്ഥാനാര്‍ഥികളുണ്ട്.

ബ്ലോക്ക് പഞ്ചായത്തുകളില്‍ 10 ശതമാനത്തില്‍ താഴെയാണ് ചെറുപ്പക്കാര്‍. എല്ലായിടത്തും 41-50 പ്രായക്കാര്‍ മുന്നിലെത്തുമ്പോള്‍ ഗ്രാമപ്പഞ്ചായത്തില്‍ 31 മുതല്‍ 60 വരെയുള്ള പ്രായക്കാര്‍ ഏറക്കുറെ തുല്യനില പാലിക്കുന്നുണ്ട്.