പത്തനംതിട്ട: കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണത്തിനിറങ്ങി നടി അനുശ്രീ. ചെന്നീർക്കര പഞ്ചായത്തിലെ 12-ാം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി റിനോയ് വർഗീസിന് വേണ്ടിയാണ് അനുശ്രീ പരസ്യപ്രചരണത്തിനിറങ്ങിയത്. വാർഡിലെ കോൺഗ്രസ് കുടുംബസംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച നടി ആരാധകർക്കൊപ്പം സെൽഫിയുമെടുത്താണ് മടങ്ങിയത്.

റിനോയ് വർഗീസുമായി അനുശ്രീക്ക് ദീർഘകാല സൗഹൃദമാണുള്ളത്. ഇതാണ് പ്രചാരണത്തിനിറങ്ങാൻ കാരണമായത്. റിനോയ് വിജയിച്ചുകഴിഞ്ഞാൽ നാട്ടുകാർക്ക് ചെയ്തുകൊടുക്കേണ്ടതെല്ലാം ചെയ്യുമെന്ന് തനിക്ക് പൂർണവിശ്വാസമുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ പിന്തുണച്ച് പ്രചാരണത്തിനിറങ്ങിയതെന്നും അനുശ്രീ പറഞ്ഞു.

കുടുംബസംഗമത്തിന് ശേഷം നാട്ടുകാരെല്ലാം നടിയോടൊപ്പമുള്ള സെൽഫിയ്ക്കായി തിരക്കുകൂട്ടി. ആരെയും നിരാശപ്പെടുത്താതിരുന്ന അനുശ്രീ എല്ലാവർക്കുമൊപ്പം സെൽഫിയെടുക്കുകയും ചെയ്തു. ഡി.സി.സി, കെ.പി.സി.സി. നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

നേരത്തെ ബാലഗോകുലത്തിന്റെ ശോഭയാത്രയിൽ പങ്കെടുത്ത അനുശ്രീയെ ബി.ജെ.പി.യുമായി ബന്ധിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ അത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും ഇത് തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നുമായിരുന്നു ഇക്കാര്യത്തിൽ നടിയുടെ പ്രതികരണം. എന്തായാലും അനുശ്രീയുടെ സെൽഫികളും പ്രസംഗവുമെല്ലാം ചെന്നീർക്കരയിൽ വോട്ടായി മാറുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

Content Highlights:actress anusree in election campaign for congress candidate