കൊല്ലങ്കോട്: ഓരോവോട്ടും വിലപ്പെട്ടതും വിധിനിർണായകവുമാണെന്ന്‌ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കയാണ് പല്ലശ്ശന ഗ്രാമപ്പഞ്ചായത്തിലെ തിരഞ്ഞെടുപ്പുഫലം. ഇവിടെ വിജയിച്ച സ്ഥാനാർഥികളിൽ ഒരാളുടെ ഭൂരിപക്ഷം ഒരുവോട്ട്. മറ്റൊരാളുടെ ഭൂരിപക്ഷം രണ്ടും മൂന്നാമതൊരാളുടെ ഭൂരിപക്ഷം മൂന്നും വോട്ടായിരുന്നു.

വൺ, ടു, ത്രീ ഭൂരിപക്ഷവുമായി മൂന്നുപേർ വിജയിച്ചപ്പോൾ മറുഭാഗത്തുള്ള മൂന്നുപേർ ഭാഗ്യദോഷത്തെപ്പഴിച്ചാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് മടങ്ങിയത്.

പത്താംവാർഡായ ഒഴുവുപാറയിൽനടന്ന പൊടിപാറിയ മത്സരത്തിലാണ് ബി.ജെ.പി. സ്ഥാനാർഥി സി. അംബുജാക്ഷൻ എതിർസ്ഥാനാർഥി കോൺഗ്രസിലെ രോഹിത് കൃഷ്ണനെ ഓരു വോട്ടിന് പരാജയപ്പെടുത്തിയത്. അംബുജാക്ഷന് 482ഉം രോഹിത് കൃഷ്ണന് 481 ഉം വോട്ടാണ് ലഭിച്ചത്. പതിനൊന്നാം വാർഡായ കൂടല്ലൂരിൽ ബി.ജെ.പി. സ്ഥാനാർഥി എം. ലക്ഷ്മണൻ 390 വോട്ടുനേടി വിജയിയായപ്പോൾ സി.പി.എമ്മിലെ കെ. ലതയ്ക്ക് 388 വോട്ടാണ് കിട്ടിയത്. പതിനാറാം വാർഡായ തെക്കേത്തറയിൽ ശക്തമായ ത്രികോണ മത്സരത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിജയലക്ഷ്മി 296 വോട്ടുനേടി വിജയിയായപ്പോൾ സി.പി.എം. സ്ഥാനാർഥി എസ്. സുഷമയ്ക്കും ബി.ജെ.പി.സ്ഥാനാർഥി ആർ. അജന്യയ്‌ക്കും 293 വോട്ടുവീതം ലഭിച്ചു.