പാലക്കാട്: സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊടുവായൂരില്‍നിന്ന് 12 യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ ഡി.സി.സി. ഓഫീസിലെത്തി പ്രതിഷേധമറിയിച്ചു. ഗ്രാമപ്പഞ്ചായത്തിലെയും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെയും സ്ഥാനാര്‍ഥികളാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ പ്രതിഷേധവുമായെത്തിയത്.

വര്‍ഷങ്ങളായി കോണ്‍ഗ്രസിനുവേണ്ടി വിയര്‍പ്പൊഴുക്കിയവരെ ഒഴിവാക്കി ബ്ലോക്ക് പഞ്ചായത്തിലെ സീറ്റില്‍ സ്ഥാനാര്‍ഥിനിര്‍ണയം നടത്തിയെന്നാരോപിച്ചാണ് സ്ഥാനാര്‍ഥികള്‍ പ്രതിഷേധമുയര്‍ത്തിയത്.

കൊല്ലങ്കോട് ബ്ലോക്ക് എത്തനൂര്‍ ഡിവിഷനില്‍ വി.സി. രവീന്ദ്രന് നല്‍കാത്തതിലും സ്ഥാനാര്‍ഥികള്‍ പ്രതിേഷധിച്ചു. അടിയന്തരനടപടി ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിചിഹ്നമുപേക്ഷിച്ച് സ്വതന്ത്രരായി മത്സരിക്കുമെന്ന് സൂചിപ്പിക്കുന്ന കത്തുമായാണ് സ്ഥാനാര്‍ഥികളെത്തിയത്.

23-ന് നടക്കുന്ന ജില്ലാതല സ്‌ക്രീനിങ് കമ്മിറ്റി പരാതികള്‍ പരിശോധിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചതായി സ്ഥാനാര്‍ഥികള്‍ പറഞ്ഞു.

ഇതിനിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരേ വിമതനായി എത്തനൂര്‍ ബ്ലോക്കില്‍ നാമനിര്‍ദേശപത്രിക നല്‍കിയ കോണ്‍ഗ്രസ് കൊടുവായൂര്‍മണ്ഡലം പ്രസിഡന്റ് വി.സി. രവീന്ദ്രന്റെ പത്രിക സൂഷ്മപരിശോധനയില്‍ അംഗീകരിച്ചതോടെ വാര്‍ഡില്‍ യു.ഡി.എഫിന് കനത്ത വെല്ലുവിളിയാകും.