പാലക്കാട്: വോട്ടെടുപ്പ് ഉത്സവം കഴിഞ്ഞതോടെ രാഷ്ട്രീയപാർട്ടിക്കാരെല്ലാം വോട്ടെണ്ണലിനുള്ള കാത്തിരിപ്പിലാണ്. അതിന് ഇനി അഞ്ചുദിവസം ബാക്കിയുണ്ട്. എന്നാൽ തിരഞ്ഞെടുപ്പുവിജ്ഞാപനം വന്നതുമുതൽ രാപകലില്ലാതെ ജോലിചെയ്യുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇപ്പോഴും തിരക്കുകളൊഴിഞ്ഞിട്ടില്ല. വോട്ടെടുപ്പുപോലെതന്നെ വോട്ടെണ്ണലും കാര്യമായ പ്രശ്‌നങ്ങൾ ഇല്ലാതെ നടത്താനുള്ള തിരക്കുകളിലാണിവർ...

ജനാധിപത്യവിജയം

:ജില്ലയുടെ ഭരണസിരാകേന്ദ്രമായ സിവിൽസറ്റേഷനിലെ തിരഞ്ഞെടുപ്പുവിഭാഗം ഓഫീസിനുമുന്നിൽ പേപ്പർ കെട്ടുകൾ മലപോലെ കിടപ്പുണ്ട്. തിരഞ്ഞെടുപ്പിന് എത്തിച്ച നാമനിർദേശപത്രികകളും ഫോമുകളുമാണ് എല്ലാം. ഇത്രയുംദിവസത്തെ പോലെ രാഷ്ട്രീയക്കാരുടെ തിരക്കൊന്നും ഓഫീസിനുമുന്നിലില്ല. അകത്ത് ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസും സഹപ്രവർത്തകരും തലേന്നുനടന്ന വോട്ടെടുപ്പ് വിലയിരുത്തുകയായിരുന്നു.

തിരഞ്ഞെടുപ്പുവിജ്ഞാപനംമുതൽ പത്തനംതിട്ട സ്വദേശിയായ ഗോപകുമാറായിരുന്നു ജില്ലയുടെ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെങ്കിലും, കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അവധിയിൽപ്പോയി. ഇതോടെയാണ് തൊടുപുഴസ്വദേശിയും ദേശീയപാത ലാൻഡ് അക്വിസേഷൻ തഹസിൽദാറുമായ അബ്ബാസ് ഡിസംബർ ഒന്നിന് ചുമതലയേറ്റത്. വോട്ടെടുപ്പിന് വെറും പത്തുദിവസംമാത്രം ശേഷിക്കേ, ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ കാര്യമായ പരിശീലനംപോലും ലഭിച്ചിരുന്നില്ല.

എങ്കിലും വലിയ പ്രശ്‌നങ്ങൾ കൂടാതെ വോട്ടെടുപ്പ് നടത്താനായതിന്റെ ആത്മവിശ്വാസം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പോളിങ്ങിനെക്കുറിച്ച് സംസാരിച്ചുതുടങ്ങി. ‘ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വോട്ടെടുപ്പാണ് വ്യാഴാഴ്ച കഴിഞ്ഞത്. കോവിഡ് ആശങ്കകൾക്കിടയിലും ജനങ്ങൾ ബൂത്തുകളിലേക്ക് പ്രവഹിച്ചു. ഇത് ജനാധിപത്യത്തിന്റെ വലിയ വിജയമാണ്. പ്രശ്നങ്ങൾ ഇല്ലാതെ പോളിങ് നടത്താൻ എല്ലാവരും സഹകരിച്ചു. പാലക്കാട് നഗരസഭയിലും എലപ്പുള്ളി പഞ്ചയത്തിലുമുണ്ടായ മെഷീൻ തകരാർ ഒഴിച്ചാൽ മറ്റിടങ്ങളിലൊന്നും പ്രശ്‌നങ്ങളുണ്ടായില്ല. ലളിതമായരീതിയിലും പ്രചാരണം നടത്താമെന്ന് രാഷ്ട്രീയക്കാരും മനസ്സിലാക്കിയ തിരഞ്ഞെടുപ്പാണിത്. ഉദ്യോഗസ്ഥരുടെ പങ്കും വളരെവലുതാണ്.'- വി.ഇ. അബ്ബാസ് പറഞ്ഞു.

