പാലക്കാട്: തിരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യത്തെ മണിക്കൂറിൽതന്നെ പലയിടത്തും വോട്ടിങ്‌ യന്ത്രത്തിന് പ്രശ്നങ്ങൾ. സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ പോളിങ്‌ ബൂത്തിൽ രാവിലെ ഏഴുമണിക്ക് ആദ്യത്തെ വോട്ട് പോൾചെയ്യവെ തന്നെ ഇലക്‌ട്രോണിക് വോട്ടിങ്‌ മെഷീൻ തകരാറിലായി. തുടർന്ന്, രണ്ട് മെഷീനുകളെത്തിച്ചെങ്കിലും എല്ലാത്തിലും പ്രശ്നമാവർത്തിച്ചു. 8.45-ഓടെ സാങ്കേതികവിദഗ്‌ധരെത്തി പ്രശ്നം പരിഹരിച്ചു. പിരായിരി പതിനൊന്നാം വാർഡിൽ ഒന്നാം ബൂത്തിൽ വോട്ടിങ് മെഷീനിൽ പോളിങ് ഉദ്യോഗസ്ഥരിലൊരാൾ അബദ്ധത്തിൽ ക്ലോസിങ് ബട്ടണിൽ അമർത്തിയതോടെ പോളിങ് നിന്നു. തുടർന്ന്, മറ്റൊരു വോട്ടിങ് യന്ത്രമെത്തിച്ചാണ് പോളിങ് പുനരാരംഭിച്ചത്. ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ തോട്ടര ബാലബോധിനി എൽ.പി. സ്കൂളിലും പോളിങ്‌ മെഷീൻ തകരാറിലായി.

അരമണിക്കൂർ വോട്ടെടുപ്പ് തടസ്സപ്പെട്ടു.അഗളി പഞ്ചായത്തിലെ 18-ാം വാർഡായ ഒമ്മലയിൽ രണ്ടുമണിക്കൂറോളം യന്ത്രം തകരാറിലായതിനെതുടർന്ന് പോളിങ് തടസ്സപ്പെട്ടു. ആനവായ് എൽ.പി. സ്കൂളിലെ പോളിങ് ബൂത്തിലും പുതൂർ ബൂത്തിലും മെഷീൻ തകരാറിലായി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ രണ്ട് ബൂത്തുകളിൽ ഒരുമണിക്കൂറോളം വോട്ടിങ് തടസ്സം നേരിട്ടു. പട്ടാമ്പി താലൂക്കിലുംപട്ടാമ്പി ബ്ലോക്കിലും നാല് ബൂത്തുകളിൽ പോളിങ് തുടങ്ങാൻ വൈകി. വല്ലപ്പുഴയിൽ ഒരുമണിക്കൂറിലേറെ പോളിങ്‌ തടസ്സപ്പെട്ടു. ചുഡുവാലത്തൂരിൽ വോട്ടിങ്‌ യന്ത്രം മൂന്നുതവണ മാറ്റിയാണ് വോട്ടെടുപ്പ് നടത്താനായത്. ചുഡുവാലത്തൂർ സൗത്ത് ബൂത്തിലായിരുന്നു സംഭവം. പുന്നപ്പാടം, മുടപ്പല്ലൂർ, ആയക്കാട്, തൃപ്പന്നൂർ, വണ്ടാഴി, മംഗലംഡാം,പെരുമാട്ടി,അഗളി,ആനവായ്,മലമ്പുഴ എന്നിവിടങ്ങളിലും വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കി.

ക്ലിപ്പും പേനയും വില്ലൻമാർ

കടമ്പഴിപ്പുറം പതിനൊന്നാം വാർഡ് അഴിയന്നൂരിലെ രണ്ടാം ബൂത്തിലാണ് മുടിയിൽവെക്കുന്ന ക്ലിപ്പ് ഉപയോഗിച്ച് വോട്ട് ചെയ്യാൻ ശ്രമിച്ച് യന്ത്രം തകരാറിലാക്കിയത്. ക്ലിപ്പ് യന്ത്രത്തിൽ കുടുങ്ങിയതോടെ രാവിലെ അരമണിക്കൂറോളം വോട്ടിങ്‌ തടസ്സപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തെത്തുടർന്ന് തേങ്കുറിശ്ശി ,

വെമ്പല്ലൂർ, പട്ടത്തലച്ചി, കാമ്പ്രത്ത്ചള്ള, മൈലാറോഡ് എന്നിവടങ്ങളിൽ വോട്ടർമാർ വിരൽ കൊണ്ട് യന്ത്രത്തിലമർത്താൻ മടിച്ച് പേനയുപയോഗിച്ചതിനാൽ പലേടത്തും യന്ത്രം പണിമുടക്കി.