വടക്കഞ്ചേരി: സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായപ്പോള്‍ വടക്കഞ്ചേരി പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ ഒമ്പതെണ്ണത്തിലും അപരന്മാര്‍. ഇതില്‍ എട്ട് വാര്‍ഡുകളിലായി കോണ്‍ഗ്രസിന് ഓരോന്നും ഒരു വാര്‍ഡില്‍ യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥിക്കും അപരന്മാരുണ്ട്. രണ്ട് വാര്‍ഡിലായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കും ഓരോ അപരനുണ്ട്.

ഇത്തവണ മികച്ച മുന്നേറ്റം നടത്താനാകുമെന്ന ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന യു.ഡി.എഫിന് അപരന്മാരുടെ ശല്യം തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ട്. ആറാം വാര്‍ഡ് അഞ്ചുമൂര്‍ത്തി, എട്ടാം വാര്‍ഡ് തെക്കേത്തറ, 12-ാം വാര്‍ഡ് മന്ദം, 13-ാം വാര്‍ഡ് ഗ്രാമം, 14-ാം വാര്‍ഡ് വടക്കഞ്ചേരി, 15-ാം വാര്‍ഡ് പള്ളിക്കാട്, 17-ാം വാര്‍ഡ് കാളാംകുളം, 18-ാം വാര്‍ഡ് കുറുവായ്, 19-ാം വാര്‍ഡ് പന്നിയങ്കര എന്നിവിടങ്ങളിലാണ് അപരന്മാരുള്ളത്.

എട്ടാം വാര്‍ഡിലും 19-ാം വാര്‍ഡിലും കോണ്‍ഗ്രസിനും സി.പി.എമ്മിനും അപരനുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിന് ഏഴ് വാര്‍ഡുകളിലും എല്‍.ഡി.എഫ് 13 വാര്‍ഡുകളിലുമാണ് വിജയിച്ചത്. രണ്ട് വാര്‍ഡുകളില്‍ ഒരക്കത്തിന്റെയും മൂന്ന് വാര്‍ഡുകളില്‍ രണ്ടക്കത്തിന്റെയും ഭൂരിപക്ഷത്തിലായിരുന്നു എല്‍.ഡി.എഫിന്റെ ജയം.

അനങ്ങന്‍മലയില്‍'വിജയന്‍മാര്‍'

ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയുടെ ഒന്നാം വാര്‍ഡ് അനങ്ങന്‍മലയിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ വിജയന്മാരുടെ തിരക്കാണ്. ആകെയുള്ള ആറു സ്ഥാനാര്‍ഥികളില്‍ നാലും വിജയന്മാരാണ്. അതില്‍ മൂന്നുപേരോ അപരന്മാരും. യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥി വിജയന്‍ വരോടിനെ തോല്‍പ്പിക്കാനാണ് മൂന്ന് വിജയന്മാരെ രംഗത്തിറക്കിയത്.

സി.പി.എമ്മിന്റെ സിറ്റിങ് വാര്‍ഡാണ് വരോട്ടെ അനങ്ങന്‍മല. ഇവിടെ അനങ്ങന്‍മലയിലെ ക്വാറിയുമായി ബന്ധപ്പെട്ട് വിവാദം ഗുണകരമാക്കി സീറ്റ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വതന്ത്രസ്ഥാനാര്‍ഥിയെ നിര്‍ത്തി 'പണി' കൊടുക്കാന്‍ യു.ഡി.എഫ്. തീരുമാനിച്ചത്. അപ്പോഴാണ് എതിര്‍പാര്‍ട്ടിക്കാര്‍ 'വിജയന്‍മാരെ' ഇറക്കി തിരിച്ചും പണിതത്. യു.ഡി.എഫ്. പിന്തുണയ്ക്കുന്ന വിജയന്‍ വരോടിനൊപ്പം വിജയകുമാര്‍, വിജയന്‍, എം. വിജയന്‍ എന്നിങ്ങനെ മൂന്ന് സ്ഥാനാര്‍ഥികളാണ് രംഗത്ത്. സി.പി.എമ്മാണ് അപരന്‍മാര്‍ക്ക് പിന്നിലെന്നാണ് യു.ഡി.എഫിന്റെ ആരോപണം. പൊതുസ്വതന്ത്രസ്ഥാനാര്‍ഥിയെന്ന നിലയില്‍ നിര്‍ത്തിയിട്ടുള്ളത് കോണ്‍ഗ്രസുകാരനെയാണെന്ന് സി.പി.എമ്മും ആരോപിക്കുന്നു. മൊബൈല്‍ ഫോണ്‍, ആപ്പിള്‍, ഓട്ടോറിക്ഷ, മണ്‍കലം തുടങ്ങി വിജയന്‍മാര്‍ക്ക് ചിഹ്നങ്ങളുമായി.

കൊപ്പത്ത് 52പേര്‍

കൊപ്പം: പഞ്ചായത്തില്‍ മുന്നണിസ്ഥാനാര്‍ഥികളടക്കം 52 പേര്‍ മത്സരരംഗത്ത്. സ്ഥാനാര്‍ഥിചിത്രം വ്യക്തമായതോടെ രണ്ട് വാര്‍ഡുകളില്‍ അപരന്മാരുടെ സാന്നിധ്യം മുന്നണിസ്ഥാനാര്‍ഥികള്‍ക്ക് തലവേദനയാവുന്നു. 16-ാം വാര്‍ഡിലാണ് മൂന്ന് ഇബ്രാഹിംകുട്ടിമാരുടെ മത്സരം നടക്കുന്നത്. രണ്ട് മുസ്തഫമാരും വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫിലെ എസ്. ഇബ്രാഹിംകുട്ടി, സ്വതന്ത്രസ്ഥാനാര്‍ഥികളായ എസ്. ഇബ്രാഹിംകുട്ടി സങ്കേതത്തില്‍, ഇബ്രാഹിംകുട്ടി എന്നിവരാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി ഇ. മുസ്തഫക്ക് അപരനായി കെ. മുസ്തഫയും മത്സരരംഗത്തുണ്ട്. എന്‍.ഡി.എ. സ്ഥാനാര്‍ഥി പ്രദീപ്കുമാര്‍ എന്ന ദീപു താമരചിഹ്നത്തിലും വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. എറ്റുവുംകൂടുതല്‍ സ്ഥാനാര്‍ഥികളും 16-ാം വാര്‍ഡിലാണ്; ആറുപേര്‍. നാലാംവാര്‍ഡില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.വി. ഷംസുവിന് അപരനായി കെ. ഷംസുദ്ദീനും മത്സരരംഗത്തുണ്ട്. എഴാംവാര്‍ഡില്‍ രണ്ട് മുസ്തഫമാരും 10-ാം വാര്‍ഡില്‍ രണ്ട് വത്സലമാരും രംഗത്തുണ്ട്.

content highlights: rebel candidates in local body election