റാന്നി: വോട്ടഭ്യര്‍ഥനയുമായി ഭവനസന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ഥിക്ക് തോടിനുകറുകെയുള്ള തടിപ്പാലമൊടിഞ്ഞ് തോട്ടില്‍വീണ് പരിക്കേറ്റു. നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് ഇടമുറി വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി സാംജി ഇടമുറിക്കാണ് പരിക്കേറ്റത്. വലതുകൈക്കും കാലിനും നടുവിനും പരിക്കേറ്റ സ്ഥാനാര്‍ഥി റാന്നി മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

വ്യാഴാഴ്ച പകല്‍ ഒന്നരയോടെയാണ് സംഭവം. തോമ്പിക്കണ്ടം വലിയതോടിന് അക്കരെയുള്ള വീട്ടിലേക്ക് പോകുകയായിരുന്നു സ്ഥാനാര്‍ഥി. തോടുകടക്കാന്‍ കമുക് തടിയാണ് ഇട്ടിരുന്നത്. തോടിന്റെ ഏതാണ്ട് പകുതി എത്തിയപ്പോള്‍ ഇത് ഒടിഞ്ഞ് സ്ഥാനാര്‍ഥി തോട്ടിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് സാംജി പറഞ്ഞു. സമീപവാസികളെത്തി സാംജിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്കുകള്‍ ഗുരുതരമല്ല.