പത്തനംതിട്ട: താമര വിടര്‍ന്നുതന്നെ നിന്നു. ചില ഇതളുകള്‍ കൊഴിഞ്ഞെങ്കിലും പുതിയതായിവന്നവ പഴികേള്‍ക്കാതെ കാത്തു. പന്തളം നഗരസഭയിലുണ്ടാക്കിയ നേട്ടം പാര്‍ട്ടി നേതൃത്വത്തെപ്പോലും ഞെട്ടിപ്പിച്ചു. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഏറെ വൈകാരികബന്ധമുണ്ടായ സ്ഥലമാണ് പന്തളം.

അതുകൊണ്ടുതന്നെ വിജയവും ഇത്തരത്തിലാണ് പാര്‍ട്ടി കാണുന്നത്. കഴിഞ്ഞ തവണ ഭരിച്ച രണ്ട് പഞ്ചായത്തുകളാണ് പാര്‍ട്ടിക്ക് അപ്രതീക്ഷിതമായി നഷ്ടമായത്. കുറ്റൂരും നെടുമ്പ്രവും പോയപ്പോള്‍ ചെറുകോലും കവിയൂരും വലിയ കക്ഷിയായത് ആശ്വാസമായി. ഇവിടം ഭരിക്കാമെന്നുതന്നെയാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ ഭരിച്ച കുളനടയില്‍ വ്യക്തമായ നേട്ടവുമുണ്ടാക്കി. കഴിഞ്ഞ പ്രാവശ്യം കോയിപ്രത്തും പുളിക്കീഴും ബ്ലോക്ക് പഞ്ചായത്ത് സീറ്റുകള്‍ നേടിയെങ്കിലും ഇത്തവണ കോയിപ്രം നഷ്ടമായി. എന്നാല്‍ പുളിക്കീഴ് നിലനിര്‍ത്തി.

പന്തളത്തും ആറന്മുളയിലുമായി പുതിയ നാല് സീറ്റുകള്‍ നേടി. ഗ്രാമപഞ്ചായത്തുകളില്‍ 124 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ ഇത് 97 ആയിരുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തിരുവല്ല നഗരസഭ, കോട്ടാങ്ങല്‍, നിരണം, കോയിപ്രം, കോഴഞ്ചേരി, റാന്നി, അങ്ങാടി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും മല്ലപ്പള്ളി, കല്ലൂപ്പാറ, അയിരൂര്‍, കടപ്ര, ഓമല്ലൂര്‍, മലയാലപ്പുഴ, കലഞ്ഞൂര്‍, ചിറ്റാര്‍, ഏറത്ത്, മല്ലപ്പുഴശ്ശേരി, ചെന്നീര്‍ക്കര, തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലും പാര്‍ട്ടി നിലപാടുകള്‍ നിര്‍ണായകമാകും. 150-ഓളം സീറ്റുകളില്‍ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടതായാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍.

അതേസമയം ജില്ലാ പഞ്ചായത്തില്‍ കുളനട, കോയിപ്രം ഡിവിഷനുകളില്‍ വിജയം നേടാനാകുമെന്ന് കരുതിയെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റി.