മല്ലപ്പള്ളി: കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ്. നേടിയ ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് ആനിക്കാട്. 2005-ല്‍ കോണ്‍ഗ്രസിലെ കെ.ജയവര്‍മ്മ ജയിച്ചു. 2010-ല്‍ കോണ്‍ഗ്രസ് അംഗം ശോശാമ്മ തോമസ് സീറ്റ് നിലനിര്‍ത്തി. എതിര്‍സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ ലീന ഫിലിപ്പിനെക്കാള്‍ 6363 വോട്ട് അധികം നേടി ജയിച്ച ശോശാമ്മ വൈസ് പ്രസിഡന്റുമായി. 2015-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റജി തോമസിന്റെയായിരുന്നു ഊഴം. സി.പി.ഐ.യുടെ മനോജ് ചരളേലിനെ 473 വോട്ടിനാണ് പിന്നിലാക്കിയത്. 2010-ല്‍ ബി.ജെ.പി.യുടെ ഉഷാകുമാരി 5137 വോട്ട് നേടിയപ്പോള്‍ 2015-ല്‍ ടി.കെ.രാജേഷ് 7735 വോട്ടുമായി നില മെച്ചപ്പെടുത്തി.

anikaduകോട്ടാങ്ങല്‍ കുളത്തൂര്‍ പൊറ്റമല ഓമന സുനിലിനെയാണ് പാരമ്പര്യം തുടരാന്‍ യു.ഡി.എഫ്. നിയോഗിച്ചിരിക്കുന്നത്. 2015 തിരഞ്ഞെടുപ്പില്‍ കൊറ്റനാട് ഡിവിഷനില്‍നിന്ന് ജയിച്ച് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അംഗം ആയിരുന്നു. കോട്ടാങ്ങല്‍ സര്‍വീസ് സഹകരണ ബാങ്ക് അംഗവുമായിട്ടുണ്ട്. എഴുമറ്റൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് റാന്നി നിയോജകമണ്ഡലം സെക്രട്ടറി, കോട്ടാങ്ങല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ബിരുദപഠനം നടത്തിയിട്ടുള്ള ഇവര്‍ കുളത്തൂര്‍മൂഴി ശബരിദുര്‍ഗ കോളേജില്‍ താല്‍ക്കാലിക അറ്റന്‍ഡറായി സേവനമനുഷ്ഠിക്കുന്നു.

കോണ്‍ഗ്രസ് കോട്ട പിടിച്ചെടുക്കാന്‍ വായ്പൂര് പുന്നത്തോട്ടത്തില്‍ രാജി പി. രാജപ്പനെയാണ് എല്‍.ഡി.എഫ്. ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി സി.പി.ഐ. സജീവ അംഗമായ രാജി മഹിളാസംഘം താലൂക്ക് കമ്മിറ്റി അംഗം, വില്ലേജ് സെക്രട്ടറി, എസ്.സി. െപ്രാമോട്ടര്‍, കീഴ്വായ്പൂര് വൊക്കേഷണല്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രീമെട്രിക് ഹോസ്റ്റല്‍ റസിഡന്റ് ട്യൂട്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.എസ്.സി., ബി.എഡ് യോഗ്യതയുമുണ്ട്.

ആനിക്കാട് പിടിച്ചെടുക്കാന്‍ ബി.ജെ.പി. സംസ്ഥാന സമിതി അംഗത്തെത്തന്നെയാണ് എന്‍.ഡി.എ. കളത്തിലിറക്കിയിരിക്കുന്നത്. എഴുമറ്റൂര്‍ മേച്ചേരില്‍ കെ.ബിന്ദു. കെ.പി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്, എസ്.സി. മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി, അയ്യപ്പജ്യോതി സമരസമിതി കണ്‍വീനര്‍ തുടങ്ങിയ നിലകളില്‍ പൊതുപ്രവര്‍ത്തനരംഗത്ത് 22 വര്‍ഷത്തെ സജീവസാന്നിധ്യമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മുന്‍പ് മത്സരിച്ചിട്ടുണ്ട്. ബി.കോം പഠനം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. ആനിക്കാട്, കോട്ടാങ്ങല്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണമായി ആനിക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ്. മല്ലപ്പള്ളി പഞ്ചായത്തിലെ ഒന്ന്, രണ്ട്, ആറു മുതല്‍ ഒന്‍പത്, പതിനാല് വാര്‍ഡുകളും കല്ലൂപ്പാറയിലെ ഏഴ് മുതല്‍ പതിമൂന്ന് വരെയും ഏഴുമറ്റൂരിലെ ഒന്ന് മുതല്‍ നാല് വരെയും പന്ത്രണ്ട് മുതല്‍ പതിനാല് വരെയും വാര്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടും.

കഴിഞ്ഞ തവണത്തെ വോട്ടുനില

ഭൂരിപക്ഷം-473. റജി തോമസ് (യു.ഡി.എഫ്.)-17800. മനോജ് ചരളേല്‍ (എല്‍.ഡി.എഫ്.)-17327. ടി.കെ.രാജേഷ് (ബി.ജെ.പി.)-7735. രാജപ്പന്‍ ആചാരി-1258. അസാധു-159