നടത്തിപ്പുകാരായത് 21,000 പേർ

:വോട്ടെടുപ്പ് ഉത്സവ നടത്തിപ്പുകാരായി 21,000 പേരാണ് രംഗത്തിറങ്ങിയത്. 3,000 പ്രിസൈഡിങ് ഓഫീസർമാർ, 9,000 പോളിങ് ഓഫീസർമാർ, 3,000 പോളിങ് അസിസ്റ്റന്റുമാർ, 3,000 റിസർവ് ഉദ്യോഗസ്ഥർ എന്നിവർ വോട്ടെടുപ്പുദിനത്തിൽ ബൂത്തുകളിൽ ജോലിക്കെത്തി. പോലീസുകാരടക്കം 3,000 സുരക്ഷാ ഉദ്യോഗസ്ഥരും ബൂത്തുകളിലുണ്ടായിരുന്നു. വിവിധ വകുപ്പുകളിൽനിന്നായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് വോട്ടെടുപ്പുദിവസവും തലേന്നും തിരക്കോടുതിരക്കായിരുന്നു. പലർക്കും ശരിക്കുമൊന്ന് ഉറങ്ങാൻപോലും കഴിഞ്ഞിട്ടില്ല. കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ആരോഗ്യപ്രവർത്തകർക്ക് കാര്യമായി ഡ്യൂട്ടി നൽകിയിരുന്നില്ല. ദിവസങ്ങൾക്കുമുമ്പ് പരിശീലനംലഭിച്ച സാധാരണ ഉദ്യോഗസ്ഥർ തന്നെയായിരുന്നു കോവിഡിനെ തോൽപ്പിച്ച് വോട്ടെടുപ്പുനടത്താൻ മുൻനിരയിലുണ്ടായത്.

വോട്ടെണ്ണിയാലും തിരക്കൊഴിയില്ല

:വ്യാഴാഴ്ച വോട്ടെടുപ്പ് കഴിഞ്ഞതോടെ വോട്ടിങ് മെഷീൻ ഉൾപ്പെടെ എല്ലാ സാമഗ്രികളും സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റി. പഞ്ചായത്തുകളുടേത് അതത് ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭയുടേത് അതത് നഗരസഭകളിലും തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്. എല്ലാ സ്‌ട്രോങ് മുറികൾക്ക് മുന്നിലും ഒരു സി.ഐ.യും 20 പോലീസുകാരും ഉൾപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കാവലുണ്ട്. വോട്ടിങ് മെഷീൻ സുരക്ഷിതമാണെങ്കിലും, വോട്ടെണ്ണുന്നതിനുമുമ്പ് കൗണ്ടിങ് ഹാൾ സജ്ജീകരിക്കണം. ഓരോ കേന്ദ്രത്തിലും വോട്ടെണ്ണുന്ന ഒരു കൗണ്ടിങ് സൂപ്പർവൈസർക്കും 20 കൗണ്ടിങ് അസിസ്റ്റന്റുമാർക്കും പരിശീലനം നൽകണം. ഇത് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കും. ഇതുകൂടാതെ, ചെലവ് കണക്കാക്കലും നടത്തണം. നിലവിൽ അഞ്ച് ചിലവ് നിരീക്ഷകരുടെ മേൽനോട്ടത്തിൽ പ്രാഥമിക കണക്കെടുപ്പ് നടന്നിട്ടുണ്ട്. ഫലംവന്ന് ഒരുമാസത്തിനകം സ്ഥാനാർഥികൾ പ്രചരണത്തിന് ചിലവാക്കിയ തുകയും കണക്കാക്കണം.