ptaകലഞ്ഞൂര്‍: നാല് പതിറ്റാണ്ട് മുന്‍പ് പ്രബലരായ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെയും ജനകീയ വിഷയം പറഞ്ഞ് എതിര്‍ത്താണ് കലഞ്ഞൂര്‍ ഗൗരിവിളാകം പുത്തന്‍ വീട്ടില്‍ (ഷണ്‍മുഖ വിലാസം) അഡ്വ. ജി.പി.രവീന്ദ്രന്‍നായര്‍ ജനകീയനായ സ്വതന്ത്രനായത്. വഴിയില്ലാത്തതിനാല്‍ രോഗികളെയും പ്രായമായവരെയും ചുമന്ന് കൊണ്ട് ആശുപത്രികളിലേക്ക് പോകുന്നതാണ് മനസ്സില്‍ ആദ്യവേദനായി നിറഞ്ഞ് നിന്നത്. 1976-ല്‍ ലോ കോളേജില്‍നിന്ന് നിയമ ബിരുദമെടുത്ത് നാട്ടിലേക്ക് വന്നപ്പോള്‍ മനസ്സില്‍ തട്ടിയ ഏറ്റവും വലിയ പ്രശ്നമായിരുന്നു ഇത് പഞ്ചായത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ ഇതിന് പ്രതിവിധി കാണാത്തത് വലിയ പ്രശ്‌നമായി തന്നെ തോന്നിയിട്ടുണ്ട്. പലര്‍ക്കും അധികാരം സേവനമല്ല എന്ന തിരിച്ചറിവും ആദ്യമായി സ്വതന്ത്രനായി മത്സരിക്കുന്നതിന് കാരണമായിയെന്ന് രവീന്ദ്രന്‍ നായര്‍ പറയുന്നു. 1979-ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് സുഹൃത്തായ കലഞ്ഞൂര്‍ കുറമക്കാട്ട് ഡോ. ഗോപാലപിള്ളയോട് ഇത് പറഞ്ഞപ്പോഴാണ് എങ്കില്‍ നീ തന്നെ അങ്ങ് മത്സരിക്ക് എന്ന നിര്‍ദേശം വെച്ചത്.

ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികള്‍ക്കെതിരേ കലഞ്ഞൂര്‍ പഞ്ചായത്തിന്റെ പഴയ നാലാം വാര്‍ഡിലാണ് സ്വതന്ത്രനായി മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയത്. അന്ന് സ്വതന്ത്രന്മാര്‍ക്ക് അനുവദിച്ചിട്ടുള്ള താമര ചിഹ്നത്തിലായിരുന്നു മത്സരം. 106 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. അന്ന് പഞ്ചായത്ത് ഭരണസമിതിയില്‍ 11 അംഗങ്ങളില്‍ മൂന്ന് പേരും സ്വതന്ത്രരായി ജയിച്ച് വന്നവരുമായിരുന്നു. ഭരണത്തില്‍ പങ്കാളികളാകാന്‍ ക്ഷണിച്ചുവെങ്കിലും സ്വതന്ത്രനായി തന്നെ തുടരുവാനാണ് തീരുമാനിച്ചത്. ജയിച്ച് ആദ്യം തന്നെ ചെയ്തതും വാര്‍ഡിലെ വലിയകോണ്‍-ചെറിയകോണ്‍ പ്രദേശങ്ങള്‍ക്കിടയിലുള്ള മുരുപ്പ് ഭാഗത്ത് റോഡ് ജനകീയ കൂട്ടായ്മയില്‍ നിര്‍മിച്ച് ജനങ്ങളുടെ വലിയ ബുദ്ധിമുട്ടിന് പരിഹാരം കാണുകയായിരുന്നു.

മനസ്സില്‍നിന്നും മായാതെ...

ആദ്യമായി സ്വതന്ത്രനായി ജയിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചതിന് ശേഷം രണ്ടാമത് മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശക പത്രിക വാങ്ങാന്‍ കലഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിലെത്തിയത് അവസാന ദിവസമായിരുന്നു. അവിടെ എത്തിയപ്പോള്‍ പത്രിക തീര്‍ന്നുപോയി എന്ന മറുപടിയും. പത്രിക ലഭിക്കണമെങ്കില്‍ പിന്നെ പറക്കോട് ബ്ലോക്ക് ഓഫീസില്‍ പോകുകയും വേണം. അതിന് സമയവുമില്ലായിരുന്നു. ഈ വിഷമത്തോടെ പഞ്ചായത്ത് ഓഫീസില്‍ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് ഒരു പരിചയക്കാരന്‍ എന്താണ് ഇവിടെ എന്ന് വിശേഷം ചോദിച്ച് എത്തിയത്.

പത്രിക വാങ്ങാനെത്തിയതാണ് അത് തീര്‍ന്നുപോയിയെന്ന് പറയുമ്പോള്‍ അദ്ദേഹം കൈയ്യില്‍നിന്ന് ഒരു പത്രിക എടുത്ത് നല്‍കി ഇത് നല്‍കാന്‍ പറഞ്ഞതാണ് മനസ്സില്‍നിന്ന് മായാതെ നില്‍ക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്നയാള്‍ സ്ഥാനാര്‍ഥിയായി വന്ന ആ തിരഞ്ഞെടുപ്പിലും ആറ് വോട്ടിന് ജയിക്കാന്‍ സാധിച്ചത് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്നും അഡ്വ. ജി.പി.രവീന്ദ്രന്‍നായര്‍ പറഞ്ഞു.