പാലക്കാട്: വീശിയടിക്കുന്ന കാറ്റിൽ പല്ലഞ്ചാത്തനൂർ മന്ദം കവലയിലെ ആൽമരത്തിന്റെ ഇലകൾ ചിലയ്ക്കുന്നുണ്ട്. ക്ഷേത്രക്കുളത്തോടുചേർന്നുള്ള ആൽത്തറയിൽ, വോട്ടുചെയ്തുവന്നശേഷം വിശ്രമിക്കുകയായിരുന്നു കുറച്ചുപേർ. ആരും ജോലിക്കുപോയിട്ടില്ല.

‘രാവിലെ ഏഴരയ്ക്കുതന്നെ വോട്ടുചെയ്തു. പിന്നെ, തിരക്കിനെ പേടിക്കേണ്ടല്ലോ...’ കൂട്ടത്തിലൊരാളായ 63-കാരൻ നാരായണൻ പറഞ്ഞു. ‘വൈറസും പ്രശ്നങ്ങളും എല്ലാം ഉള്ളതല്ലേ, അതുകൊണ്ട് ഞാനും നേരത്തെത്തന്നെ ചെയ്തു’ ഒപ്പമുണ്ടായിരുന്ന അറുമുഖന്റെ വാക്കുകൾ. ‘ആരും വരാത്തതിനാൽ, പണി സൈറ്റ് മൊത്തം ലീവായി. തിരക്കുള്ളവരൊക്കെ നേരത്തെ പോകട്ടെ, ഉച്ചയ്ക്കുശേഷവും വോട്ടുചെയ്യാമല്ലോ’ ഇതായിരുന്നു വെങ്കിടാചലത്തിന്റെ നിലപാട്. കോവിഡുകാലത്തെ വോട്ടെടുപ്പ് പുതിയ അനുഭവമായെന്നും വിചാരിച്ച അത്രയും പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നും സ്വർണപ്പണിക്കാരനായ സുബ്രഹ്മണ്യനും ലോട്ടറി കച്ചവടം നടത്തുന്ന വേലായുധനും പറഞ്ഞു.

തിരക്കും ഓട്ടവും

മന്ദംകവല കഴിഞ്ഞ് പോകുമ്പോഴാണ് മാത്തൂർ പഞ്ചായത്തിലെ പോളിങ് ബൂത്തുകൂടിയായ പല്ലഞ്ചാത്തനൂരിലെ ജി.ജെ.ബി. സ്കൂളിലെത്തിയത്. നല്ല തിരക്ക്. വഴിക്ക് വീതി കുറവായതിനാൽ വോട്ടുചെയ്യാനെത്തുന്നവരുടെ വാഹനങ്ങൾ നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു പോലീസുകാർ. വോട്ടർമാരെ വരവേൽക്കാൻ എല്ലാ പാർട്ടിക്കാരുടെയും നേതാക്കളും സ്കൂൾ ഗേറ്റിനുമുന്നിൽ വോട്ടർപട്ടികയുമായി നിൽപ്പുണ്ട്. മാസ്കണിഞ്ഞ് മുഖം പാതിമറച്ച അവസ്ഥയിൽ വോട്ടർമാർ എത്തുന്നു. സ്കൂളിനുമുന്നിലെ തിരക്ക് പക്ഷെ, പോളിങ് സ്ഥലത്തില്ല. വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സാനിറ്റൈസർ കൈയിലൊഴിച്ചുകൊടുക്കുന്നുണ്ട്. സാമൂഹിക അകലം ചിലരെല്ലാം പാലിക്കുന്നുണ്ടെങ്കിലും, ഒപ്പമെത്തിയവരെല്ലാം ചേർന്നുനിന്ന് സൗഹൃദം പങ്കിടുന്നുണ്ട്.

‘ഒരു പേടിയും ഇല്ല, വോട്ടൊക്കെ അടിപൊളിയാക്കി’ വോട്ടുചെയ്ത് പുറത്തിറങ്ങിയ പതിശയരപ്പറമ്പ് സാവിത്രി മുഖാവരണം ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട് പറഞ്ഞു. അതിനിടയ്ക്ക് ചുളിവുവീണ മുഖത്ത് വെളുത്ത മുഖാവരണം അണിഞ്ഞ 85-കാരിയായ മാതുവമ്മ വോട്ടുചെയ്യാനെത്തി. കൈയിൽ ഊന്നുവടിയുണ്ട്. സഹായത്തിനായി മക്കളും. ഉദയാർമന്ദം ഭാഗത്തുനിന്നാണ് വരവ്. ഇവർക്കുപിന്നാലെ, നടക്കാനാവാത്ത ലക്ഷ്മിയമ്മയെ കോരിയെടുത്ത് മകൻ സുനിലും ബന്ധുവായ രാജേഷും സ്ഥലത്തെത്തി. പ്രായമായ രണ്ടാളും അധികം കാത്തുനിൽക്കാതെത്തന്നെ വോട്ടുചെയ്യാൻ കയറി. രണ്ടുപേർക്കും സന്തോഷം. തിരിച്ചെത്തിയ ഇവരെ മക്കൾ തന്നെയാണ് വീടുകളിലേക്കുള്ള വാഹനങ്ങളിലും കയറ്റിയത്.

