വിളയൂര്‍: പഞ്ചായത്തിലെ മുന്നണിസ്ഥാനാര്‍ഥികള്‍ക്ക് ഇത്തവണ അപരന്‍മാരുടെ തലവേദനയില്ല. ആകെയുള്ളത് ഒരുവിമത സ്ഥാനാര്‍ഥിയും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും.

തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിഞ്ഞതോടെ പഞ്ചായത്തില്‍ 15 വാര്‍ഡുകളിലായി 38 സ്ഥാനാര്‍ഥികളാണുള്ളത്. പട്ടാമ്പി ബ്ലോക്കില്‍ ഏറ്റവും കുറവ് സ്ഥാനാര്‍ഥികളും വിളയൂരില്‍ തന്നെയാണ്.

എഴ് വാര്‍ഡുകളില്‍ എല്‍.ഡി.എഫ്., യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നേരിട്ടുള്ള മത്സരമാണ്. ആറ് വാര്‍ഡുകളില്‍മാത്രമാണ് ബി.ജെ.പി. മത്സരിക്കുന്നത്.

ആറാംവാര്‍ഡില്‍ സെമീര്‍ ഞെളിയത്തൊടി സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ എട്ടാം വാര്‍ഡില്‍ എന്‍.പി. ഷാഹുല്‍ഹമീദ് സി.പി.എം. വിമതസ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ട്. എല്‍.ഡി.എഫ്. രണ്ടിടത്ത് സ്വതന്ത്രന്‍മാരെ മത്സരിപ്പിക്കുമ്പോള്‍, യു.ഡി.എഫ്. അഞ്ചിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരിക്കുന്നത്.

പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.വി. ഗംഗാധരന്‍, നിലവിലെ സ്ഥിരംസമിതി അധ്യക്ഷന്‍ എ.കെ ഉണ്ണിക്കൃഷ്ണന്‍, മുന്‍ സ്ഥിരംസമിതി അധ്യക്ഷ ബേബി ഗിരിജ തുടങ്ങിയവര്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളായി മത്സരരംഗത്തുണ്ട്.

യു.ഡി.എഫില്‍ നിലവിലെ സ്ഥിരംസമിതി അധ്യക്ഷന്‍ നീലടി സുധാകരന്‍, നിലവിലെ പഞ്ചായത്തംഗങ്ങളായിരുന്ന ഹുസൈന്‍ കണ്ടേങ്കാവ്, ചൈതന്യ സുധീര്‍ തുടങ്ങിയവരും മത്സരരംഗത്തുണ്ട്.