പാലക്കാട്: സ്ഥാനാർഥിനിർണയം യു.ഡി.എഫിൽ ഏറെക്കുറെ പൂർത്തിയായപ്പോൾ നാലുവട്ടം മത്സരിച്ചവർക്ക് സീറ്റില്ലെന്ന നിലപാടിൽ പുറത്തായവരേക്കാളേറെപ്പേർ പട്ടികയിൽ കയറിക്കൂടിയെന്ന് ആക്ഷേപം. യു.ഡി.എഫിലെ മുന്നണിപ്പോരാളികളായിരുന്നവർക്ക് സീറ്റില്ലാതായത് പാലക്കാട് നഗരസഭയിലടക്കം പലയിടത്തും വിജയസാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമെന്നും പരാതി ഉയർന്നിട്ടുണ്ട്.

ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർമാൻ കെ. മധു, പാലക്കാട് നഗരസഭയിൽ മാട്ടുമന്ത വാർഡിനെ പ്രതിനിധീകരിച്ചിരുന്ന കെ. ഭവദാസ്, പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ പി.എസ്. ശിവദാസ്, എലപ്പുള്ളിയിലെ എസ്. സുനിൽകുമാർ, പിരായിരിയിലെ എം. ഇസ്മയിൽ, മേലാർകോട്ടെ എ. രാഘവൻ തുടങ്ങിയവർക്കാണ് സീറ്റ് ലഭിക്കാത്തത്.

ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കമ്മുക്കുട്ടി എടത്തോൾ, കൊല്ലങ്കോട് ബ്ലോക്ക് സ്ഥാനാർഥി പി. മാധവൻ, മാത്തൂരിലെ പി.വി. അബ്ദുൾ ഖാദർ, ഒറ്റപ്പാലം നഗരസഭയിലെ ജോസ് തോമസ്, പുതുനഗരം ഗ്രാമപ്പഞ്ചായത്തിലെ യു. ശാന്തകുമാർ, തരൂരിലെ ശാന്താ ജയറാം, മലമ്പുഴയിലെ ഇ.വി. കോമളം, പാലക്കാട് നഗരസഭയിലെ യു.ഡി.എഫ്. സ്വതന്ത്ര ചെമ്പകം എന്നിവരാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടും സ്ഥാനാർഥികളാവാൻ കഴിഞ്ഞവർ. ഇവരിൽ നാലുമുതൽ ആറുവട്ടംവരെ പ്രതിനിധികളായവരുമുണ്ടെന്നാണ് പരാതി.