പന്തളം: ഒരുമാസം നീണ്ടുനിന്ന യുദ്ധത്തിന്റെ ഫലം കാത്ത് വീട്ടിലിരിക്കാൻ സ്ഥാനാർഥികൾക്കാവില്ല. പകുതി ചെയ്തതും പുതിയതായി ചെയ്യുവാനുള്ളതുമായ ജോലികൾ ഏറെയാണ്. മനസ്സിൽ ആകാംഷയും ആശങ്കയും ഭീതിയും കൊട്ടിക്കയറുമ്പോൾ മിക്ക സ്ഥാനാർഥികളും ആരവങ്ങളും അണികളും കൂട്ടിനില്ലാത്ത പണിയിടത്തിലേക്കിറങ്ങി.

വിവിധ മേഖലകളിൽ പണിയെടുക്കുന്നവരും ഒപ്പം പൊതുപ്രവർത്തനം നടത്തുന്നവരുമാണിവർ. രാവിലെ അണികൾക്കൊപ്പം വോട്ടു പിടുത്തത്തിലും രാത്രി തിരഞ്ഞെടുപ്പിന്റെ അണിയറ ജോലികളിലും വ്യാപൃതരായപ്പോൾ പണിശാലകൾക്ക് അവധി നൽകിയായിരുന്നു സ്ഥാനാർഥികളുടെ ഓട്ടം. ജയമായാലും പരാജയമായാലും തിരികെയെത്തേണ്ട തട്ടകത്തിലേക്കുതന്നെ തിരഞ്ഞെടുപ്പിന്റെ ആലസ്യം മറന്ന് അവർ എത്തി.

നിറം പൂശാൻ അജിത്തിന്റെ കൈകൾ

പ്രീഡിഗ്രി പഠനം കഴിഞ്ഞ് മീശ കുരുക്കുംമുമ്പ് വിദേശത്തേക്ക് പോയ മുടിയൂർക്കോണം ഗുരുക്കശേരിൽ കെ.എസ്.അജിത്ത് നാട്ടിൽ മടങ്ങിയെത്തി വാഹനത്തിന്റെ പെയിന്റിങ് ജോലി ചെയ്തുവന്ന സമയത്താണ് പന്തളം നഗരസഭയിലെ രണ്ടാംവാർഡിൽ ഇടതുപക്ഷ സ്ഥാനാർഥിയാകാൻ അവസരം ലഭിച്ചത്. 22 വർഷം ഒമാനിൽ സുബൈർ ഓട്ടോ മൊബൈൽസിൽ ജോലിനോക്കിയിരുന്ന അജിത്ത് വിദേശത്ത് കൈരളി എന്ന സാസ്കാരിക സംഘടനയുടെ ചുമതല വഹിച്ചിരുന്നു. പ്രളയകാലത്തും ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചപ്പോഴുമെല്ലാം നാടിനെ സഹായിക്കാൻ മുന്നിട്ടിറങ്ങി.

തിരഞ്ഞെടുപ്പിന്റെ ചൂടിൽനിന്നും വിട്ട് അജിത്ത് പഴയ തട്ടകമായ പന്തളം എൻ.എസ്.എസ്.കോളേജിന് മുൻവശത്തുള്ള ജ്വാല എന്ന ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ പണിക്കെത്തി തുടങ്ങി. പ്രചാരണത്തിനിടയിലും സമയം കണ്ടെത്തി വർക്ക്ഷോപ്പിലെത്തിയിരുന്ന സ്ഥാനാർഥിക്ക് ഉടമ ബിജുവും സഹപ്രവർത്തകരും എല്ലാ പിൻതുണയും നൽകുന്നുണ്ട്.

