പാലക്കാട്: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാലക്കാട് നഗരസഭയിൽ മൂന്ന് മുന്നണികളും ശുഭപ്രതീക്ഷയിലാണ്. ഓരോ വാർഡുകളിലെയും വോട്ടിങ് ശതമാനം കൂട്ടിയും കിഴിച്ചും കൃത്യമായ ധാരണയിലെത്തിയിട്ടുമുണ്ട്. എൻ.ഡി.എ. ഭരണത്തുടർച്ചയ്ക്കും യു.ഡി.എഫും എൽ.ഡി.എഫും ഭരണം പിടിച്ചെടുക്കാനുമാണ് അങ്കത്തിനിറങ്ങിയത്. വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് മൂന്ന് മുന്നണികളും പറയുന്നുണ്ടെങ്കിലും ചില രാഷ്ട്രീയ അടിയൊഴുക്കുകൾ മൂന്ന് മുന്നണിയിലുമുണ്ടായിട്ടുണ്ട്. അത് വിജയത്തെ എങ്ങനെ ബാധിക്കുമെന്നതിന്റെ കാത്തിരിപ്പിലാണ് വോട്ടർമാരും.

2015-ൽ 73.73 ശതമാനം പോളിങ്ങുണ്ടായിരുന്നിടത്ത് ഇത്തവണ 67.15 ശതമാനം മാത്രമേയുള്ളൂ. എന്നാലും മൂന്ന് മുന്നണികൾക്കും കൃത്യമായി കണക്കുകൂട്ടലുകളുണ്ട്. ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ. കഴിഞ്ഞതവണ നേടിയ സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട് 30 മുതൽ 35 സീറ്റുകൾ മുന്നണിക്ക്‌ ലഭിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിപ്പോയ സ്ഥലങ്ങളിൽ ഒന്നാം സ്ഥാനത്തെത്തും. കൂടാതെ മൂന്ന് പുതിയ വാർഡുകളും ലഭിക്കുമെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുന്നണിവൃത്തങ്ങൾ പറയുന്നു.

എൽ.ഡി.എഫിനും മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കോവിഡ് കാലത്തുൾപ്പെടെയുള്ള സർക്കാരിന്റെ ഇടപെടലുകൾ കൃത്യമായി മനസ്സിലാക്കിയ വോട്ടർമാരുടെ വോട്ട് ലഭിച്ചിട്ടുണ്ട്. മുൻ എം.എൽ.എ. എം. നാരായണൻ കഴിഞ്ഞതവണ പരാജയപ്പെട്ട മുറിക്കാവ് വാർഡ് എൽ.ഡി.എഫ്. ഇത്തവണ തിരിച്ചു പിടിക്കും. എട്ട്, ഒമ്പത്, 10 വാർഡുകളും സ്വന്തമാക്കുമെന്നും എൽ.ഡി.എഫ്. വൃത്തങ്ങൾ പറയുന്നു. 15 മുതൽ 20 സീറ്റ് വരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.

മൂന്ന് വാർഡുകളിൽ മാത്രമേ യു.ഡി.എഫിന് വിമതശല്യമുണ്ടായിട്ടുള്ളൂ. എല്ലായിടത്തു നിന്നും നല്ല സഹകരണം ഇത്തവണയുണ്ടായിട്ടുണ്ട്. നഗരസഭയിൽ ശക്തമായ മുന്നേറ്റമുണ്ടാക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ടെന്നും 28 മുതൽ 32 സീറ്റുകൾ വരെ ലഭിക്കുമെന്നും യു.ഡി.എഫും കണക്കുകൂട്ടുന്നു.

വ്യക്തമായ ഭൂരിപക്ഷമുണ്ടാകും

പാലക്കാട് നഗരസഭയിൽ ഭരണത്തുടർച്ചയുണ്ടാകുന്നതിനൊപ്പം വ്യക്തമായ ഭൂരിപക്ഷമുണ്ടാകും. ഓരോ ബൂത്തിൽ നിന്ന്‌ കിട്ടിയ പ്രതികരണമനുസരിച്ചാണ് പറയുന്നത്. -സി. കൃഷ്ണകുമാർ, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി

കേവലഭൂരിപക്ഷം നേടും

യുവാക്കൾ ഉൾപ്പെടെയുള്ള പുതുമുഖങ്ങൾ ഇത്തവണ വിജയിക്കും. ജനങ്ങളുടെ വലിയ പിന്തുണ എല്ലായിടത്തുനിന്നും ലഭിച്ചിട്ടുണ്ട്. അതിനാൽ കേവലഭൂരിപക്ഷം നേടി ഭരണം തിരിച്ചുപിടിക്കും. -ടി.കെ. നൗഷാദ്, എൽ.ഡി.എഫ്. മുനിസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി

ഭരണം തിരിച്ചുപിടിക്കും

നഗരസഭയിൽ യു.ഡി.എഫ്. ഭരണം തിരിച്ചുപിടിക്കും. പാലക്കാട്ടെ മാലിന്യ സംസ്കരണത്തിൽ കഴിഞ്ഞതവണ നഗരസഭ ഭരിച്ചവർ കാണിച്ച അലംഭാവം ജനങ്ങളിൽ വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. - വി.കെ. ശ്രീകണ്ഠൻ എം.പി, ഡി.സി.സി. പ്രസിഡന്റ്, പാലക്കാട്