പാലക്കാട്: ആവേശം കുറവല്ല, പാലക്കാട് നഗരസഭാവാര്‍ഡുകളിലെ നാട്ടങ്കത്തിന്. സ്ഥാനാര്‍ത്ഥികള്‍ മുക്കിലും മൂലയിലുമെത്തി പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. പക്ഷേ, പത്തോളം വാര്‍ഡുകളില്‍ ശക്തമായ അടിയൊഴുക്കുകള്‍ മത്സരഫലം നിര്‍ണയിക്കും. അന്തിമഫലത്തെ ഇത് ബാധിക്കുകയും ചെയ്യും.

2015-ലെ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സംസ്ഥാനതലത്തില്‍ത്തന്നെ ശ്രദ്ധേയമായ ഫലമായിരുന്നു പാലക്കാട് നഗരസഭയിലേത്. 52 അംഗ നഗരസഭാകൗണ്‍സിലിലെ 24 സീറ്റുകളുമായി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കഴിഞ്ഞതവണ യു.ഡി.എഫ്. ഭരണത്തിനെതിരായ വികാരമുള്‍പ്പെടെ മുതലെടുത്താണ് ബി.ജെ.പി. മുന്നിലെത്തിയത്. ഇത്തവണ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടെങ്കിലും രാഷ്ട്രീയവിശ്വാസികള്‍ ഉറ്റുനോക്കുന്ന മത്സരമാണ് പാലക്കാട് നഗരസഭയിലേത്.

കേവലഭൂരിപക്ഷമില്ലെങ്കിലും അഞ്ചുവര്‍ഷം തികച്ചുവെന്ന ആത്മവിശ്വാസം ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യ്ക്കുണ്ട്. അതേസമയം, നഗരവികസനത്തെക്കുറിച്ചുള്ള പരാതികള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. പാലക്കാട് നഗരസഭയിലെ ബി.ജെ.പി.യുടെ വളര്‍ച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രതിഭാസമായിരുന്നില്ല. 2010-ല്‍ 15 സീറ്റുമായി ബി.ജെ.പി. രണ്ടാമതെത്തിയിരുന്നു. 23 സീറ്റുമായി യു.ഡി.എഫാണ് മുന്നിലെത്തിയിരുന്നത്. ഇടതുമുന്നണിക്ക് ഒമ്പത് കൗണ്‍സിലര്‍മാരുമാണ് ഉണ്ടായിരുന്നത്. 2015-ല്‍ കോണ്‍ഗ്രസില്‍നിന്ന് ഒമ്പത് വാര്‍ഡുകള്‍ പിടിച്ചെടുത്ത ബി.ജെ.പി. ഒരു വാര്‍ഡ് സി.പി.എമ്മില്‍നിന്നും പിടിച്ചെടുത്തു. 11 വാര്‍ഡുകളില്‍ രണ്ടാമതെത്തി. കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തവണ ആര്‍ക്കും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിനിര്‍ണയത്തിന്റെ തുടക്കം മുതലുള്ള പ്രശ്‌നങ്ങള്‍ ഇത്തവണ ബി.ജെ.പി.യുടെ പ്രമുഖസ്ഥാനാര്‍ത്ഥി മത്സരത്തിനില്ലെന്ന് പറഞ്ഞ് പിന്‍മാറുന്നതുവരെയെത്തി കാര്യങ്ങള്‍. യു.ഡി.എഫിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇടതുമുന്നണിയാണ് താരതമ്യേന പ്രശ്‌നരഹിതമായി സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി രംഗത്തിറങ്ങിയത്. നഗരസഭയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നൂറില്‍ താഴെ ഭൂരിപക്ഷമുള്ള 15 വാര്‍ഡുകളുണ്ട്. ഒറ്റയക്കം മാത്രം ഭൂരിപക്ഷമുള്ള മൂന്നു വാര്‍ഡുകളുമുണ്ട്.

പാലക്കാട് ഇത്തവണ ഭൂരിപക്ഷം നേടേണ്ടത് ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. മുന്നണി അഭിമാനപ്രശ്‌നമായാണ് കാണുന്നത്. കഴിഞ്ഞ തവണ വിജയിച്ച 24 വാര്‍ഡുകളുള്‍പ്പെടെ ഇത്തവണ 38 വാര്‍ഡുകളിലാണ് പാര്‍ട്ടി പ്രത്യേകശ്രദ്ധ നല്‍കുന്നത്. ബി.ഡി.ജെ.എസ്. കൂടി സ്ഥാനാര്‍ത്ഥിപ്പട്ടികയിലിടം പിടിച്ചത് നഗരത്തില്‍ ഗുണകരമാവുമെന്ന വിലയിരുത്തലുമുണ്ട്.

മുന്‍ ചെയര്‍പേഴ്‌സണും ബി.ജെ.പി. സംസ്ഥാന സമിതി അംഗവുമായ പ്രമീളാ ശശിധരന്‍, ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ്, ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. സാബു, മേഖലാ സെക്രട്ടറി വി. നടേശന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളും പുതുമുഖങ്ങളുമുള്‍പ്പെട്ടതാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിനിര. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡുമായാണ് മുന്നണി പ്രചാരണരംഗത്തുള്ളത്.

കഴിഞ്ഞതവണ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമം യു.ഡി.എഫും നടത്തുന്നുണ്ട്. ഇത്തവണ അനുകൂലസാഹചര്യമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. 36 സീറ്റുകളിലാണ് മുന്നണി പ്രത്യേകശ്രദ്ധ നല്‍കുന്നത്. യു.ഡി.എഫ്. ജില്ലാ കണ്‍വീനറും കെ.പി.സി.സി. സെക്രട്ടറിയുമായ പി. ബാലഗോപാല്‍, മുന്‍ കൗണ്‍സിലര്‍മാരായ ഉമ, ജ്യോതിമണി, സുഭാഷ്, ഷൈനി പോള്‍സണ്‍, മിനി ബാബു, വിബിന്‍, അബ്ദുള്‍ അസീസ്, കോണ്‍ഗ്രസ് നിയോജകമണ്ഡലം ചെയര്‍മാന്‍ സുനില്‍കുമാര്‍, കല്പാത്തിയിലെ വെങ്കിടേശ്വരന്‍ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്. വി.കെ.ശ്രീകണ്ഠന്‍ എം.പി.യുടെയും ഷാഫി പറമ്പില്‍ എം.എല്‍.എ.യുടെയും നേതൃത്വത്തില്‍ റോഡ്‌ഷോയുമായാണ് യു.ഡി.എഫ് പ്രവര്‍ത്തനത്തിന് ആവേശം പകര്‍ന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ടതുള്‍പ്പെടെ 20 വാര്‍ഡുകളില്‍ ഇത്തവണ നേട്ടമുണ്ടാക്കുമെന്നാണ് എല്‍.ഡി.എഫ്. വിലയിരുത്തല്‍. നഗരസഭാ ഭരണസമിതിക്കെതിരായ കുറ്റപത്രവും പ്രകടനപത്രികയും പുറത്തിറക്കിയ ഇടതുമുന്നണി പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും ഒരുമിപ്പിച്ച സ്ഥാനാര്‍ത്ഥിനിരയുമായാണ് രംഗത്തുള്ളത്. പി.ജി. രാംദാസ്, സുജാത തുടങ്ങിയ പരിചയസമ്പന്നരും രംഗത്തുണ്ട്.