പാലക്കാട്: കണ്ണാടിക്കടുത്ത് കണ്ണനൂരിലെ വീട്ടില്‍ വീല്‍ച്ചെയറില്‍ ഇരിക്കുമ്പോഴും രമ്യ ഹരിദാസ് എം.പി.യുടെ ഓര്‍മകള്‍ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഓളങ്ങളിലായിരുന്നു.

കുളിമുറിയില്‍ വീണ് കാലില്‍ പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ വിശ്രമത്തിലാണ് രമ്യ. പക്ഷേ, വീട്ടില്‍ തിരക്കിനൊട്ടും കുറവില്ല. ആലത്തൂരിന്റെ പെങ്ങളൂട്ടിയുടെ സുഖവിവരം അന്വേഷിച്ചെത്തുന്ന മുതിര്‍ന്ന നേതാക്കള്‍. ത്രിവര്‍ണ ഷാളിട്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഓടിക്കയറിവരുന്ന വിവിധ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികള്‍, വീഡിയോ ചിത്രീകരണത്തിന്റെ തിരക്ക്.

കഴിഞ്ഞതവണ കുന്ദമംഗലം ബ്ലോക്ക്പഞ്ചായത്തിന്റെ പൂവാട്ടുപറമ്പ് ഡിവിഷനിലെ സ്ഥാനാര്‍ഥിയായിരുന്നു. ഞങ്ങളുടെ പെരുവയല്‍ ഗ്രാമപ്പഞ്ചായത്തിലെ എട്ടുവാര്‍ഡുകള്‍ ചേര്‍ന്നതാണ് ഡിവിഷന്‍-രമ്യ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറിയായിരുന്നു. നിലമ്പൂര്‍ നഗരസഭയിലെ പട്ടികജാതി-പട്ടികവര്‍ഗ കോളനികളില്‍ കുട്ടികളുടെ പഠനവും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് സ്ഥാനാര്‍ഥിയാവുന്നത്. മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനൊക്കെ ജീപ്പില്‍ അനൗണ്‍സ്മെന്റിനൊക്കെ പോയി പരിചയമുണ്ടായിരുന്നതിനാല്‍ പഞ്ചായത്തിലെ എല്ലാവഴികളുമറിയാം.

സമൂഹമാധ്യമങ്ങളൊന്നും ഇത്രകണ്ട് സജീവമായിട്ടില്ല. സ്‌ക്വാഡ് വര്‍ക്കായിരുന്നു മുഖ്യം. കോളനികളിലെല്ലാവരും കൂലിപ്പണിക്ക് പോകുന്നവരാണ്. വൈകീട്ടേ ആളുണ്ടാവൂ. അതുകൊണ്ട്. കോളനികളിലെ പ്രചാരണം വൈകീട്ടാക്കി. നാടന്‍പാട്ടൊക്കെ അവര്‍ക്കൊപ്പം പാടി കുറേനേരം കൂടിയിരിക്കും. എല്ലായിടത്തും പാട്ടുപാടാന്‍ പറയും. കെ.എസ്.യു., ജവഹര്‍ ബാലവേദി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം പ്രചാരണത്തിനെത്തി. അവസാനഘട്ടത്തില്‍ എല്ലാരുംകൂടെ ഒരു ബുള്ളറ്റ് റാലി നടത്തി. മൈക്കിനെക്കാള്‍ ഉച്ചത്തില്‍ ഹോണൊക്കെ അടിച്ച്-രമ്യ പറഞ്ഞു. ''ഉഷാറാക്കണം...'' - മുഖത്ത് വിടര്‍ത്തിയ പുഞ്ചിരിയുമായി രമ്യ മുന്നിലിരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് രമ്യാ ഹരിദാസ് ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായെത്തുന്നതും അതുവരെ ചുവന്നുനിന്ന മണ്ഡലത്തെ പാട്ടിലാക്കി വിജയിക്കുന്നതും. ''എനിക്കുവേണ്ടി അന്ന് വോട്ടുചോദിച്ചവര്‍ പലരും ഇപ്പോള്‍ സ്ഥാനാര്‍ഥികളാണ്. അവര്‍ക്കൊക്കെവേണ്ടി വോട്ടുചോദിക്കാന്‍, പ്രവര്‍ത്തിക്കാനുള്ള അവസരമായിരുന്നു. പക്ഷേ, ഇങ്ങിനെയായിപ്പോയി''.

പാലക്കാടും കോഴിക്കോടും തൃശ്ശൂരുമെല്ലാം പ്രചാരണത്തിനെത്താമെന്ന് ഉറപ്പുകൊടുത്തിരുന്നു. അതിനിടയിലാണ് പരിക്ക്. രമ്യ നേരിട്ടെത്തില്ലെങ്കിലും ശബ്ദസന്ദേശവും പാട്ടുമൊക്കെയായി പ്രചാരണരംഗത്തുണ്ടാവും.

''പറ്റിയാല്‍ രണ്ടുനാള്‍ കുന്ദമംഗലത്ത് പോണം, അവരോട് വാക്കുപറഞ്ഞതാണ്'' - രമ്യ വീഡിയോ ചിത്രീകരണത്തിരക്കിലേക്ക് തിരിയുംമുമ്പ് പറഞ്ഞു.

content highlights: ramya haridas, local body election