പാലക്കാട്: ഒടുവില്‍, പാലക്കാട് നഗരസഭയില്‍ യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അവസാനപട്ടികയും പുറത്തുവന്നപ്പോള്‍ നാലുവട്ടം വിജയിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടെന്ന കാരണത്താല്‍ കോണ്‍ഗ്രസിലെ കെ. ഭവദാസ് പുറത്തായി. കഴിഞ്ഞ 13-ന് നഗരസഭയിലെ ആകെയുള്ള 52 വാര്‍ഡില്‍ 31 യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ പട്ടിക മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുറത്തിറക്കിയിരുന്നു. ഇതിനിടെ ചില കോണുകളില്‍നിന്ന് സീറ്റിനായി സമ്മര്‍ദങ്ങളും തര്‍ക്കങ്ങളും ഉയര്‍ന്നതോടെയാണ് ബാക്കി പട്ടിക വൈകിയത്.

പുതിയ പട്ടികയില്‍ 41-ാം വാര്‍ഡ് സ്ഥാനാര്‍ഥിയായി യു.ഡി.എഫ്. രംഗത്തിറക്കിയ സാജോ ജോണിന്റെ സ്ഥാനാര്‍ഥിത്വത്തിലും പ്രതിഷേധവുമായി ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. 2010-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ യു.ഡി.എഫ്. കണ്‍വീനര്‍ എ. രാമസ്വാമിയെ 72 വോട്ടിനാണ് അന്ന് സ്വതന്ത്രനായി മത്സരിച്ച സാജോ ജോണ്‍ തോല്‍പ്പിച്ചത്. അന്ന് ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസിലെ ഒരുവിഭാഗം സ്വതന്ത്രനെ പിന്തുണച്ചിരുന്നെന്നത് പരസ്യമായ രഹസ്യമാണ്. 2000-ത്തിലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. കൗണ്‍സിലറായി സാജോ വിജയം നേടിയിരുന്നു.

വാര്‍ഡിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കെ.പി.സി.സി. പ്രസിഡന്റിന് പരാതി നല്‍കിയതായും തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ഥി സി. സുരേഷ് കുമാറിനെ പിന്തുണയ്ക്കുമെന്നുമാണ് പ്രതിഷേധമുയര്‍ത്തുന്നവരുടെ നിലപാട്.

നഗരസഭയിലെ കോണ്‍ഗ്രസ് അവസാന സ്ഥാനാര്‍ഥിപ്പട്ടിക (വാര്‍ഡ് നമ്പര്‍, സ്ഥാനാര്‍ഥി ക്രമത്തില്‍): 1. സിന്ദു പ്രദീപ് 3. സഹീര്‍ 7. എം. സുനില്‍കുമാര്‍ 9. ജയശ്രീ 10. ഡി. ഷജിത്കുമാര്‍ 11. പി.ജി. ജയപ്രകാശ് 21. സിന്ധു രാധാകൃഷ്ണന്‍ 22. സജിത വിമല്‍ 23. അനുപമ 24. പി. ബാലഗോപാലന്‍ 41. സാജോ ജോണ്‍ 43. പ്രീജ രാജന്‍ 44. സുമ സുനില്‍കുമാര്‍ 45. ബി. അനില്‍കുമാര്‍ 46. രാസാത്തി 49. വി. രാധാമണി 50. വി.ആര്‍. കുട്ടന്‍ 51. റബീന റഫീക്ക്.

content highlights; Palakkad Municipal Corporation Candidate List: Dispute in Congress