കൂറ്റനാട്: തദ്ദേശതിരഞ്ഞെടുപ്പില്‍ തൃത്താല ബ്ലോക്കില്‍ ഇക്കുറി കടുത്ത പോരാട്ടമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ്. ഭരണം പിടിച്ചെടുക്കുകയായിരുന്നു. മൊത്തം 15 സീറ്റില്‍ ഒമ്പത് സീറ്റ് നേടിയാണ് എല്‍.ഡി.എഫ്. അധികാരത്തിലേറിയത്. പ്രതിപക്ഷമായ യു.ഡി.എഫില്‍ നാല് സീറ്റ് കോണ്‍ഗ്രസ്സിനും രണ്ട് സീറ്റ് മുസ്ലിം ലീഗിനുമുണ്ട്.

പരിചയസമ്പന്നരെയും യുവാക്കളെയുമാണ് സ്ഥാനാര്‍ഥികളായി എല്‍.ഡി.എഫ്. നിലവില്‍ മത്സരരംഗത്തിറക്കിയിട്ടുള്ളത്. തൃത്താല പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണകുമാര്‍ ഇക്കുറി മേഴത്തൂര്‍ ഡിവിഷനില്‍നിന്ന് ബ്ലോക്ക് സ്ഥാനാര്‍ഥിയാണ്. 15-ല്‍ എട്ട് സ്ഥാനാര്‍ഥികളും വനിതകളാണ്.

ഡി.വൈ.എഫ്.ഐ., മഹിളാ അസോസിയേഷന്‍ നേതാക്കളും സ്ഥാനാര്‍ഥിപട്ടികയിലുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബ്ലോക്കിന്റെ വികസനനേട്ടങ്ങളും സംസ്ഥാനസര്‍ക്കാരിന്റെ വികസനമുന്നേറ്റവും ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ്. പ്രചാരണം മുന്നോട്ടുപോകുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവിട്ട ബ്ലോക്ക് ഭരണം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ്. ശ്രമം.

വികസനത്തിലെ കോട്ടങ്ങള്‍ അടക്കം പ്രചാരണവിഷയമാക്കി മാറ്റുന്നുണ്ട്. കഴിഞ്ഞതവണ ചാലിശ്ശേരിയിലെ ആദ്യ പ്രസിഡന്റായിരുന്ന ടി.കെ. സുനില്‍കുമാര്‍ ഇക്കുറി ബ്ലോക്കിലേക്ക് മത്സരിക്കുന്നുണ്ട്. കൂടാതെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍, പഞ്ചായത്തംഗങ്ങള്‍, മണ്ഡലം നേതാക്കള്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.

മുസ്ലിം ലീഗും പരിചയസമ്പന്നരായ സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിട്ടുള്ളത്. മുന്നണിക്കകത്ത് പ്രശ്നങ്ങളില്ലാത്തതും മറ്റും ഇക്കുറി യു.ഡി.എഫ്. ക്യാമ്പിന് ആശ്വാസമാവുന്നുണ്ട്. ബി.ജെ.പി.യും ഇക്കുറി ശക്തമായി രംഗത്തുണ്ട്.

ബ്ലോക്കില്‍ സീറ്റുനേടി നില മെച്ചപ്പെടുത്താനാണ് ബി.ജെ.പി. ശ്രമം. കേന്ദ്രസര്‍ക്കാരിന്റെ വികസനനേട്ടങ്ങളടക്കം പ്രചാരണവിഷയങ്ങളാക്കുന്നുണ്ട്.