വിളയൂർ: തിരഞ്ഞെടുപ്പുകാലമല്ലേ... കിണറ്റിൽ വീണത് ഒരാടാണെങ്കിലും അങ്ങിനെ വെറുതെവിടാനൊക്കുമോ... ആട് കിണറ്റിൽ വീണുവെന്ന് കേട്ടപാതി, കേൾക്കാത്തപാതി പരിസരത്ത് പ്രചാരണവുമായെത്തിയ പ്രവർത്തകരും കിണറ്റിലിറങ്ങി. ആടിനെ രക്ഷിക്കാൻ.

വിളയൂർ പഞ്ചായത്തിലെ അഞ്ചാംവാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ.വി. സുഹറ ഉമ്മറും പ്രവർത്തകരുമാണ് പ്രചാരണവേളയിൽ കിണറ്റിൽചാടിയ ആടിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. കർഷകൻ കേക്കത്ത് ഫിറോസ് അലിയുടെ ആടുകളിൽ ഒന്നാണ് തീറ്റതേടി നടക്കുന്നതിനിടെ തൊട്ടടുത്ത വളപ്പിലെ കിണറ്റിൽ അകപ്പെട്ടത്.

രണ്ടുവീട് അപ്പുറത്തായിരുന്നു ഈ സമയം സ്ഥാനാർഥിയും പ്രവർത്തകരും. വിവരമറിഞ്ഞതോടെ അങ്ങോട്ടുകുതിച്ചു. പ്രചാരണസംഘത്തിലെ സൗബാൻ കിണറ്റിൽ ഇറങ്ങി. ഏറെനേരത്തെ പരിശ്രമത്തിനുശേഷം ആടിനെ കരയ്ക്കുകയറ്റി. പ്രചാരണം കുറച്ചുനേരത്തേക്ക് നിർത്തിവെച്ചെങ്കിലും ആടിനെ കരയ്ക്കുകയറ്റിയതിന്റെ സന്തോഷത്തിൽ സ്ഥാനാർഥിയും പ്രവർത്തകരും അടുത്തവീട് ലക്ഷ്യംവെച്ച് നീങ്ങി.