അടൂര്‍: വരൂ... ചായ കുടിച്ചിട്ടുപോകാം... ചൂടു ചായയ്‌ക്കൊപ്പം അല്‍പ്പം രാഷ്ട്രീയവും പറയാം. ഒരുകാര്യം... തര്‍ക്കം പാടില്ല. അത് നിര്‍ബന്ധം. നാളെയും തമ്മില്‍ കാണേണ്ടവരാണ്. ചൂരക്കോട് കശുവണ്ടി ഫാക്ടറിക്കുസമീപം ചായക്കട നടത്തുന്ന മധുവിന്റെ കടയിലാണ് അതിരാവിലെ മുതല്‍ രാഷ്ട്രീയം ചര്‍ച്ചയാകുന്നത്.

രാവിലെ അഞ്ചരമുതല്‍ ചായകുടിക്കാനായി ആളുകള്‍ മധുവിന്റെ കടയിലെത്തിത്തുടങ്ങും. എല്ലാ മുന്നണികളുടെയും ആളുകള്‍ ഇക്കൂട്ടത്തിലുണ്ടാകും. ചൂട് ചായ ഊതിക്കുടിക്കുന്നതിനൊപ്പം ഗ്രാമപ്പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളും ആരംഭിക്കും. കടയില്‍ 'മാതൃഭൂമി' പത്രം കൂടി എത്തുന്നതോടെ സംസ്ഥാനതലത്തിലേക്ക് ചര്‍ച്ച വളരും.

കൈമാറി വായിക്കുന്ന പത്രത്താളുകളിലെ വാര്‍ത്ത ഒരോന്നും ചര്‍ച്ചയാകും. സ്വന്തം പഞ്ചായത്ത് വാര്‍ഡിലെ സ്ഥാനാര്‍ഥികളെക്കുറിച്ച് സംസാരിക്കില്ല. കാരണം, മത്സരിക്കുന്നവര്‍ എല്ലാവരും പ്രിയപ്പെട്ടവരാണ്.

ആരെയും വെറുപ്പിക്കാനും മുഷിപ്പിക്കാനുമാകില്ല. ചര്‍ച്ച തര്‍ക്കത്തിലേക്ക് പോകുന്നുവെന്ന് തോന്നിയാല്‍ കടയുടമ മധു ഇടപെടും. തമാശ പറഞ്ഞ് സംസാരത്തിന്റെ ഗതിമാറ്റും. അതോടെ വിഷയത്തിന്റെയും വ്യാപ്തി കൂടും.

സംസാരത്തിനൊപ്പം പൊറോട്ടയും ദോശയുംകൂടി അകത്താക്കിയാല്‍ വീട്ടിലും പോകേണ്ട. എത്രനേരം വേണമെങ്കിലും ഇരിക്കാമെന്ന് പങ്കെടുക്കുന്നവര്‍ പറയുന്നു. രാവിലെ മാത്രമല്ല ഇവിടെ ചര്‍ച്ചകള്‍ നടക്കുന്നത് വൈകുന്നേരവുമുണ്ടാകും. കട റോഡരികിലായതിനാല്‍ എല്ലാ സ്ഥാനാര്‍ഥികളും ഇവിടെയെത്താറുണ്ടെന്ന് മധു പറഞ്ഞു.