പാലക്കാട്: ജില്ലാ പഞ്ചായത്തില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമാക്കി എല്‍.ഡി.എഫ്. മത്സരത്തിനിറക്കുന്നത് 27 പുതുമുഖങ്ങളെ. വെള്ളിയാഴ്ച മുന്നണിസ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ നിലവിലെ അംഗങ്ങളില്‍ മൂന്നുപേര്‍ മാത്രമാണ് മത്സരരംഗത്തുള്ളത്.

കഴിഞ്ഞതവണ കൊടുന്തിരപ്പുള്ളി ഡിവിഷനില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം അധ്യക്ഷയായ കെ. ബിനുമോള്‍, ചളവറ ഡിവിഷനിലെ കൗണ്‍സിലര്‍ പി.കെ. സുധാകരന്‍ (ഇരുവരുംസി.പി.എം.), തെങ്കരയില്‍നിന്നുള്ള അംഗം സീമ കൊങ്ങശ്ശേരി (സി.പി.ഐ.) എന്നിവരാണ് ഇത്തണവണയും മത്സരത്തിനുള്ളത്.

ബിനുമോള്‍ മലമ്പുഴ ഡിവിഷനിലും സുധാകരന്‍ വാണിയംകുളം ഡിവിഷനിലുമാണ് മത്സരിക്കുന്നത്. സീമ ഇത്തവണയും തെങ്കരയില്‍ തന്നെ മത്സരിക്കുന്നു.

സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ. ചാമുണ്ണി, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം വി.കെ. പ്രകാശ്, ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ പ്രസിഡന്റും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ കെ. പ്രേംകുമാര്‍, മന്ത്രി എ.കെ. ബാലന്റെ മുന്‍ സ്റ്റാഫ് ആര്‍. അഭിലാഷ് എന്നിവര്‍ പട്ടികയിലുണ്ട്. യു.ഡി.എഫില്‍ നിന്ന് വിട്ടുപോന്ന ജോസ് കെ. മാണിയുടെ നേതൃത്തിലുള്ള കേരള കോണ്‍ഗ്രസ്സിന് കാഞ്ഞിരപ്പുഴ സീറ്റു കിട്ടി.

കെ. ബിനുമോള്‍ കഴിഞ്ഞതവണ കൊടുന്തിരപ്പുള്ളിയില്‍നിന്ന് 3,311 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം നേടിയത്. സീമ കൊങ്ങശ്ശേരി തെങ്കരയില്‍നിന്ന് 513 വോട്ടിന്റെ ഭൂരിപക്ഷത്തിലും. പി.കെ. സുധാകരന്‍ ചളവറയില്‍നിന്ന് 384 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്.

എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ വി. ചാമുണ്ണിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 17, 18 തീയതികളിലായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് കണ്‍വീനര്‍ പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ. രാേജന്ദ്രന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പ്രഖ്യാപനവേളയിലുണ്ടായിരുന്നു.

ഇവര്‍ മത്സരരംഗത്ത്

സി.പി.എം.: ശ്രീകൃഷ്ണപുരം-കെ. പ്രേംകുമാര്‍, കോങ്ങാട്-എ. പ്രശാന്ത്, അലനല്ലൂര്‍-പി. രാധ, പറളി-എം.എച്ച്. സഫ്ദര്‍ ഷെരീഫ്, പുതുപ്പരിയാരം-വി.കെ. ജയപ്രകാശ്. പുതുശ്ശേരി-എം. പത്മിനി, കൊടുവായൂര്‍-എം. രാജന്‍, കൊല്ലങ്കോട്-ശാലിനി കറുപ്പേഷ്, പല്ലശ്ശന-വി. രജനി, കിഴക്കഞ്ചേരി-അനിത പോള്‍സണ്‍, തരൂര്‍-സി.കെ. ചാമുണ്ണി, കൊടുന്തിരപ്പുള്ളി-എം. ശ്രീധരന്‍, കോട്ടായി-ആര്‍. അഭിലാഷ്, ലക്കിടി-പ്രീത മോഹന്‍ദാസ്, പെരുമുടിയൂര്‍-എ.എന്‍. നീരജ്, ചാലിശ്ശേരി-അനു വിനോദ്, നാഗലശ്ശേരി-ഷാനിബ, കുലുക്കല്ലൂര്‍-ഷാബിറ, ചളവറ-നസീമ.

സി.പി.ഐ.:. അട്ടപ്പാടി-പി.സി. നീതു, നെന്മാറ-ആര്‍. ചന്ദ്രന്‍, ആലത്തൂര്‍-കെ.വി. ശ്രീധരന്‍, തിരുവേഗപ്പുറ-പി.കെ. ചെല്ലുക്കുട്ടി.

ജെ.ഡി.എസ്.: കൊഴിഞ്ഞാമ്പാറ-മിനിമുരളി, മീനാക്ഷിപുരം-മാധുരി പത്മനാഭന്‍.

എന്‍.സി.പി.:കടമ്പഴിപ്പുറം-പി. മൊയ്തീന്‍കുട്ടി.

കേരള കോണ്‍.(എം.): കാഞ്ഞിരപ്പുഴ- റെജി ജോസ്.