പാലക്കാട്: വീടിനുള്ളില്‍ കയറാതെ മുറ്റത്തുനിന്ന് വോട്ടറെ പേരെടുത്തുവിളിക്കുന്ന സ്ഥാനാര്‍ഥി.

മുഖാവരണത്തില്‍ മറഞ്ഞചിരിക്ക് പകരം കൈകൂപ്പിയും കൈവീശിയും വോട്ടറുടെ മനസ്സ് കൈയിലെടുക്കാനുള്ള തത്രപ്പാട്. ഇടവഴികളിലൂടെ ഞെങ്ങിനിരങ്ങിയെത്തി സ്ഥാനാര്‍ഥിയുടെയും മുന്നണിയുടെയും കഴിവുകള്‍ പാടിപ്പുകഴ്ത്തുന്ന പ്രചാരണവണ്ടികള്‍.... വോട്ടുപിടുത്തത്തിലെ സകല തന്ത്രങ്ങളും പയറ്റിയ പരസ്യപ്രചാരണത്തിന് ചൊവ്വാഴ്ച കലാശക്കൊട്ടാണ്. ബുധനാഴ്ചത്തെ നിശബ്ദപ്രചാരണത്തിനുശേഷം വ്യാഴാഴ്ച ജില്ലയില്‍ വിധിയെഴുത്ത്.

അവസാന പ്രചാരണദിനത്തിലേക്കുള്ള തന്ത്രങ്ങള്‍മെനയുന്ന തിരക്കിലായിരുന്നു തിങ്കളാഴ്ച മുന്നണിനേതൃത്വം. ബൂത്തുതല കമ്മിറ്റി ഓഫീസിലെ കൂട്ടലും കിഴിക്കലും ഇനി രണ്ടുനാള്‍ പുലരുംവരെ നീണ്ടേക്കാം.

സാഹചര്യത്തിനനുസരിച്ച് പരമ്പരാഗതരീതികള്‍ വിട്ട് പ്രചാരണത്തിന് വ്യത്യസ്തതന്ത്രങ്ങള്‍ പയറ്റിയവരും ഇക്കൂട്ടത്തില്‍ കുറവല്ല. റോഡ് ഷോകളും കലാശക്കൊട്ടും കോവിഡ് പശ്ചാത്തലത്തില്‍ ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ കലാശക്കൊട്ടിന് സമാനമായവഴികള്‍ തേടുകയാണ് പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും.

കവലകളിലും നാട്ടുവഴികളിലും കുറച്ചുപേരെമാത്രം പങ്കെടുപ്പിച്ച് ചെറിയചില 'ഷോ' കളൊരുക്കി സ്ഥാനാര്‍ഥികള്‍ക്കുള്ള ജനപിന്തുണ വിളംമ്പരംചെയ്യാനുള്ള ശ്രമങ്ങളും മുന്നണികള്‍ അണിയറയില്‍ ആസൂത്രണംചെയ്യുന്നുണ്ട്.

കോവിഡുകാലത്ത് നിയന്ത്രണങ്ങള്‍ മറികടന്നുള്ള പ്രചാരണത്തിനില്ലെന്ന് മൂന്ന് പ്രധാനമുന്നണികളുടെയും നേതൃത്വത്തിലുള്ളവര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ചൊവ്വാഴ്ച സ്ഥിതിഗതികള്‍ നിയന്ത്രണംവിടുമോയെന്ന ആശങ്കയും ചിലനേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്.

സ്ഥാനാര്‍ഥിയുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ബഹുവര്‍ണ പോസ്റ്ററുകളുമായി ചെറിയസംഘങ്ങളായുള്ള പ്രചാരണപരിപാടികളാണ് കൂടുതലും ആസൂത്രണം ചെയ്തിട്ടുള്ളത്. പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന് പറയുമ്പോഴും അവസാനഘട്ട പ്രചാരണത്തില്‍ വീഴ്ചവരുത്തരുതെന്ന നിര്‍ദേശവും മൂന്ന് മുന്നണികളും അണികള്‍ക്ക് നല്‍കിയിട്ടുണ്ട്.