പാലക്കാട്: ജില്ലയിൽ വ്യാഴാഴ്ചനടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 18,26,829 േപർ വോട്ടുചെയ്തു. 23,37,412 വോട്ടർമാരുള്ള ജില്ലയിൽ അന്തിമ പോളിങ് ശതമാനം 78.14 ശതമാനമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2.27 ശതമാനം കുറവാണ് ഇക്കുറി പോളിങ്. റെക്കോഡ് പോളിങ് നടന്ന 2015-ലെ തിരഞ്ഞെടുപ്പിൽ 80.41 ശതമാനമായിരുന്നു. അന്ന് 21,30,683 വോട്ടർമാരിൽ 17,13,355 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 75.25 ശതമാനമായിരുന്നു ജില്ലയിലെ പോളിങ്. 2005-ൽ 61 ശതമാനം പേരാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയിരുന്നത്.

ജില്ലയിലെ 11,20,871 പുരുഷ വോട്ടർമാരിൽ 8,79,673 പേരും (78.47 ശതമാനം) 12,16,521 സ്ത്രീ വോട്ടർമാരിൽ 9,47,153 പേരും (77.85 ശതമാനം) 20 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ മൂന്നുപേരും (15 ശതമാനം) വോട്ട്‌ രേഖപ്പെടുത്തി.

ജില്ലയിലെ ഏഴ് നഗരസഭകളിലായി ആകെ 3,06,108 വോട്ടർമാരിൽ 2,25,073 പേർ വോട്ട് രേഖപ്പെടുത്തി -73.5 ശതമാനം. 1,45,457 പുരുഷ വോട്ടർമാരിൽ 1,08,251 പേരും (74.42ശതമാനം) 1,60,644 സ്ത്രീ വോട്ടർമാരിൽ 1,16,822 പേരും (72.72 ശതമാനം) വോട്ട് ചെയ്തു.

ചിറ്റൂർ-തത്തമംഗലം നഗരസഭയിലാണ് പോളിങ് കൂടുതൽ -81.5 ശതമാനം. ഇവിടെ 26,997 വോട്ടർമാരിൽ 22,025 പേർ വോട്ട് ചെയ്തു. പാലക്കാട് നഗരസഭയിലാണ് കുറവ് -67.2 ശതമാനം. 1,17,616 വോട്ടർമാരിൽ 39,266 പുരുഷന്മാരും 39,780 സ്ത്രീകളും ഉൾപ്പെടെ 79,046 പേരാണ് വോട്ടുചെയ്തത്.

ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളിലായുള്ള 9,75,414 പുരുഷ വോട്ടർമാരിൽ 7,71,422 പേരും (79.09 ശതമാനം) 10,55,877 സ്ത്രീ വോട്ടർമാരിൽ 8,30,331 പേരും (78.64 ശതമാനം) 13 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ മൂന്ന് പേരും (23.08 ശതമാനം) വോട്ട്‌ രേഖപ്പെടുത്തി.

ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവുംകൂടുതൽ വോട്ട് ചിറ്റൂർ ബ്ലോക്കിലാണ് രേഖപ്പെടുത്തിയത് -82.2 ശതമാനം. ഇവിടെ 1,58,809 വോട്ടർമാരിൽ 1,30,545 പേർ വോട്ട് ചെയ്തു. ഇതിൽ 64,362 പുരുഷന്മാരും 66,182 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു.

മലമ്പുഴ ബ്ലോക്കിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്‌ -75.3 ശതമാനം. ബ്ലോക്കിലെ 1,54,606 വോട്ടർമാരിൽ 1,16,453 പേർ വോട്ട് ചെയ്തു. ഇതിൽ 57,626 പുരുഷന്മാരും 58,826 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡർ വോട്ടറുമുണ്ട്.