വോട്ടിനിടയിലെ ഭക്ഷണകാര്യങ്ങൾ

‘ഊണുകഴിച്ചോ.., വോട്ട് നമുക്കായിരിക്കണം ട്ടോ’ കോട്ടായി പഞ്ചായത്തിലും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലും ഉച്ചയ്ക്ക് വോട്ടുചെയ്യാനെത്തിയവരെ പാർട്ടിക്കാർ സ്വാഗതംചെയ്യുന്നു. ഉച്ചവെയിൽ കനത്തതിനാൽ അത്ര തിരക്കില്ല. രാവിലെമുതൽ ഓട്ടത്തിലായ സ്ഥാനാർഥികൾ തണലിൽ വിശപ്പടക്കുന്നു. ബൂത്തിലെ ഒഴിഞ്ഞ ക്ലാസ് മുറിക്കുള്ളിലിരുന്ന് ഉദ്യോഗസ്ഥരും ഭക്ഷണം കഴിക്കുന്നു. തിരഞ്ഞെടുപ്പ് ഏജന്റുമാർക്ക് പൊതിച്ചോറുകളെത്തിച്ചുനൽകാൻ ബൈക്കുകളിൽ പാർട്ടിപ്രവർത്തകരും എത്തുന്നുണ്ട്. ‘രാവിലെ തിരക്കുണ്ടായിരുന്നു. ഇനി വൈകീട്ടേ തിരക്ക് കാണൂ...’ -പരുത്തിപ്പുള്ളിയിലെ എ.എൽ.പി. സകൂളിൽ വോട്ടർമാരെ കാത്തുനിൽക്കുകയായിരുന്ന രാധാകൃഷ്ണൻ പറഞ്ഞു.

തിരക്കിനിടയിലും ഹരിതമയം

പകൽ 3.30. പെരുവെമ്പ് പഞ്ചായത്തിലെ ജി.യു.പി. സ്കൂളിനുമുന്നിൽ തിരക്കോടുതിരക്ക്. വരിനിൽക്കുന്ന വോട്ടർമാർ കൈയിൽക്കരുതിയ വോട്ടർ കാർഡും മറ്റും ഉപയോഗിച്ചാണ് മുഖത്തേക്കടിക്കുന്ന ഉച്ചവെയിലിനെ പ്രതിരോധിക്കുന്നത്. വോട്ടുചെയ്യാൻ എല്ലാവരും ഒപ്പമെത്തിയതാണ് തിരക്കിനിടയാക്കിയത്.

ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ നാല് ബൂത്തുകളുള്ള തത്തമംഗലം ജി.ബി.യു.പി. സ്കൂളിൽ പച്ചനിറമുള്ള കുപ്പായങ്ങളണിഞ്ഞ് നാല് സ്ത്രീകൾ ഓടിനടക്കുന്നുണ്ട്. നഗരസഭയിലെ ഹരിതകർമസേനാ അംഗങ്ങളാണിവർ. ബൂത്തിലെത്തുന്നവർ മാലിന്യം പൊതുസ്ഥലത്ത് ഇടാതിരിക്കാനുള്ള നിർദേശങ്ങൾ നൽകുന്നുണ്ട്. മുളകൊണ്ടുണ്ടാക്കിയ കൂടയ്ക്കുപുറമേ, മുഖാവരണം, കൈയുറ, ഭക്ഷണപ്പൊതി എന്നിവ നിക്ഷേപിക്കാനും ഇവർ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

പോളിങ് ഉഷാർ

സമയം വൈകീട്ട് നാലുമണി. ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായിരുന്നു പട്ടഞ്ചേരിയിലെ നന്ദിയോട് ഗവ. ഹൈസ്കൂളും പെരുമാട്ടിയിലെ മീനാക്ഷിപുരം ഹൈസ്കൂളും. നന്ദിയോട് മൂന്ന് വർഡുകളിലേക്കായി ആറ് ബൂത്തുകൾ ഉണ്ടെങ്കിലും, ഒറ്റക്കാഴ്ചയിൽ പാർട്ടിപ്രവർത്തകരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരുമില്ല. പക്ഷെ, എട്ടാംവാർഡായ പറക്കാട്ടുള്ളയിലേക്കുള്ള രണ്ട് ബൂത്തുകളിലടക്കം കനത്ത പോളിങ് ഇതിനകം നടന്നുകഴിഞ്ഞു. രാവിലെത്തന്നെ എല്ലാവരും വോട്ടുചെയ്ത് പോയെന്ന് സ്ഥലത്തുണ്ടായിരുന്ന പാർട്ടിപ്രവർത്തകരിൽ ഒരാളായ രാജേന്ദ്രൻ പറഞ്ഞു.

അവസാനമണിക്കൂറിൽ

സമയം വൈകീട്ട്‌ 5.30. വോട്ടെടുപ്പ് കഴിയാൻ അരമണിക്കൂർ കൂടിയേ ബാക്കിയുള്ളൂ. എരുത്തേമ്പതി പഞ്ചായത്തിലെ സെന്റ് പീറ്റേഴ്സ് എ.യു.പി. സ്കൂളിനുമുന്നിലുള്ള ബസ്‌സ്റ്റോപ്പിൽ രാഷ്ട്രീയക്കാർ നിരന്നിരിപ്പുണ്ട്. കൈയിൽ വോട്ടർ ലിസ്റ്റുമായി എത്രപേർ ഇതിനകം വോട്ടുചെയ്തുവെന്ന് കണക്കുകൂട്ടുകയാണിവർ. മൂന്ന് മുന്നണിക്കാരും സ്ഥലത്തുണ്ട്. വോട്ട് ചെയ്യാത്തവരുണ്ടെങ്കിൽ അവരെ ബൂത്തിലെത്തിക്കാനാണ് ശ്രമം.