Electionപാലക്കാട്: പാലക്കാട് നഗരസഭ തിരികെപ്പിടിക്കാന്‍ പുതുമുഖങ്ങളെ അണിനിരത്തി യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് 31 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യു.ഡി.എഫിന്റെ ജില്ലാ, സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു സ്ഥാനാര്‍ഥിപ്രഖ്യാപനം.

കോണ്‍ഗ്രസിന്റെ 23 സ്ഥാനാര്‍ഥികളും മുസ്ലിം ലീഗിന്റെ ഏഴ് സ്ഥാനാര്‍ഥികളും ജനതാദളിന്റെ ഒരു സ്ഥാനാര്‍ഥിയുമാണ് ആദ്യപട്ടികയിലുള്ളത്.

നഗരസഭാധ്യക്ഷയായിരുന്ന പ്രമീള ശശിധരന്‍ മത്സരിക്കുന്ന പുത്തൂര്‍ സൗത്ത് വാര്‍ഡില്‍ പി. ബിന്ദുവാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. നഗരസഭാ വൈസ്‌ചെയര്‍മാനായിരുന്ന സി. കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍ മത്സരിക്കുന്ന കൊപ്പം വാര്‍ഡില്‍ സുജാത ദിനേശാണ് സ്ഥാനാര്‍ഥി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 16 പേരും പുതുമുഖങ്ങളാണ്. കഴിഞ്ഞ നഗരസഭാ കൗണ്‍സിലിലുണ്ടായിരുന്ന രാജേശ്വരി ജയപ്രകാശ് ഇത്തവണ സുല്‍ത്താന്‍പേട്ടയിലും ബി. സുഭാഷ് സിവില്‍സ്റ്റേഷന്‍ വാര്‍ഡിലും ജനവിധി തേടുന്നുണ്ട്.

2010-ല്‍ യു.ഡി.എഫ്. കൗണ്‍സിലര്‍മാരായിരുന്ന വി. ജ്യോതിമണി, മിനി ബാബു, ഷൈനി പോള്‍സണ്‍, 2005-ലെ കൗണ്‍സിലറായിരുന്ന സി.എന്‍. ഉമ, 1995-ല്‍ കൗണ്‍സിലര്‍ ആയിരുന്ന സി.കെ. അമ്മാളുക്കുട്ടി എന്നിവരും ഇപ്രാവശ്യം മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലമെന്റ് കമ്മിറ്റി മുന്‍സെക്രട്ടറി വിനോദ് പട്ടിക്കര നാലാംവാര്‍ഡ് അയ്യപ്പുരം വെസ്റ്റില്‍ മത്സരിക്കും.

മുസ്ലിം ലീഗില്‍ ടി.എ. അബ്ദുള്‍ അസീസ് വെണ്ണക്കര സൗത്തില്‍ വീണ്ടും ജനവിധി തേടും. നാലുതവണ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന എ. ചെമ്പകം ഇത്തവണ ലീഗ് സ്വതന്ത്രസ്ഥാനാര്‍ഥിയായി വെണ്ണക്കര വാര്‍ഡില്‍ ജനവിധിതേടുന്നുണ്ട്. ലിഗീലെ ശേഷിക്കുന്ന അഞ്ചുപേരും പുതുമുഖങ്ങളാണ്.

വാര്‍ഡ് നമ്പര്‍, സ്ഥാനാര്‍ഥി എന്ന ക്രമത്തില്‍.

രണ്ട്. വി. ജ്യോതിമണി, നാല്. വിനോദ് പട്ടിക്കര, അഞ്ച്. സി.ആര്‍. വെങ്കിടേശ്വരന്‍, ആറ്. സി.എന്‍. ഉമ, എട്ട്. മാലതി രാജന്‍, 12. പി. ബിന്ദു, 13. വി. പ്രവീണ്‍, 14. കെ. മധുസൂദനന്‍, 15. രാജീവ് രാമനാഥ്, 18. സുജാത ദിനേശ്, 19. രാജേശ്വരി ജയപ്രകാശ്, 25. സുധ വിനോദ്, 26. എസ്. ഷൈലജ, 27. കെ. പദ്മാവതി, 28. ബി. സുഭാഷ്, 29. കെ. സുജാത, 33. കെ. പ്രദീപ്, 35. എ. കൃഷ്ണന്‍, 36. കെ. മന്‍സൂര്‍, 38. ഷൈനി പോള്‍സണ്‍, 39. ഷഹാന പര്‍വി, 42. സി.കെ. അമ്മാളുക്കുട്ടി, 47. മിനി ബാബു, 32. ടി.എ. അബ്ദുള്‍ അസീസ്, 37. പി.കെ. ഹസ്സനുപ്പ, 52. ബഷീര്‍പ്പ, 16. എ. അന്‍സാര്‍ അലി, 31. രജീന മുത്തലിഫ്, 34. എ. ചെമ്പകം, 30. എം. ശശികുമാര്‍, 20. എം.എം. കബീര്‍.