മത്സ്യക്കച്ചവടത്തിന്റെ തിരക്കിലേക്ക് മൺസൂർ

കടയ്ക്കാട്ട് ചന്തയിലെ തിരക്കിട്ട മത്സ്യവ്യാപാരത്തിനിടയിലാണ് മൺസൂറിന് മത്സരിക്കാൻ അവസരം വീണുകിട്ടിയത്. പന്തളം നഗരസഭയിലെ യു.ഡി.എഫിൽ മുസ്ലിംലീഗിന്റെ സ്ഥാനാർഥിയാകാനായിരുന്നു നറുക്ക്. നാട്ടിൽ മത്സ്യവ്യാപാരം നടത്തിവന്ന മൺസൂർ ഇടയ്ക്ക് വിദേശത്ത് പോയി തിരികെയെത്തിയപ്പോൾ ഉണക്കമീൻ വ്യാപാരിയായി. കച്ചവടത്തിനിടയിലും പൊതുപ്രവർത്തനവും സാമൂഹികസേവനവും മുടക്കമില്ലാതെ നടന്നു. ജാതി, മത, വർണ, വർഗ വ്യത്യാസമില്ലാതെ ആരെയും സഹായിക്കാൻ മൺസൂറിന് മനസ്സുണ്ട്.

ജില്ലയിലെതന്നെ വലിയ മത്സ്യച്ചന്തകളിലൊന്നായ കടയ്ക്കാടാണ് മൺസൂറിന്റെ കച്ചവടകേന്ദ്രം. ഉണക്കമീൻ കച്ചവടം നിർത്തി ചേട്ടനൊപ്പം മീനിന്റെ മൊത്ത വ്യാപാരമേഖലയിലാണ് ഇപ്പോൾ പണിയെടുക്കുന്നത്. തിരഞ്ഞെടുപ്പിന്റെ തിരക്കൊഴിഞ്ഞപ്പോൾത്തന്നെ മൺസൂർ ചന്തയിലെത്തി പഴയ ജോലിയിലേക്ക് പ്രവേശിച്ചു.

ഉണ്ണിക്ക് കട്ടപ്പുറത്തിരിക്കുന്ന വണ്ടിയിറക്കണം...

സ്ഥാനാർഥിയാകാൻ എൻ.ഡി.എ. നിർദേശിച്ചപ്പോൾ കട്ടപ്പുറത്തിരിക്കുന്ന വണ്ടി പകുതിവഴിക്കാക്കിയ ശേഷമാണ് ഉണ്ണി കുളത്തിനാൽ ഗോദയിലേക്കിറങ്ങിയത്. നാലു ചക്രവാഹനത്തിന്റെ പണി പഠിച്ചശേഷം വിദേശത്തേക്കുപോയി മടങ്ങിയെത്തിയപ്പോഴാണ് തോന്നല്ലൂർ ഭഗവതിക്ഷേത്ര കാണിക്കവഞ്ചിക്കു സമീപം വർക്ഷോപ്പിൽ ജോലിക്കു കയറിയത്. അച്ഛൻ തിരുവാഭരണ വാഹകസംഘത്തിലെ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയ്ക്കൊപ്പം ശബരിമലയിലേക്ക് തിരുവാഭരണവുമായി പോകുന്ന സംഘത്തിലെ അംഗമാണ് ഉണ്ണി കുളത്തിനാൽ. ബി.ജെ.പി.യുടെ ചുമതലയ്ക്കൊപ്പം ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ചടങ്ങുകളിലും അച്ഛനൊപ്പം ഉണ്ണി പങ്കെടുക്കുന്നുണ്ട്. സ്ഥാനാർഥിയാകാൻ അവസരം ലഭിച്ചപ്പോൾ നാട്ടുകാരായവർക്കൊപ്പം വാശിയേറിയ മത്സരം നടക്കുന്ന കളത്തിലേക്കിറങ്ങി. പോളിങ് കഴിയാൻ കാത്തിരിക്കുകയായിരുന്നു പകുതിപണിത വണ്ടിയുടെ പണി തീർത്തു കൊടുക്കാൻ.