ഷൊര്‍ണൂര്‍: തിരുത്തലുകളും പുനഃപരിശോധനയുമില്ലാതെ സി.പി.എം. ഷൊര്‍ണൂര്‍ നഗരസഭയുടെ സ്ഥാനാര്‍ഥിപട്ടികയായി. എം.കെ. ജയപ്രകാശ് അധ്യക്ഷസ്ഥാനാര്‍ഥിയായുള്ള പട്ടിക ദിവസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പുറത്തിറക്കിയത്.

എം.ആര്‍. മുരളിയെ ഒഴിവാക്കിയുള്ള പട്ടിക പുനഃപരിശോധിക്കാന്‍ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരുന്നെങ്കിലും പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് ഏരിയാ കമ്മിറ്റി തീരുമാനിച്ചത്. ഇതിനിടയില്‍ അധ്യക്ഷസ്ഥാനാര്‍ഥിയായിരുന്ന എം.കെ. ജയപ്രകാശ് മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചതോടെയാണ് അനിശ്ചിതത്വമാരംഭിച്ചത്.

രണ്ടുദിവസം പാര്‍ട്ടിക്കകത്തെ ചര്‍ച്ചകള്‍ക്കുശേഷം തിങ്കളാഴ്ച എം.കെ. ജയപ്രകാശിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. മുമ്പ് നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി നിശ്ചയിച്ചിരുന്നവരെത്തന്നെയാണ് പ്രഖ്യാപിച്ചത്. 29-ാം വാര്‍ഡിലാണ് ഷൊര്‍ണൂര്‍ അര്‍ബന്‍ ബാങ്ക് ജനറല്‍ മനേജരായ എം.കെ. ജയപ്രകാശ് മത്സരിക്കുക. മറ്റ് വാര്‍ഡുകളിലെല്ലാം ചുവരെഴുത്തും മറ്റ് പ്രചാരണപരിപാടികളും ആരംഭിച്ചുകഴിഞ്ഞിരുന്നു.