പാലക്കാട്: അഴിമതിരഹിതഭരണം വാഗ്ദാനംചെയ്ത് അധികാരത്തിലെത്തിയ എല്‍.ഡി.എഫും ബി.ജെ.പി.യും കുടുംബശ്രീ യൂണിറ്റുകളെപ്പോലും വെട്ടിപ്പിനുപയോഗിച്ചെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ എം.പി. അഴിമതിക്കെതിരായ വോട്ട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വോട്ട് തേടുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 20 തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമായി യു.ഡി.എഫ്. ഭരണം ഒതുങ്ങിയപ്പോള്‍ മറ്റിടങ്ങളില്‍ എല്‍.ഡി.എഫും ബി.ജെ.പി.യും അഞ്ചുവര്‍ഷം നടത്തിയത് സമാനതകളില്ലാത്ത അഴിമതികളാണെന്ന് പാലക്കാട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാപഞ്ചായത്തില്‍ ഇത്തവണ യു.ഡി.എഫ്. ഭരണം നേടും. കഴിഞ്ഞ എല്‍.ഡി.എഫ്. ഭരണസമിതിയിലെ അധികാരത്തര്‍ക്കങ്ങള്‍മൂലം കോവിഡ് പ്രതിരോധപദ്ധതികള്‍ പോലും ഫലപ്രദമായി നടന്നില്ല. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ ഏറെയും പിന്‍സീറ്റ് ഭരണത്തിലൂടെ അഴിമതിയുടെ കേന്ദ്രങ്ങളായി. കുടുംബശ്രീ യൂണിറ്റുകളെപ്പോലും വെട്ടിപ്പില്‍നിന്ന് മുക്തരാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലയില്‍ ഇക്കുറി 50 മുതല്‍ 60 വരെ തദ്ദേശസ്ഥാപനങ്ങളില്‍ യു.ഡി.എഫ്. ഭരണത്തിലെത്തുമെന്ന് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ യു.ഡി.എഫിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് നഗരസഭയിലെ ബി.ജെ.പി. ഭരണസമിതിക്ക് അമൃത് പദ്ധതി പകുതിപോലും പൂര്‍ത്തിയാക്കാനായില്ല. നഗരത്തിലെ റോഡുകള്‍ ഏറെയും തകര്‍ന്നു. മാലിന്യം റോഡരികില്‍ കുന്നുകൂടി. ഇതിനിടെ ശ്മശാനത്തിലെ മണ്ണുപോലും കടത്തിക്കൊണ്ടുപോയെന്ന് ആരോപണമുയര്‍ന്നു.

കോണ്‍ഗ്രസില്‍ ഇതുവരെയുള്ള സ്ഥാനാര്‍ഥിനിര്‍ണയം ഈ മാനദണ്ഡം പാലിച്ചാണ് നടന്നത്. തര്‍ക്കമുള്ള വാര്‍ഡുകളില്‍ പലവട്ടം സ്ഥാനാര്‍ഥികളായിരുന്നവരേക്കാള്‍ പരിഗണന യുവാക്കള്‍ക്ക് നല്‍കിയെന്നും വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.

content highlights: UDF will win district panchayat say VK Sreekandan MP