കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരിവര്‍ഗകോളനിയിലുള്ളവര്‍ വോട്ടുചെയ്യണമെങ്കില്‍ 23 കിലോമീറ്റര്‍ സഞ്ചരിക്കണം. അഞ്ചാംവാര്‍ഡിലെ വോട്ടര്‍മാരാണിവര്‍. 64 വോട്ടാണ് കോളനിയിലുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കോളനിക്കുള്ളില്‍ പോളിങ് ബൂത്ത് അനുവദിക്കാത്തതിനാലാണ് ഇവര്‍ക്ക് ഇത്രയും ദൂരം സഞ്ചരിക്കേണ്ടിവരുന്നത്.

കല്ലേലി തോട്ടം വാര്‍ഡിലാണ് ആവണിപ്പാറ കോളനി ഉള്‍പ്പെട്ടിരിക്കുന്നത്. തോട്ടത്തിലെ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് പോളിങ് സ്റ്റേഷന്‍. കോളനിനിവാസികളായ വോട്ടര്‍മാര്‍ ഉള്‍ക്കാട്ടിലൂടെ വേണം പോളിങ് സ്റ്റേഷനിലെത്താന്‍. അതായത്, അച്ചന്‍കോവില്‍-കോന്നി കാനനപാതയിലൂടെ. ഇതുവഴി ബസോട്ടമില്ല. വോട്ടുചെയ്യാനെത്തുന്നവര്‍ക്ക് അതിനുള്ള യാത്രാസൗകര്യം ട്രൈബല്‍ വകുപ്പ് നല്‍കിയിട്ടുമില്ല. ജീപ്പ് വാടകയ്ക്കുപിടിച്ച് വരണമെങ്കില്‍ അതിനുള്ള പണം വോട്ടര്‍മാര്‍ കണ്ടെത്തേണ്ട സ്ഥിതിയാണ്.

ഇത്തവണ സ്‌പെഷ്യല്‍ പോളിങ് ബൂത്ത് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ നിവേദനം നല്‍കിയെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല. നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ആവണിപ്പാറയില്‍ പോളിങ് സ്റ്റേഷനുണ്ട്. സാധനസാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ആദ്യം പുറപ്പെടുന്ന പോളിങ് സ്റ്റേഷനുകളിലൊന്നാണിത്.

അച്ചന്‍കോവിലാറിന്റെ വടക്കേക്കരയിലെ മണ്ണാറപ്പാറ വനമേഖലയിലാണ് ആവണിപ്പാറ കോളനി. ആറിനക്കരെയുള്ള കോളനിയില്‍ കടക്കാന്‍ ഫൈബര്‍വള്ളം മാത്രമേയുള്ളൂ.

ആറിനുകുറുകെ വടംകെട്ടി അതില്‍പിടിച്ചാണ് അക്കരെയിക്കരെ വള്ളത്തില്‍ പോകുന്നത്. കഴിഞ്ഞയിടെ ഗിരിവര്‍ഗ കോളനിയില്‍ 1.60 കോടി രൂപ ചെലവഴിച്ച് വൈദ്യുതിയെത്തിച്ചിരുന്നു.