cpiപാലക്കാട്: കുമരംപുത്തൂരിനും മണ്ണാര്‍ക്കാട് നഗരസഭയ്ക്കും പിന്നാലെ മണ്ണൂരിലും ഇടതുമുന്നണിയിലെ പ്രാദേശികപ്രശ്‌നങ്ങളെത്തുടര്‍ന്ന് സി.പി.ഐ. തനിയെ മത്സരിക്കും. മണ്ണൂര്‍ പഞ്ചായത്തില്‍ 12 സീറ്റിലും പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കാന്‍ മണ്ഡലം കമ്മിറ്റിയുടെ അംഗീകാരമായി. ഇതിന് ജില്ലാ ഘടകത്തിന്റെയും അംഗീകാരമായതായി പ്രവര്‍ത്തകര്‍ പറയുന്നു.

മണ്ണൂര്‍ പഞ്ചായത്തില്‍ 14-ല്‍ 12 സീറ്റിലും സി.പി.ഐ. മത്സരിക്കുന്നുണ്ട്. ഒമ്പത്, പത്ത് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. മണ്ണാര്‍ക്കാട് നഗരസഭയിലും ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

മണ്ണൂരില്‍ സി.ഐ.ടി.യു.വില്‍നിന്ന് പുറത്തുവന്ന ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്ക് എ.ഐ.ടി.യു.സി. അംഗത്വം നല്‍കി യൂണിറ്റ് രൂപവത്കരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പലഘട്ടങ്ങളായി നേതൃത്വമിടപെട്ട് നടത്തിയ ചര്‍ച്ചകളിലും തീരുമാനമാവാത്തതിനെത്തുടര്‍ന്നാണ് തനിയെ മത്സരിക്കാനുള്ള സി.പി.ഐ.യുടെ തീരുമാനം.

തൊട്ടടുത്തുള്ള മങ്കര പഞ്ചായത്തിലും ഇരുകക്ഷികള്‍ക്കുമിടയിലെ ബന്ധം തകര്‍ച്ചയുടെ വക്കിലാണ്. സി.പി.ഐ. മത്സരിക്കുന്ന നാലാംവാര്‍ഡില്‍ ഇതുവരെയും സി.പി.എം. പ്രചാരണത്തില്‍ സഹകരിച്ചില്ലെന്ന പരാതിയാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. മറ്റുവാര്‍ഡുകളില്‍ തങ്ങളും നിസ്സഹകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

പ്രശ്‌നം പ്രാദേശികം

അതേസമയം, പ്രാദേശികമായി മാത്രമാണ് അഭിപ്രായഭിന്നതയെന്നും ബ്ലോക്ക്, ജില്ലാപഞ്ചായത്ത് ഡിവിഷനുകളെ പ്രശ്‌നം ബാധിക്കില്ലെന്നുമാണ് സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. കേരളശ്ശേരി പഞ്ചായത്തിലും രണ്ടുവാര്‍ഡുകളില്‍ തനിയെ മത്സരിക്കാന്‍ സി.പി.െഎ. തീരുമാനിച്ചിട്ടുണ്ട്. 

ഒറ്റപ്പാലത്ത് ആറുസീറ്റില്‍ സി.പി.ഐ.

ഒറ്റപ്പാലം: മുന്നണിതല ചര്‍ച്ചകള്‍ പാളിയതിനെത്തുടര്‍ന്ന് ഒറ്റപ്പാലം നഗരസഭയിലെ ആറുസീറ്റുകളില്‍ സി.പി.െഎ. മത്സരിക്കും. സി.പി.ഐ.യ്ക്കുള്ള രണ്ട് വാര്‍ഡുകളില്‍ ഒന്നില്‍ സി.പി.എം. ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും സി.പി.ഐ.യെ ഒഴിവാക്കി കണ്‍വെന്‍ഷന്‍ നടത്താനുള്ള തീരുമാനത്തിലും പ്രതിഷേധിച്ചാണിത്. പാര്‍ട്ടിക്ക് സ്വാധീനമുള്ള ആറുവാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തും.

സി.പി.ഐ. സ്ഥിരമായി മത്സരിക്കുന്ന ഇത്തവണ വനിതാസംവരണമുള്ള മൈലുംപുറം (5), കോലോത്തുകുന്ന് (8) എന്നീ വാര്‍ഡുകള്‍ക്കൊപ്പം ഈസ്റ്റ് ഒറ്റപ്പാലം (9), കിഴക്കേക്കാട് (11), കണ്ണിയംപുറം തെരുവ് (27), കണ്ണിയംപുറം യു.പി. സ്‌കൂള്‍ (32) എന്നീവാര്‍ഡുകളില്‍കൂടി സി.പി.ഐ. സ്ഥാനാര്‍ഥികളെ നിര്‍ത്തും. വാര്‍ഡ് 24 കുംഭാരംകുന്ന് സി.പി.ഐ.യ്ക്ക് നല്‍കി എട്ടാം വാര്‍ഡ് കോലോത്തുകുന്ന് ഏറ്റെടുക്കാന്‍ സി.പി.എം. ശ്രമിച്ചിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിതുറന്നത്. ഞായറാഴ്ച ഇരുപാര്‍ട്ടികളും വെവ്വേറെ കണ്‍വെന്‍ഷന്‍ നടത്തും.

കുമരംപുത്തൂരില്‍ ചര്‍ച്ച അലസി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ സി.പി.എം.-സി.പി.ഐ. തര്‍ക്കം പരിഹരിക്കാന്‍ വെള്ളിയാഴ്ച നടന്ന നേതൃയോഗം അലസിപ്പിരിഞ്ഞു. സി.പി.ഐ.യെ മാറ്റിനിര്‍ത്തി കുമരംപുത്തൂരിലെ സി.പി.എം. മറ്റുഘടകകക്ഷികളെ ഉള്‍പ്പെടുത്തി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചതോടെയാണ് പഞ്ചായത്തില്‍ ഇരുകൂട്ടരും തമ്മിലുള്ള അകല്‍ച്ച രൂക്ഷമായത്. ഇത് പരിഹരിക്കാനായാണ് വെള്ളിയാഴ്ച യോഗം ചേര്‍ന്നത്.

എന്നാല്‍, നിലവിലെ സ്ഥിതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് സി.പി.എം. ഉറച്ച നിലപാടെടുത്തതോടെയാണ് യോഗം അലസിപ്പിരിഞ്ഞത്. സി.പി.എം. ഏരിയാസെക്രട്ടറി യു.ടി. രാമകൃഷ്ണന്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.