പാലക്കാട്: ചെണ്ടയും ചേങ്ങിലയുമില്ല, ഇടവഴികളിൽ ചങ്ങലക്കിലുക്കവുമായി വന്ന കരിവീരന്മാരില്ല, എഴുന്നള്ളത്തും വെടിക്കെട്ടുമില്ല... നിശ്ശബ്ദമായിരുന്നു പാലക്കാടിന്റെ കഴിഞ്ഞ ഉത്സവകാലം. ഈ നാടിന് ചിന്തിക്കാൻപോലുമാവാത്ത കാലം.

ഇവിടെ ഓരോ ഉത്സവവും ഓർമകളുടെ ആഘോഷമായിരുന്നു. മറുനാടുകളിൽ ജോലിതേടിപ്പോയവർ ഒന്നും രണ്ടും വർഷം കൂടുമ്പോൾ നാട്ടിലേക്കുള്ള വരവ് ഉത്സവക്കാലത്താക്കി. ക്ഷേത്രത്തിലെ എഴുന്നള്ളത്തും ആഘോഷങ്ങളും മാത്രമായിരുന്നില്ല ഉത്സവം. ജീവിതത്തിരക്കിൽ പലേടത്തായിപ്പോയ ബന്ധുക്കൾ ഒത്തുകൂടുന്നു, കളിചിരികൾ, ഓർമ്മകളിൽ പഴമയുടെ ഗന്ധം.

നാവിൽ പഴമയുടെ രുചിക്കൂട്ടുകൾ. വീടിന്റെ തളത്തിലും വരാന്തയിലുമായി നിരനിരയായി കിടന്നുറങ്ങിയെഴുന്നേൽക്കുന്നതിന്റെ ഊർജം, പുഴയിലെയും കുളത്തിലെയും കുളി, ഇതെല്ലാം കഴിയുമ്പോഴേക്കും ഉത്സവപ്പറമ്പിലേക്ക് നീങ്ങാനുള്ള സമയമായി. അത്രമേൽ ഓരോ മനസ്സിലും നിറഞ്ഞ ഉത്സവക്കാലമാണ് കോവിഡ്കാലത്ത് ഇല്ലാതായത്.

ജനാധിപത്യത്തിന്റെ ഉത്സവം

നിരാശയുടെ കാലത്തേക്കാണ് അഞ്ചുവർഷം കൂടുമ്പോൾ ആഘോഷമാക്കാറുള്ള തിരഞ്ഞെടുപ്പ് എത്തുന്നത്. ആശങ്കകളേറെയായിരുന്നു, മാസ്കും സാമൂഹിക അകലവും സാനിറ്റൈസറുമായി ഒരു തിരഞ്ഞെടുപ്പോ.... മൂക്കത്ത് വിരൽ വെക്കേണ്ടിവന്നില്ല. എല്ലാ ചിട്ടവട്ടങ്ങളും പാലിച്ച് ഉത്സവം കൊടിയേറുംപോലെ തിരഞ്ഞെടുപ്പുവിജ്ഞാപനം വന്നു, പത്രികസമർപ്പണം കഴിഞ്ഞു, പ്രചാരണവും കഴിഞ്ഞു.

ഒരിടത്തും അപസ്വരങ്ങളുണ്ടായില്ല. കോവിഡിനെ വരുതിയിൽ നിറുത്തിക്കൊണ്ടുതന്നെ തിരഞ്ഞെടുപ്പും ഉത്സവമാക്കാമെന്ന് പാലക്കാട് തെളിയിക്കുകയാണ്. വ്യാഴാഴ്ച ഉത്സവദിനമാണ്. പത്തുമാസത്തിനുശേഷം നാട്ടിടവഴികളെ വോട്ടർമാർ ശബ്ദമുഖരിതമാക്കുന്നു. പുതുവസ്ത്രങ്ങൾക്കുപകരം മുഖാവരണമണിഞ്ഞ് അവർ പുറത്തിറങ്ങുകയായി.

എല്ലാ ഘോഷയാത്രകളും സാമൂഹിക അകലം പാലിച്ചാവും. അവയെല്ലാമെത്തുക പത്തുമാസമായി കാൽപ്പെരുമാറ്റമില്ലാതെ കിടക്കുന്ന സ്കൂൾ മുറ്റത്തേക്കാവും.

കുട്ടികളില്ലെങ്കിലും ഒരുകാലത്ത് സ്കൂളിന്റെ പ്രിയപ്പെട്ട കുട്ടികളായിരുന്നവർ ഒരിടനേരം പഴയ ഓർമയിൽ ഫസ്റ്റ് ബെല്ലിന് കാതോർക്കും. പിന്നെ സാമൂഹികാകലം പാലിച്ച് കാത്തുനിൽപ്പ്. മുഖാവരണം മാറ്റാതെ ബൂത്തിനകത്തെത്തി വോട്ടുചെയ്ത് തിരിച്ചിറങ്ങും. പിന്നെ ചെറിയൊരു കാത്തിരിപ്പാണ് എഴുന്നള്ളത്ത് തുടങ്ങിക്കഴിഞ്ഞാൽ പൂരപ്പറമ്പിൽ വെടിക്കെട്ടിന് കാത്തിരിക്കുംപോലെ ഉദ്വേഗത്തോടെ. ഫലപ്രഖ്യാപനത്തിന്.

ഗംഭീരമാവട്ടെ ആഘോഷം

ഉത്സവം ഗംഭീരമാവുന്നത് അതിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൂടുമ്പോഴാണ്. കൂടാൻ ഇമ്പമുള്ളത് കുടുംബമാവുന്നതുപോലെ, കുടുംബങ്ങൾ കൂടുമ്പോഴാണ് ഉത്സവമാവുന്നത്. കഴിഞ്ഞ പത്തുമാസമായി വീട്ടിനുപുറത്തിറങ്ങാത്തവർ പോലും ഈ ഉത്സവനാളിൽ വോട്ടിനായി ഇറങ്ങുകയാണ്. ജാഗ്രതപാലിച്ചുള്ള ആഘോഷത്തിനായി... അല്ലെങ്കിലും പാലക്കാട്ടിന് ഉത്സവമില്ലാതെന്ത് ജീവിതം....