പാലക്കാട്: പാര്‍ട്ടിയോടും മുന്നണിയോടുമൊക്കെ പ്രത്യക്ഷത്തില്‍ കലഹിച്ചാണ് ഇവര്‍ മത്സരരംഗത്തെത്തിയത്. പക്ഷേ, ഒറ്റശ്വാസത്തില്‍ എല്ലാവരും പറയും: 'ഞങ്ങളാരും വിമതരല്ല, സ്ഥാനാര്‍ഥികള്‍ മാത്രമാണ്.'

ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് വിമതര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ ഇല്ലെന്നുതന്നെ പറയാം. അതേസമയം നഗരസഭകളിലും ഗ്രാമപ്പഞ്ചായത്തുകളിലും അതല്ല സ്ഥിതി. സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുംവരെ പ്രതീക്ഷയിലായിരുന്ന പലരും സീറ്റില്ലെന്ന് ഉറപ്പായതോടെ സ്വതന്ത്രരായി പത്രിക സമര്‍പ്പിച്ചിരുന്നു. അവസാനനിമിഷം ഭാഗ്യം തെളിഞ്ഞേക്കാമെന്നായിരുന്നു മിക്കവരുടെയും പ്രതീക്ഷ. പത്രിക പിന്‍വലിക്കാനുള്ള അവസാനസമയം കഴിഞ്ഞതോടെ ഇവര്‍ സര്‍വതന്ത്രസ്വതന്ത്രരായി.

എല്ലാവര്‍ക്കും തലവേദന

കോണ്‍ഗ്രസ്സിനും സി.പിഎമ്മിനും സി.പി.ഐ.ക്കും ലീഗിനും എല്ലാം വിമതശബ്ദമുയര്‍ത്തുന്ന സ്വതന്ത്രര്‍ തലവേദനയാണ്. പാലക്കാട് നഗരസഭയിലും പട്ടാമ്പിയിലുമൊക്കെ ഇത്തരം സ്വതന്ത്രര്‍ യു.ഡി.എഫിന്റെ നെഞ്ചിടിപ്പാണ് കൂട്ടുന്നത്. എന്നാല്‍, മണ്ണൂരിലുള്‍പ്പെടെ പരസ്പരം എല്‍.ഡി.എഫിലെ പ്രമുഖരായ സി.പിഎമ്മും സി.പി.ഐയുമാണ്. ഇവിടെ ആര് ആരെ വിമതര്‍ എന്നുവിശേഷിപ്പിക്കും? മുതലമടയിലും അട്ടപ്പാടിയിലും എലപ്പുള്ളിയിലുമൊക്കെ സി.പി.എം. സ്ഥാനാര്‍ഥികള്‍ക്കെതിരേ സഹയാത്രികരായിരുന്നവര്‍ മത്സരരംഗത്തുണ്ട്. തിരഞ്ഞെടുപ്പുഫലം വരുമ്പോള്‍ വിമതവേഷത്തിലെത്തിയ എത്രപേര്‍ ജയിച്ചുകയറുമെന്ന ആകാംഷയിലാണ് വോട്ടര്‍മാര്‍.

പട്ടാമ്പി നഗരസഭയില്‍ ഏഴിടത്താണ് വിമതസ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന ടി.പി. ഷാജിയുടെ നേതൃത്വത്തില്‍ ആറിടത്ത് മുന്നണിസ്ഥാനാര്‍ഥികള്‍ക്കെതിരേ പോരടിക്കുന്നു. മണ്ഡലം പ്രസിഡന്റായിരുന്ന ഉമ്മര്‍ കീഴായൂരും മത്സരരംഗത്താണ്. ഇവരെയെല്ലാം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

വിളയൂരില്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവും സി.ഐ.ടി.യു. നേതാവുമായ എന്‍.പി. ഷാഹുല്‍ ഹമീദാണ് വിമതസ്ഥാനാര്‍ഥി. മത്സരരംഗത്തേക്ക് വന്നതോടെ ഷാഹുലിനെയും പാര്‍ട്ടി പുറത്താക്കി.

തിരുവേഗപ്പുറയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും വിമതരുണ്ട്. 11-ാം വാര്‍ഡില്‍ യു.ഡി.എഫിനാണ് വിമതശല്യമെങ്കില്‍ 13-ാം വാര്‍ഡിലത് എല്‍.ഡി.എഫിനെയാണ് അലട്ടുന്നത്. 11-ല്‍ മുന്നണിസ്ഥാനാര്‍ഥി ലീഗിലെ പി.ടി. ഹംസക്കെതിരേ കെ.എം.സി.സി. ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ നാസറാണ് മത്സരരംഗത്തുള്ളത്.

