കൊച്ചി: രണ്ടാംഘട്ട ത​ദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന വോട്ടർമാരുടെ ശരീര താപനില പരിശോധിക്കാനും സാനിറ്റൈസർ നൽകാനും റോബോട്ട്. എറണാകുളം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലാണ് സായാബോട്ടിന്റെ സേവനം. ഒരു മിനിറ്റിൽ താഴെ സമയം കൊണ്ടാണ് സായാബോട്ട് പരിശോധന പൂർത്തിയാക്കുന്നത്.

വോട്ട് ചെയ്യാൻ എത്തുന്നവരോട് റോബോട്ട് ആദ്യം തന്റെ ഇടത് കൈകയിലേക്ക് ശ്രദ്ധിക്കുക എന്ന് പറയും. പിന്നാലെ റോബോട്ട് കൈ ഉയർത്തി കൈയിൽ ഘടിപ്പിച്ചിട്ടുള്ള തെർമൽ സ്കാനറിലൂടെ വോട്ട് ചെയ്യാനെത്തിയ ആളുടെ ശരീര താപനില പരിശോധിക്കും. പിന്നീട് റോബോട്ടിന്റെ വലത് കൈയിൽ നിന്നും സാനിറ്റൈസർ വോട്ടർക്ക് നൽകും. അതിന് ശേഷം നിങ്ങളുടെ സ്ക്രീനിം​ഗ് കഴിഞ്ഞിരിക്കുന്നു. വോട്ട് ചെയ്യാനായി നിങ്ങൾക്ക് റൂമിലേക്ക് പ്രവേശിക്കാവുന്നതാണ്- റോബോട്ട് പറയും. ഇത്തരത്തിൽ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കുകയാണ് റോബോട്ട്. ഒപ്പം കോവിഡ് കാലത്ത് വോട്ട് ചെയ്യാനെത്തുന്നവർക്ക് അത്ഭുതം കൂടി ആവുകയാണ് സാനിറ്റൈസർ നൽകുന്ന റോബോട്ട്.

മാസ്ക് കൃത്യമായി ധരിച്ചിട്ടില്ലെങ്കിലോ ഒന്നിൽ കൂടുതൽ ആളുകൾ അടുത്ത് നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സോഷ്യൽ ഡിസ്റ്റന്‍സിങ്‌ പാലിക്കേണ്ടതിൻറെ നിർദ്ദേശം നൽകും. താപനില കൂടുതലാണെങ്കിൽ പോളിംഗ് ഓഫീസറുമായി ആയി ബന്ധപ്പെട്ട് പ്രത്യേകം വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തേടാൻ ആവശ്യപ്പെടും.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന് വേണ്ടിയാണ് റോബോട്ട് പോളിം​ഗ് സ്റ്റേഷന് പുറത്ത് വെച്ചതെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് തൃക്കാക്കര കമ്മ്യൂണിറ്റി ഹാൾ സന്ദർശിച്ച ശേഷം പ്രതികരിച്ചു. ജില്ലയിൽ കനത്ത പോളിം​ഗ് ആണ് നടക്കുന്നത്. മാസ്ക് ധരിച്ചും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുമാണ് ജനങ്ങൾ വോട്ട് ചെയ്യാൻ എത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

കളമശേരി സ്റ്റാർട്ട്അപ്പ് വില്ലേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് ആണ് സായാ ബോട്ടിന്റെ നിർമാണത്തിന് പിന്നിൽ. രണ്ടു ദിവസം കൊണ്ടാണ് നിലവിലുള്ള റോബോട്ടിനെ ഇത്തരത്തിൽ സജ്ജീകരിച്ചത് എന്ന് അസിമോവ് റോബോട്ടിക്സ് സി ഇ ഒ ജയകൃഷ്ണൻ പറഞ്ഞു. ജില്ലാ ഭരണ കൂടത്തിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സായാ ബോട്ടിന്റെ സേവനം സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.