13-ാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ സി.പി.ഐ. സ്ഥാനാര്‍ഥി പി.കെ. സുഭാഷിനാണ് മറ്റൊരു വിമതസ്ഥാനാര്‍ഥി തലവേദ സൃഷ്ടിക്കുന്നത്. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ബാലസുബ്രഹ്മണ്യനാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും 2010-15 കാലത്ത് മുതലമട പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എസ്.വി. ശെല്‍വന്‍ മുതലമട 12-ാം വാര്‍ഡ് ഇടുക്കപ്പാറയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയാണ്. മുന്‍പ് മൂന്നുതവണ പഞ്ചായത്തംഗമായിരുന്ന അദ്ദേഹത്തിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ സ്വതന്ത്രനായി ആല്‍മരം ചിഹ്നത്തിലാണ് ഇത്തവണ മല്‍സരിക്കുന്നത്. മൂന്നാം വാര്‍ഡ് മല്ലംകുളമ്പിലെ സ്വതന്ത്രസ്ഥാനാര്‍ഥി എം. താജുദ്ദീന്‍ ആഴ്ചകള്‍ക്കുമുന്‍പുവരെ നാലാംവാര്‍ഡില്‍നിന്ന് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മല്‍സരിച്ചുജയിച്ച പഞ്ചായത്തംഗമായിരുന്നു. എം. താജുദ്ദീന്‍ അറിയപ്പെടുന്ന മാങ്ങ കച്ചവടക്കാരനാണ് അതിനാല്‍ ചിഹ്നമായി മാങ്ങതന്നെ തിരഞ്ഞെടുത്തു.

പോരാട്ടം നേര്‍ക്കുനേര്‍

വല്ലപ്പുഴയില്‍ സി.പി.എമ്മും സി.പി.ഐ.യും നേര്‍ക്കുനേര്‍ പോരാടുന്നു. ആറ് വാര്‍ഡുകളിലാണ് സി.പി.ഐ. സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. ഇതില്‍ മൂന്ന് വാര്‍ഡുകളില്‍ സി.പി.എമ്മും, സി.പി.ഐ.യും സ്വന്തം ചിഹ്നത്തില്‍ ജനവിധിതേടുന്നു. പഞ്ചായത്തില്‍ മുന്നണിക്കുള്ളിലെ തര്‍ക്കങ്ങള്‍ തന്നെയാണ് ഒറ്റയ്ക്കുമത്സരിക്കാന്‍ ഇടയാക്കിയിരിക്കുന്നത്.

ചെര്‍പ്പുളശ്ശേരി നഗരസഭയിലെ എലിയപ്പറ്റ വാര്‍ഡില്‍ നഗരസഭാ മുന്‍ ഉപാധ്യക്ഷനും ലീഗ് ജില്ലാ സെക്രട്ടറിയുമായ കെ.കെ.എ. അസീസിനെതിരേ പത്രിക സമര്‍ച്ചിച്ച സ്വതന്ത്രന്‍ പി.കെ. നൗഷാദ് പിന്നീട് എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥിയായി. എലിയപ്പറ്റയില്‍ മാത്രം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥിയാക്കിയതോടെ ആദ്യപത്രിക പിന്‍വലിച്ചശേഷം നൗഷാദ് പുതിയപത്രിക നല്‍കുകയായിരുന്നു.

മുണ്ടൂര്‍ പഞ്ചായത്തിലെ 18 -ാം വാര്‍ഡ് തെക്കുംകരയില്‍ ഐ.എന്‍.ടി.യു.സി. മലമ്പുഴ റീജ്യണല്‍ പ്രസിഡന്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ മത്സരരംഗത്തുണ്ട്. കഴിഞ്ഞ ദിവസം ഡി.സി.സി. പ്രസിഡന്റ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരില്‍ പെട്ട എം.ആര്‍. അനില്‍കുമാറാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ഇദ്ദേഹത്തിന്റെപേരാണ് ആദ്യം സ്ഥാനാര്‍ഥിയായി പറഞ്ഞിരുന്നത്. വാര്‍ഡ്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളില്‍ അംഗീകരിച്ച അനില്‍കുമാറിന്റെ പേര് ഡി.സി.സി. പുറത്തിറക്കിയ അന്തിമപട്ടികയില്‍ ഒഴിവാക്കുകയായിരുന്നെന്നാണ് അറിയുന്നത്. അന്തിമപട്ടിക പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വാര്‍ഡില്‍ അനില്‍കുമാര്‍ പ്രവര്‍ത്തനവും തുടങ്ങിയിരുന്നു.